| Tuesday, 9th January 2024, 4:41 pm

നിരക്ഷര സമൂഹമാണ് അധികാരികളുടെ വോട്ടുബാങ്ക്; 12th ഫെയില്‍ പറയുന്ന അംബേദ്ക്കര്‍ രാഷ്ട്രീയം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിധു വിനോദ് ചോപ്രയുടെ സംവിധാനത്തില്‍ 2023ല്‍ റിലീസ് ചെയ്ത ചിത്രമാണ് 12th ഫെയില്‍. ചമ്പല്‍ എന്ന കുഗ്രാമത്തില്‍ നിന്ന് കഠിനാധ്വാനത്തിലൂടെ സിവില്‍ സര്‍വീസ് പരീക്ഷ പാസായ മനോജ് കുമാര്‍ ഐ.പി.എസ് എന്ന വ്യക്തിയുടെ ജീവിതകഥ ആസ്പദമാക്കി ചെയ്ത ചിത്രം പോയ വര്‍ഷത്തെ മികച്ച സിനിമകളില്‍ ഒന്നാണ്. തോല്‍വികളില്‍ പതറാതെ ലക്ഷ്യത്തിന് വേണ്ടി പരിശ്രമിക്കുന്നവര്‍ക്ക് പ്രചോദനമാണ് ഈ സിനിമ. മനോജ് കുമാറായെത്തിയ വിക്രാന്ത് മാസെയുടെ പ്രകടനം പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരുപോലെ നേടിയിരുന്നു.

യു.പി.എസ്.സി പരീക്ഷ പാസാവുക എന്ന ലക്ഷ്യവുമായി ചമ്പലില്‍ നിന്ന് ദല്‍ഹിയിലെത്തുന്ന മനോജ് കുമാറിന്റെ കഠിന പരിശ്രമങ്ങളാണ് സിനിമയില്‍ കാണിക്കുന്നത്. ചിത്രത്തിലെ ഇന്റര്‍വ്യൂ സീന്‍ കേവലം ഒരു ഇന്‍സ്പിറേഷന്‍ എന്നതിനെക്കാള്‍ ശക്തമായ രാഷ്ട്രീയ പ്രസ്താവന കൂടെ മുന്നോട്ടു വെക്കുന്നുണ്ട്.
12ാം ക്ലാസ് പരീക്ഷ ആദ്യവട്ടം എഴുതിയപ്പോള്‍ തോറ്റതിന്റെ കാരണം എന്തെന്ന് ചോദിക്കുമ്പോള്‍ ആ വര്‍ഷം പുതുതായി വന്ന എസ്.പി സ്‌കൂളില്‍ ഇന്‍സ്‌പെക്ഷന്‍ നടത്തുകയും കുട്ടികളെ കോപ്പിയടിക്കാന്‍ ടീച്ചര്‍മാര്‍ അനുവദിക്കുന്നത് തടയുകയും ചെയ്തതുകൊണ്ടാണ് തോറ്റത് എന്നായിരുന്നു മനോജിന്റെ മറുപടി. ‘അടുത്ത വര്‍ഷം പഠിച്ച് തന്നെയാണ് ഞാന്‍ ജയിച്ചത്. അതുകൊണ്ടാണ് തേര്‍ഡ് ഡിവിഷനില്‍ ജയിക്കേണ്ടി വന്നത്. എന്നാല്‍ അന്ന് എനിക്ക് മനസിലായി, കോപ്പിയടിച്ച് ഫസ്റ്റ് ക്ലാസില്‍ ജയിക്കുന്നതിനെക്കാള്‍ സംതൃപ്തിയും സന്തോഷവും കഷ്ടപ്പെട്ട് പഠിച്ചു കിട്ടുന്ന തേര്‍ഡ് ക്ലാസിനുണ്ടെന്ന്. ടീച്ചര്‍മാര്‍ കോപ്പിയടിക്കാന്‍ സഹായിക്കുന്നത് പണ്ടുമുതല്‍ക്കേയുള്ള വ്യവസ്ഥയാണെന്നായിരുന്നു പ്രിന്‍സിപ്പാളിന്റെ വാദം. ഈ വ്യവസ്ഥ ഒരിക്കലും അവസാനിക്കാന്‍ പോകുന്നില്ല, കാരണം ആരും ഇത് മാറ്റാന്‍ ആഗ്രഹിക്കുന്നില്ല. അധികാരം കൈയിലുള്ളവര്‍ അതിനെ കളയാനാഗ്രഹിക്കുന്നില്ല. പാവപ്പെട്ടവര്‍ എന്നും നിരക്ഷരരായിത്തന്നെ ഇരിക്കണം, എങ്കില്‍ മാത്രമേ അവര്‍ നേതാക്കളുടെ പിന്നാലെ നടക്കുകയുള്ളൂ. ഈ നിരക്ഷര സമൂഹമാണ് അധികാരികളുടെ വോട്ടുബാങ്ക്. അവരോട് ജാതിയുടെയും മതത്തിന്റെയും പേര് പറഞ്ഞ് വോട്ട് നേടണമെങ്കില്‍ അവര്‍ നിരക്ഷരരായി തന്നെ കഴിയണം.

