'അംബേദ്ക്കറെ അപമാനിച്ചു'; അമിത് ഷായുടെ പരാമര്‍ശങ്ങള്‍ക്കെതിരെ പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം
national news
'അംബേദ്ക്കറെ അപമാനിച്ചു'; അമിത് ഷായുടെ പരാമര്‍ശങ്ങള്‍ക്കെതിരെ പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th December 2024, 2:35 pm

ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ ബി.ആര്‍. അംബേദ്ക്കറെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് പാര്‍ലമെന്റിന് മുമ്പില്‍ പ്രതിപക്ഷ പ്രതിഷേധം. ഇന്നലെ (ചൊവ്വാഴ്ച) രാജ്യസഭയില്‍ നടന്ന ഭരണഘടന ചര്‍ച്ചയിലാണ് അമിത് ഷാ അംബേദ്ക്കറെ അധിക്ഷേപിച്ചത്.

ലോക്‌സഭാ എം.പി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. രാജ്യസഭാ എം.പിയും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വയനാട് എം.പി പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല്‍, കുമാരി ഷെല്‍ജ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു.

കോണ്‍ഗ്രസ് ഇപ്പോള്‍ അംബേദ്ക്കര്‍ അംബേദ്ക്കര്‍ എന്ന് പറഞ്ഞ് നടക്കുകയാണെന്നാണ് അമിത് ഷാ പറഞ്ഞത്. കൂടാതെ, അംബേദ്ക്കര്‍ എന്ന് പറഞ്ഞ അത്രയും തവണ ദൈവത്തിന്റെ പേര് പറഞ്ഞിരുന്നെങ്കില്‍ കോണ്‍ഗ്രസിന് മോക്ഷം കിട്ടിയേനെയെന്നും ഷാ പ്രസ്താവന നടത്തിയിരുന്നു.

ഇതിനെതിരെ പാര്‍ലമെന്റിലെ ഇരുസഭകളിലും കോണ്‍ഗ്രസ് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്നാണ് പാര്‍ലമെന്റ് വളപ്പില്‍ കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയത്. അംബേദ്ക്കറുടെ ചിത്രങ്ങള്‍ ഉയര്‍ത്തിയിരുന്നു പ്രതിഷേധം.

ഡി.എം.കെ എം.പിയായ ടി.ആര്‍. ബാലു, ആം ആദ്മി എം.പിയായ സഞ്ജയ് സിങ് എന്നിവരും പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു. ഇന്നലെ രാജ്യസഭയില്‍ ഇന്ത്യാ സഖ്യം ഒറ്റക്കെട്ടായി വിമര്‍ശനവും പ്രതിഷേധവും ഉയര്‍ത്തിയിരുന്നു.

ഇന്ന് രാവിലെ നടന്ന പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് എം.പിമാര്‍ മാത്രമായിരുന്നു പങ്കെടുത്തത്. തുടര്‍ന്ന് ഉച്ചയ്ക്ക് 12 മണിയോടെ നടന്ന പ്രതിഷേധത്തിലേക്ക് പ്രതിപക്ഷത്തെ കൂടുതല്‍ എം.പിമാര്‍ എത്തുകയായിരുന്നു.

അമിത് ഷാക്കെതിരായ പ്രതിഷേധത്തില്‍ ബി.ജെ.പി എം.പി കിരണ്‍ റിജുജു രംഗത്തെത്തുകയും ചെയ്തു.

മുബൈയില്‍ ഉള്‍പ്പെടെ അംബേദ്ക്കറുടെ പ്രതിമ സ്ഥാപിക്കുന്നതില്‍ നേതൃത്വം വഹിക്കുന്നത് പ്രധാനമന്ത്രിയാണെന്നും അംബേദ്ക്കറുടെ പേര് കോണ്‍ഗ്രസ് മുതലെടുക്കുകയാണെന്നുമാണ് കിരണ്‍ റിജുജു പറഞ്ഞത്. പ്രതിഷേധം ശക്തമായതോടെ ഇരുസഭകളും രണ്ട് മണിവരെ നിര്‍ത്തി വെക്കുകയുമുണ്ടായി.

അംബേദ്ക്കറിനെതിരായ പരാമര്‍ശത്തില്‍ ഇന്ത്യാ സഖ്യം നടത്തുന്ന പ്രതിഷേധത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിട്ടുണ്ട്.


നെഹ്റു അംബേദ്ക്കര്‍ക്കെതിരെ പ്രചരണം നടത്തിയിരുന്നുവെന്നും കോണ്‍ഗ്രസിന്റേത് നാടകമാണെന്നുമാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കോണ്‍ഗ്രസിന്റെ നാടകം ഈ രാജ്യത്തെ ജനങ്ങള്‍ വിശ്വസിക്കില്ലെന്നും മോദി പറഞ്ഞു. അംബേദ്ക്കറെ എല്ലാ കാലത്തും അപമാനിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും രണ്ട് തവണ ഈ പാര്‍ട്ടി അംബേദ്ക്കറെ തോല്‍പ്പിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.

Content Highlight: ‘Ambedkar insulted’; Opposition protests in Parliament against Amit Shah’s remarks