അച്ഛന്റെ ജോലി സ്ഥലത്തേക്ക് എത്തുന്ന വിവരം കത്തില്‍ എഴുതി അറിയിച്ച ശേഷമാണ് കുഞ്ഞു ഭീംറാവു അംബേദ്കറും ചേട്ടനും തീവണ്ടിയില്‍ പുറപ്പെട്ടത്. അവരുടെ എല്ലാ പ്രതീക്ഷകളെയും തെറ്റിച്ച്, ആ സ്റ്റേഷനില്‍ സ്വീകരിക്കാന്‍ ആരും ഉണ്ടായിരുന്നില്ല.
കത്ത് സമയത്ത് ലഭിക്കാത്തതിനാല്‍ മക്കള്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന വിവരം അച്ഛന്‍ അറിഞ്ഞതുമില്ല. ജോലിത്തിരക്ക് മൂലം വൈകുമെങ്കിലും ഒടുവിലെത്തി, താമസസ്ഥലത്തേക്ക് കൂട്ടികൊണ്ടുപോകുമെന്നും കരുതി ആ സ്റ്റേഷനില്‍ തന്നെ അവര്‍ ഇരുന്നു. ഉച്ചയായി, വൈകുന്നേരം ആയി.
അവധിക്കാലം പുതിയ സ്ഥലത്ത് ചെലവിടാന്‍ എത്തിയ ആഹ്ലാദം സങ്കടത്തിലേക്ക് മുതലകൂപ്പ് കുത്തി. കുട്ടികള്‍ മണിക്കൂറുകളായി തളര്‍ന്നു ഇരിക്കുന്നത് കണ്ട് കാരുണ്യവാനായ സ്റ്റേഷന്‍ മാസ്റ്റര്‍ വിവരം അന്വേഷിച്ചറിഞ്ഞു. നല്ല വസ്ത്രം ധരിച്ചു ഇരിക്കുന്ന കുട്ടികളോട് സഹതാപം തോന്നി.
സഹായിക്കുന്നതിനു തൊട്ടുമുന്‍പാണ് കുട്ടികള്‍ മഹര്‍ ജാതിയില്‍ ആണെന്ന് അറിഞ്ഞത്. കാരുണ്യം ആവിയായി പോയി. ജാതി അറിയാതെ സഹായിക്കാന്‍ ശ്രമിച്ചല്ലോ എന്ന കുറ്റബോധത്തോടെ അദ്ദേഹം ഓഫീസിലേക്ക് മടങ്ങി. അച്ഛന്റെ വിലാസവും കുറച്ചു പണവും കൈവശം ഉള്ളതിനാല്‍ കാളവണ്ടിയില്‍ കയറി അങ്ങോട്ട് പോകാം എന്ന് രണ്ട് പേരും തീരുമാനിച്ചു.
കാളവണ്ടിക്കാര്‍ മഹറുകളെ വണ്ടിയില്‍ കയറ്റില്ല എന്ന സത്യം തിരിച്ചറിഞ്ഞത് കുറേപ്പേരോട് അന്വേഷിച്ചു കുഴഞ്ഞപ്പോള്‍ ആയിരുന്നു. ഒടുവില്‍ ഇരട്ടി പണം നല്‍കാം എന്നേറ്റപ്പോള്‍ ഒരു വ്യവസ്ഥയോടെ ഒരു വണ്ടിക്കാരന്‍ തയ്യാറായി. അയാള്‍ ഓടിക്കുന്ന വണ്ടിക്കുള്ളില്‍ ഇരിക്കാന്‍ പറ്റില്ല. വണ്ടി ചേട്ടന്‍ ഓടിക്കണം. അങ്ങനെ അംബേദ്കര്‍ ജീവിതത്തില്‍ തീഷ്ണമായ ജാതി അവഗണന നേരിട്ടത് അന്നായിരുന്നു.
സമത്വത്തിന്റെ ശുദ്ധവായു ശ്വസിച്ചത് ഇന്ത്യയ്ക്ക് പുറത്ത് പഠിക്കാന്‍ പോയപ്പോള്‍ മാത്രമായിരുന്നു. സ്‌കൂളില്‍ ഇരിക്കാന്‍ ചാക്ക് വീട്ടില്‍ നിന്നും കൊണ്ടുവന്നു. പൊതു ടാപ്പില്‍ നിന്നും വെള്ളം കുടിക്കാന്‍ പോലും കഴിയാതിരുന്ന അവസ്ഥ. ജാതി ഹിന്ദുക്കളുടെ ക്രൂരപീഡനം ഏറ്റുവാങ്ങിയ ജനകോടികളില്‍ ഒരാളായ അദ്ദേഹത്തിന്റെ ജീവിതം മുഴുവന്‍ പോരാട്ടമായിരുന്നു.
