| Friday, 30th March 2018, 12:40 am

വോട്ട് കിട്ടാന്‍ വേണ്ടി ബി.ജെ.പിക്കാര്‍ അംബേദ്ക്കറെ രാമഭക്തനാക്കും; പേരുമാറ്റത്തിനെതിരെ ആഞ്ഞടിച്ച് ചെറുമക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്നൗ: ഭരണഘടനാ ശില്‍പ്പിയായ ഡോ.ബിആര്‍ അംബേദ്കറിന്റെ പേര് ഔദ്യോഗിക രേഖകളില്‍ മാറ്റിയെഴുതിയ ഉത്തര്‍പ്രദേശിലെ ബി.ജെ.പി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ അംബേദ്കറുടെ ചെറുമക്കള്‍ രംഗത്ത്. യു.പി സര്‍ക്കാരിന്റെ നീക്കം വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യമിട്ടാണെന്നും തിരഞ്ഞെടുപ്പിനോട് അടുക്കുമ്പോള്‍ അംബേദ്കര്‍ രാമ ഭക്തനാണെന്ന് അവര്‍ വോട്ടര്‍മാരോട് പറഞ്ഞേക്കാമെന്നും പ്രകാശ് അംബേദ്കറും ആനന്ദ് അംബേദ്കറും വ്യക്തമാക്കി.

ഭീംറാവു അംബേദ്കര്‍ എന്ന പേര് ഭീംറാവു റാംജി അംബേദ്കര്‍ എന്ന് മാറ്റിയാണ് കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. പഴയതും പുതിയതുമായ എല്ലാ സര്‍ക്കാര്‍ രേഖകളിലും ഇതേ രീതി പിന്തുടരണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ ആവശ്യപ്പെട്ടു.


Read Also : കര്‍ണാടക തെരഞ്ഞെടുപ്പ്; മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ നിന്നും മത്സരിക്കും


ഭരണഘടനയില്‍ അദ്ദേഹം ഒപ്പ് വച്ചിരിക്കുന്നത് ഭീംറാവു റാംജി അംബേദ്കര്‍ എന്നാണെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നീക്കം. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ റാം നായിക്കിന്റെ നിരന്തര പരിശ്രമത്തിന്റെ ഫലമായാണ് പേര് മാറ്റമെന്നാണ് റിപ്പോര്‍ട്ട്. അംബേദ്കറുടെ പേരില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കത്തയച്ചിരുന്നു. റാംജി എന്നത് അംബേദ്കറുടെ അച്ഛന്റെ പേരാണ്. മഹാരാഷ്ട്രയിലെ രീതിയനുസരിച്ച് അച്ഛന്റെ പേര് കൂടി ചേര്‍ത്താണ് ആണ്‍മക്കള്‍ക്ക് പേരിടുക. ഹിന്ദി ഭാഷയില്‍ അംബേദ്കറുടെ പേര് എഴുതുന്ന രീതി മാറ്റണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു.

അതേസമയം സംസ്ഥാനത്തെ ദളിത് പ്രതിഷേധത്തെ അനുനയിപ്പിക്കാന്‍ നീചമായ രാഷ്ട്രീയമാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന വിമര്‍ശനവുമായി സമാജ്വാദി പാര്‍ട്ടി രംഗത്തെത്തയിരുന്നു. ദളിത് ബിംബത്തെ തൊട്ടാണ് ബി.ജെ.പി രാഷ്ട്രീയം കളിക്കുന്നതെന്ന് ഓര്‍ക്കണമെന്നാണ് സമാജ്വാദി പാര്‍ട്ടി നേതാവ് അനുരാഗ് ബധോരിയ പറഞ്ഞത്. സമാജ്വാദി പാര്‍ട്ടി സഖ്യത്തിന്റെ രൂപീകരണത്തില്‍ ബി,ജെ.പി സര്‍ക്കാര്‍ പരിഭ്രാന്തരാണെന്നും തോല്‍വി മനസിലാകുമ്പോള്‍ ഇത്തരത്തിലുള്ള പുതിയ വിവാദങ്ങളും കൊണ്ട്വരുന്നത് ബി.ജെ.പിയുടെ ശീലമാണെന്നും സമാജ്വാദി നേതാവ് സുനില്‍ സാജനും ആരോപിച്ചു.

എന്നാല്‍ സംഭവത്തില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടതില്ലെന്നാണ് ബിജെപിയുടെ വാദം. പ്രിന്‍സിപ്പല്‍ സെക്രട്ടറി ജിതേന്ദ്ര കുമാറിന്റെ റിപ്പോര്‍ട്ടില്‍ അപാകതകളൊന്നുമില്ല. അദ്ദേഹത്തിന്റെ പേര് ശരിയായി എഴുതാന്‍ മാത്രമാണ് ശ്രമിക്കുന്നതെന്നാണ് ബി.ജെ.പി മന്ത്രി സിദ്ധാര്‍ത്ഥി നാഥ് സിംഗ് പറഞ്ഞു.

We use cookies to give you the best possible experience. Learn more