അതുകൊണ്ടാണ് 1942ല്‍ അംബേദ്കര്‍ പറഞ്ഞത് എജ്യുക്കേറ്റ്, അജിറ്റേറ്റ്, ഓര്‍ഗനൈസ്. പ്രജകള്‍ വിദ്യാഭ്യാസമുള്ളവരായി മാറിയാല്‍ നേതാക്കള്‍ക്ക് അതൊരു പ്രശ്‌നമാകും’ മനോജ് കുമാര്‍ എന്ന കഥാപാത്രം സിനിമയില്‍ പറയുന്ന ഏറ്റവും മികച്ച ഡയലോഗുകളിലൊന്നാണ് ഇത്.

കഴിഞ്ഞ കുറച്ചു കാലങ്ങളായി മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ മാത്രമേ അംബേദ്കറിന്റെ ചിന്തകളെയും അദ്ദേഹം മുന്നോട്ടുവെച്ച രാഷ്ട്രീയത്തെയെപ്പറ്റിയും ചര്‍ച്ച ചെയ്തിരുന്നുള്ളൂ. എന്നാല്‍ ഒരു ബോളിവുഡ് സിനിമയില്‍ അംബേദ്കറുടെ വാക്കുകള്‍ പറയുന്നത് അപൂര്‍വമാണ്.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്ന് അംബേദ്കറിനെയും അദ്ദേഹത്തിന്റെ ചിന്തകളെയും അവഗണിക്കുന്ന, ഇപ്പോഴത്തെ വ്യവസ്ഥിതിയില്‍ 12th ഫെയിലിലെ ഈ ഡയലോഗുകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. മതത്തിന്റെയും ജാതിയുടെയും ദൈവങ്ങളുടെയും പേര് പറഞ്ഞു മാത്രം ഭരണം നിലനിര്‍ത്തുന്ന ഗവണ്മെന്റുള്ള ഈ നാട്ടില്‍ മതം, ജാതി, ദൈവങ്ങള്‍ എന്നിവയെക്കാള്‍ വിദ്യാഭ്യാസത്തിന് പ്രധാന്യം വേണമെന്ന് പറയുകയാണ് സംവിധായകന്‍.

അധികാരം കൈയിലുള്ളവര്‍ സാധാരണക്കാരന് നേരെ നടത്തുന്ന അനീതികളും സിനിമയില്‍ പലയിടത്തായി സംവിധായകന്‍ വരച്ചുകാട്ടുന്നുണ്ട്. ഇതിനെയെല്ലാം മാറ്റണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് നായകന്‍ മനോജ് കുമാര്‍. ഒരുപാട് സിനിമകളില്‍ ഇതേ കഥ നമ്മള്‍ കണ്ടിട്ടുണ്ടെങ്കിലും 12th ഫെയിലിനെ വ്യത്യസ്തമാക്കുന്നത് റിയലിസ്റ്റിക്കായ അവതരണവും അഭിനേതാക്കളുടെ പ്രകടനവുമാണ്. വിക്രാന്ത് മാസേയെക്കൂടാതെ മേധാ ശങ്കര്‍, അന്‍ഷുമാന്‍ പുഷ്‌കര്‍, ആനന്ദ് വി ജോഷി എന്നിവരാണ് മറ്റ് താരങ്ങള്‍.

40 വര്‍ഷത്തിലധികമായി സിനിമയില്‍ പ്രവര്‍ത്തിക്കുന്ന പത്തോളം സിനിമകള്‍ സംവിധാനം ചെയ്ത വിധു വിനോദ് ചോപ്ര എന്ന സംവിധായകന്റെ കരിയറിലെ ആദ്യ കൊമേഴ്‌സ്യല്‍ ഹിറ്റ് കൂടിയാണ് 12th ഫെയില്‍. പോയ വര്‍ഷം ഐ.എം.ഡി.ബി യില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെട്ട ഇന്ത്യന്‍ സിനിമയും 12th ഫെയില്‍ തന്നെ. ചിത്രം ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറില്‍ ലഭ്യമാണ്.

Content Highlight: Ambedkar Politics in 12th Fail movie

We use cookies to give you the best possible experience. Learn more