ചെന്നൈ: തമിഴ്‌നാട്ടിലെ കുംഭകോണത്ത് കാവി ഷര്‍ട്ടിട്ട് നെറ്റിയില്‍ ഭസ്മം പൂശി കുങ്കുമ പൊട്ടിട്ട നിലയിലുള്ള ഭരണഘടനാ ശില്‍പ്പി ബി.ആര്‍ അംബേദ്കറുടെ പോസ്റ്ററുകള്‍ പതിക്കപ്പെട്ട കേസില്‍ ഹിന്ദു മക്കള്‍ കക്ഷി പ്രവര്‍ത്തകന്‍ അറസ്റ്റില്‍.
സംഘടനയുടെ യുവജനവിഭാഗം സംസ്ഥാന സെക്രട്ടറി ഗുരുമൂര്‍ത്തി(34)യാണ് അറസ്റ്റിലായത്. അംബേദ്കറുടെ 67ാമത് ചരമ വാര്‍ഷിക ദിനവുമായി ബന്ധപ്പെട്ട് കുംഭകോണം നഗരത്തില്‍ വ്യാപകമായി വാള്‍പോസ്റ്ററുകള്‍ പതിച്ചത് വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.
പോസ്റ്ററില്‍ ‘ആധുനിക ഇന്ത്യയുടെ അടിത്തറ പാകിയ തീവ്ര ദേശീയ വാദിയും സാമൂഹിക പരിഷ്‌കര്‍ത്താവും,’ എന്ന് വാഴ്ത്തുകയും ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ദളിത് സംഘടനയായ വിടുതലൈ ശിറുതൈകള്‍ കക്ഷി പ്രവര്‍ത്തകര്‍ റോഡ് തടയല്‍ സമരവും നടത്തിയിരുന്നു.
പ്രതിഷേധക്കാര്‍ പോസ്റ്ററുകള്‍ കീറി നശിപ്പിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് ഇരുകൂട്ടരും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകാതിരിക്കാന്‍ പൊലീസ് സ്ഥലത്തെത്തി വിവാദ പോസ്റ്റര്‍ നീക്കം ചെയ്യുകയായിരുന്നു.
അംബേദ്കറെ അപമാനിക്കുന്ന പോസ്റ്ററുകള്‍ പതിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് വിടുതലൈ ശിറുതൈകള്‍ കക്ഷി അധ്യക്ഷന്‍ തോള്‍ തിരുമാളവനും സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
പോസ്റ്ററില്‍ അംബേദ്കറിനൊപ്പം ഹിന്ദു മക്കള്‍ കക്ഷി പ്രസിഡന്റ് അര്‍ജുന്‍ സമ്പത്തിന്റെ ചിത്രവും ഉണ്ടായിരുന്നു. അംബേദ്കറെ ഹിന്ദുവായി ചിത്രീകരിക്കുന്ന പോസ്റ്ററുകളില്‍ തെറ്റൊന്നുമില്ലെന്ന് അര്‍ജുന്‍ സമ്പത്ത് പറഞ്ഞു.
‘അംബേദ്കര്‍ ഒരു ദേശീയ നേതാവാണ്. അദ്ദേഹത്തെ ആരാധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ഹിന്ദു സംഘടനകള്‍ അദ്ദേഹത്തിന്റെ ജന്മദിനമോ ചരമവാര്‍ഷികമോ ആചരിക്കുമ്പോഴെല്ലാം ചില സംഘടനകള്‍ സനാതന ധര്‍മത്തെ വിമര്‍ശിക്കുന്നു. അംബേദ്കറുടെ പേരില്‍ ജാതി രാഷ്ട്രീയം നടത്തുന്ന ഇക്കൂട്ടരുടെ മുഖം മൂടികള്‍ കീറിയെറിയേണ്ടതുണ്ട്,’ അര്‍ജുന്‍ സമ്പത്ത് പറഞ്ഞു.
അതിനിടെ മദ്രാസ് ഹൈക്കോടതിയിലെത്തിയ അര്‍ജുന്‍ സമ്പത്തിനെതിരെ അഭിഭാഷകര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത് സംഘര്‍ഷത്തിനിടയാക്കി.