അമേരിക്കന്‍ സാമ്രാജ്യത്തിന്റെ മുഖത്ത് നോക്കി… നിങ്ങളുടെ സാമ്രാജ്യത്വ ക്രൂരതക്ക് വേണ്ടി
വിയറ്റ്‌നാമിലെ മനുഷ്യരെ കൊന്നൊടുക്കാന്‍ പോകാന്‍ എനിക്ക് കഴിയില്ലെന്നു പറഞ്ഞു അതിധീരമായി അമേരിക്കന്‍ സാമ്രാജ്യത്വത്തെ വെല്ലുവിളിച്ചപ്പോള്‍… നീ മനുഷ്യരുടെ മുഴുവന്‍ പ്രതീകമാവുകയായിരുന്നു..
ഒപ്പീനിയന്‍: സൂര്യന്‍
പൂമ്പാറ്റയിലെ ചെറിയൊരു ലേഖനത്തിലൂടെയാണു അലിയെ അറിയുന്നത്. മോഷണം പോയ തന്റെ സൈക്കിള്‍ തിരക്കി
പോലീസ് സ്റ്റേഷനില്‍ ചെന്ന പയ്യന്‍… തന്റെ സൈക്കിള്‍ തിരിച്ച് കിട്ടിയാല്‍ മോഷ്ടിച്ചവനെ തനിക്ക് തരണം… താന്‍ അവന്റെ മോന്ത ഇടിച്ച് പഞ്ചറാക്കിക്കൊള്ളാം എന്നു പറയുന്നു..
അത് കേട്ട് ബോക്‌സിങ്ങ് പരിശീലകനായ ഒരു പോലീസുകാരനു ഈ പന്ത്രണ്ടുവയസ്സുകാരനില്‍ കൗതുകമുണ്ടാവുന്നു. അവനെ ബോക്‌സിങ്ങ് കളത്തിലേക്ക് ക്ഷണിക്കുന്നു.
സൈക്കിള്‍ തിരികെ കിട്ടിയില്ല. എന്നാല്‍ ഈ ലോകത്തിലെ ഏറ്റവും വലിയ ഇടിവീരനെ ലോകത്തിനു ലഭിച്ചു. പൂമ്പാറ്റയെപ്പോലെ നൃത്തം ചവിട്ടി ആത്മവിശ്വാസത്തോടെ എതിരാളിയുടെ കണ്ണില്‍ നോക്കിയുള്ള കൂറ്റന്‍ ഇടികള്‍.
മറ്റൊരു പന്ത്രണ്ടുവയസ്സുകാരനു ഇതില്‍ കൂടുതല്‍ അവനെ ഹീറോയാക്കാന്‍ എന്ത് കാരണം വേണം… അലിയെന്ന ഭാവത്തില്‍ ഞാനും അനിയനും തമ്മില്‍ ഇടികൂടും…അവന്‍ എന്നെ ഇടിച്ച് താഴെയിടും..
പക്ഷേ, അപ്പോഴും വീറിനും വാശിക്കുമൊന്നും ഒരു കുറവുമില്ല… ഞങ്ങളുടെ ഗോദ, കട്ടിലായിരുന്നു… കട്ടിലില്‍ കിടന്നു ചാടുന്നുവെന്നു പറഞ്ഞു.. വീട്ടിലെ റഫറി രണ്ട് ബോക്‌സിങ്ങ് വീരന്മാരെയും ശിക്ഷിച്ചു ശിക്ഷിച്ച് ഞങ്ങളുടെ ബോക്‌സിങ്ങ് രംഗത്തേയ്ക്കുള്ള ശോഭനമായ ഭാവി നശ്ശിപ്പിച്ചു.
പ്രിയപ്പെട്ട അലി, എന്തൊരിഷ്ടമായിരുന്നു..!
ബോക്‌സിങ്ങിലുള്ള താത്പര്യം നശിച്ചപ്പോള്‍… നീ മറ്റൊരിഷ്ടക്കാരനായി..നിന്റെ രാഷ്ട്രീയം… ഉറച്ച, ധീരമായ നിലപാടുകള്‍.. കറുത്തവനുവേണ്ടി ഭൂമിയില്‍ ഇറങ്ങിവന്ന കറുത്ത ദൈവം എന്നാണു നിന്നെക്കുറിച്ച് എനിക്ക് തോന്നിയത്..
