ഐ.പി.എല്ലില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷം മറ്റൊരു സൂപ്പര്‍ കിങ്‌സിനായി കളിക്കാനൊരുങ്ങി സൂപ്പര്‍ താരം അംബാട്ടി റായിഡു. ഐ.പി.എല്ലിന്റെ അമേരിക്കന്‍ കൗണ്ടര്‍പാര്‍ട്ടായ മേജര്‍ ലീഗ് ക്രിക്കറ്റി (എം.എല്‍.സി)ലാണ് റായിഡു വീണ്ടും ബാറ്റേന്താന്‍ ഒരുങ്ങുന്നത്.
ഐ.പി.എല്ലിലെ വിവിധ ഫ്രാഞ്ചൈസികള്‍ എം.എല്‍.സിയില്‍ തങ്ങളുടെ ടീമുകളെ കളത്തിലിറക്കുന്നുണ്ട്. മള്‍ട്ടിപ്പിള്‍ ടൈംസ് ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനും എം.എല്‍.സിയില്‍ ടീമുകളുണ്ട്.
ടെക്‌സസ് ആസ്ഥാനമായ എം.എല്‍.സി ടീമിന്റെ ഉടമസ്ഥാവകാശമാണ് സൂപ്പര്‍ കിങ്‌സ് നേടിയെടുത്തിരിക്കുന്നത്. ടെക്‌സസ് സൂപ്പര്‍ കിങ്‌സ് എന്നാണ് ടീമിന്റെ പേര്. ടെക്‌സസിനൊപ്പമായിരിക്കും റായിഡുവിന്റെ അടുത്ത ചുവടുവെപ്പ്.
ഐ.പി.എല്‍ 2023ലെ ഫൈനല്‍ മത്സരത്തോടെ റായിഡു ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഫൈനല്‍ മത്സരത്തില്‍ തകര്‍പ്പന്‍ കാമിയോ കളിച്ച് ടീമിനെ വിജയത്തിലേക്കെത്തിക്കാനും താരത്തിന് സാധിച്ചു.
ഇതോടെ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മക്കൊപ്പം ഏറ്റവുമധികം തവണ (6) ഐ.പി.എല്‍ കിരീടം നേടുന്ന താരം എന്ന റെക്കോഡില്‍ ഒന്നാമതെത്താനും റായിഡുവിനായി. മുംബൈ ഇന്ത്യന്‍സിനൊപ്പം മൂന്ന് കിരീടം നേടിയ റായിഡു. സൂപ്പര്‍ കിങ്‌സിനൊപ്പവും മൂന്ന് കിരീടം നേടിയിരുന്നു.
അംബാട്ടി റായിഡു മാത്രമല്ല ചെന്നൈ സൂപ്പര്‍ കിങ്‌സ് ലെജന്‍ഡായ ഡ്വെയ്ന്‍ ബ്രാവോ അടക്കമുള്ള താരങ്ങള്‍ ടെക്‌സസ് സൂപ്പര്‍ കിങ്‌സിന്റെ ഭാഗമാകുന്നുണ്ട്. സ്റ്റാര്‍ സ്റ്റഡ്ഡഡ് ടീമുമായി തന്നെയാണ് സൂപ്പര്‍ കിങ്‌സ് ആദ്യ സീസണിനൊരുങ്ങുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പരിശീലകനായ സ്റ്റീഫന്‍ ഫ്‌ളെമിങ് തന്നെയാണ് ടെക്‌സസിന്റെയും കോച്ച്.
ആറ് ടീമുകളാണ് പ്രഥമ എം.എല്‍.സിയില്‍ കളത്തിലിറങ്ങുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന് പുറമെ ഇന്ത്യന്‍ ഫ്രാഞ്ചൈസികളായ മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ടീമുകളും എം.എല്‍.സിയുടെ ഭാഗമാകുന്നുണ്ട്.
ന്യൂയോര്‍ക് ആസ്ഥാനമായ ടീമിനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയപ്പോള്‍ ലോസ് ആഞ്ചലസിനെയാണ് നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. എം.ഐ ന്യൂയോര്‍ക്, ലോസ് ആഞ്ചലസ് നൈറ്റ് റൈഡേഴ്‌സ് എന്നിങ്ങനെയാണ് ടീമുകളുടെ പേര്.
ഇവര്‍ക്ക് പുറമെ സിയാറ്റില്‍ ഓര്‍കാസ്, സാന്‍ ഫ്രാന്‍സിസ്‌കോ യൂണിക്കോണ്‍സ്, വാഷിങ്ടണ്‍ ഫ്രീഡം എന്നിവരാണ് പ്രഥമ എം.എല്‍.സി കളിക്കുന്ന ടീമുകള്‍.
Content highlight: Ambati Rayudu to play Major League Cricket