നായാടി മുതല്‍ നമ്പൂതിരി വരെ എന്ന കൂട്ടായ്മ കീഴ്‌പ്പെടുത്തലിന്റെ മറ്റൊരു രൂപമാണ്. ബ്രാഹ്‌മിന്‍സ് ഒണ്‍ലി ഫ്‌ലാറ്റുകളുടെ പരസ്യം വിളിച്ചു പറയുന്നത് ഈ അയിത്തം തന്നെയാണ്. എന്റെ ജന്മം ഒരു തെറ്റ് ആണെന്ന് രോഹിത് വെമുലയെകൊണ്ടു എഴുതിപ്പിച്ചത് ഈ നശിച്ച ജാതി വ്യവസ്ഥയാണ്.
അവസാന ശ്വാസം വരെ നിസ്വരായ ജനതയ്ക്ക് വേണ്ടി ശബ്ദിച്ച വലിയ മനുഷ്യന്റെ ജന്മദിനം ആണിന്ന്. മനുഷ്യര്‍ക്ക് സമത്വവും സഹോദര്യവും എന്നാശയങ്ങള്‍ ഭരണഘടനയില്‍ സന്നിവേശിപ്പിച്ച വലിയ മനുഷ്യന്റെ ജന്മദിനത്തില്‍ സുപ്രീംകോടതിയുടെ കലണ്ടറില്‍ ചുവപ്പ് അക്കം അല്ല.
അംബേദ്ക്കറൈറ്റുകളായ കുറച്ചു അഭിഭാഷകര്‍ നിവേദനം നല്‍കിയതോടെയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അവധി പ്രഖ്യാപിച്ചത്.
ഇന്ന് എവിടെ ആണ് ജാതി, വിവേചനം എന്നൊക്കെ ചോദിക്കുന്ന യൂട്യൂബ് ഡോക്ടര്‍മാരേ, നിങ്ങളുടെ അടുത്ത കവലയിലേക്ക് പോകൂ. ദളിതര്‍ ഉടമസ്ഥരായ അഞ്ച് കടകള്‍ എങ്കിലും ഉണ്ടോ എന്ന് നോക്കൂ (അഞ്ച് ഇത്തിരി കൂട്ടി പറഞ്ഞതാണ് രണ്ടെങ്കിലും മതി ) ഇല്ലെങ്കില്‍
ജാതി ഉണ്ട്
ജാതി ഉണ്ട്
ജാതി ഉണ്ട്
എന്റെ ഒപ്പം ഡിഗ്രി വരെ പഠിച്ച് പിന്നീട് എം.എയും ജേര്‍ണലിസം ഡിപ്ലോമയും എടുത്ത നല്ലൊരു എഴുത്തുകാരന്‍ നാട്ടില്‍ ഒരു പത്രത്തില്‍ പ്രാദേശിക ലേഖകന്‍ ആണ്. പ്രാദേശിക പത്രപ്രവര്‍ത്തനം നല്ലത് തന്നെ, പക്ഷെ ജില്ലാ ലേഖകന്‍ ആയി അവനെ പത്രം തെരെഞ്ഞെടുത്തില്ല.
നൂറിലധികം ബ്യൂറോ ചീഫുമാര്‍ പത്രങ്ങളിലും ചാനലുകളിലും ഉണ്ട്. ഇവരില്‍ ഒരാള്‍ പോലും ദളിതരില്‍ നിന്നില്ല. ന്യൂസ് എഡിറ്റര്‍മാരുടെ എണ്ണം ഒറ്റക്കം ആണ്.
ഇവിടെ ജാതി ഉണ്ട് സാര്‍….
ജാതിക്കെതിരെ യുദ്ധം നയിച്ച
പ്രിയ നായകന്
പ്രിയപ്പെട്ട അംബേദ്കര്‍ക്ക് ഹൃദയത്തില്‍ നിന്നൊരു പിറന്നാള്‍ ആശംസകള്‍….
#LoveYouDrAmbedkar