നീയാണു കറുത്ത ക്രിസ്തു…!
അമേരിക്കന്‍ സാമ്രാജ്യത്തിന്റെ മുഖത്ത് നോക്കി… നിങ്ങളുടെ സാമ്രാജ്യത്വ ക്രൂരതക്ക് വേണ്ടി
വിയറ്റ്‌നാമിലെ മനുഷ്യരെ കൊന്നൊടുക്കാന്‍ പോകാന്‍ എനിക്ക് കഴിയില്ലെന്നു പറഞ്ഞു അതിധീരമായി അമേരിക്കന്‍ സാമ്രാജ്യത്വത്തെ വെല്ലുവിളിച്ചപ്പോള്‍… നീ മനുഷ്യരുടെ മുഴുവന്‍ പ്രതീകമാവുകയായിരുന്നു..
ഒപ്പം അമേരിക്കക്കാരുടെ ശത്രുവും.
യുദ്ധത്തിനെതിരായി എന്നും ചിന്തിച്ച മനസ്സ്… !
യുദ്ധത്തിനെതിരെ ചിന്തിക്കുക, എന്നാല്‍ അമേരിക്കന്‍ ശത്രുവാവുക എന്നാണു അര്‍ത്ഥം.
1964 ല്‍ അലി മതം മാറി. ഒരുപക്ഷേ, അമേരിക്കന്‍ വര്‍ണ്ണവെറിയന്മാരോടുള്ള ശക്തമായൊരു രാഷ്ട്രീയ പ്രതിഷേധവും ആയിരിക്കാമത്…
ബോക്‌സിങ്ങ് റിങ്ങില്‍ പാറിപ്പറന്നു എതിരാളികളുടെ മുഖം ഇടിച്ച് പരത്തിയ ഒരു മനുഷ്യന്‍ പിന്നീട് സൂഫിസത്തിലേക്ക് പോകുന്നു…
ഒരു പൂമ്പാറ്റ ജീവിതം. !
അപ്പാര്‍ത്തീഡിനെതിരെ അതിശക്തമായ പോരാട്ടം. ഈ ലോകത്ത് മനുഷ്യരെല്ലാം ഒന്നെന്ന ശക്തമായ ചിന്ത…
മുഹമ്മദ് അലിയെ ഓര്‍മ്മിക്കുമ്പോഴൊക്കെ ഞാന്‍ അംബേദ്കറെക്കുറിച്ചും ആലോചിക്കും..
ഇന്ത്യന്‍ ജാതിവ്യവസ്ഥയുടെ റിങ്ങില്‍ കയറി നിന്നു ബ്രാഹ്മണ്യത്തിന്റെ മോന്തക്ക് ഇടിച്ച് കസറിയ അംബേദ്കര്‍…!
ജാതിവെറിയുടെ മതം ഉപേക്ഷിച്ച് അദ്ദേഹം ബുദ്ധമതം സ്വീകരിച്ചു…
സെന്‍മതം. ! ബുദ്ധിസത്തിന്റെ സത്ത് എന്നു പറയാം.
മുഹമ്മദ് അലി മയ്യത്താവുമ്പോള്‍… ഒരു മനുഷ്യനോടൊപ്പം നിന്ന ഒരു കാലഘട്ടവും അവസാനിക്കുന്നുണ്ട്….
അദ്ദേഹത്തിന്റെ കൈ കരുത്തിനെക്കാള്‍…….അദ്ദേഹം തന്റെ ആശയത്താല്‍ പ്രഹരിച്ചത്.. സാമ്രാജ്യത്തിന്റെയും അപ്പാര്‍ത്തീഡിന്റെയും മോന്തക്കായിരുന്നു..!
പ്രിയപ്പെട്ട… ഇടിക്കാരാ……! സ്‌നേഹപൂര്‍വ്വം വിട.!