ചെന്നൈ: തമിഴ്‌നാട്ടില്‍ അംബേദ്ക്കര്‍ പ്രതിമ തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധവുമായി നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കമല്‍ഹാസന്‍. ഇത്തരം സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് കമല്‍ഹാസന്‍ ആവശ്യപ്പെട്ടു.
വേദാരണ്യത്തില്‍ അംബേദ്ക്കര്‍ പ്രതിമ തകര്‍ത്തതിന്റെ ഉത്തരവാദി ഭിന്നിപ്പിച്ച് ഭരിക്കാന്‍ ആഗ്രഹിക്കുന്നവരാണെന്നും കമല്‍ഹാസന്‍ പറഞ്ഞു.
‘ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ സാമൂഹിക പുരോഗതിയിലേക്ക് നയിക്കുന്നില്ല. സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കേണ്ടത് അനിവാര്യമാണ്. മെച്ചപ്പെട്ട സാമൂഹിക സാഹചര്യത്തിനായി ജനങ്ങള്‍ ഇതിനെതിരെ പ്രതികരിക്കണമെന്നും’ കമല്‍ഹാസന്‍ വ്യക്തമാക്കി.
ഞായറാഴ്ച്ചയായിരുന്നു തമിഴ്‌നാട്ടിലെ വേദാരണ്യത്തില്‍ അംബേദ്ക്കര്‍ പ്രതിമ തകര്‍ത്തത്. വ്യത്യസ്ത സംഘത്തിലെ പേര്‍ തമ്മിലുള്ള വഴക്കാണ് സംഭവത്തിലേക്ക് നയിച്ചത്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ എത്തിയ പൊലീസിന് നേര്‍ക്കും കല്ലേറുണ്ടായി. രണ്ട് വാഹനങ്ങള്‍ കത്തി നശിച്ചു. എന്നാല്‍ ഇരുവരും തമ്മിലുള്ള സംഘര്‍ത്തിന്റെ കാരണം വ്യക്തമല്ല.