ബുംറയും അശ്വിനും അല്ല; അപകടകാരിയായ ബൗളറെ വെളിപ്പെടുത്തി അമ്പാട്ടി റായിഡു
Sports News
ബുംറയും അശ്വിനും അല്ല; അപകടകാരിയായ ബൗളറെ വെളിപ്പെടുത്തി അമ്പാട്ടി റായിഡു
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 7th April 2024, 2:39 pm

ഐ.പി.എല്ലില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ജസ്പ്രീത് ബുംറ, ആര്‍. അശ്വിന്‍, മോഹിത് ശര്‍മ തുടങ്ങിയ നിരവധി താരങ്ങള്‍ മിന്നും പ്രകടനമാണ് സീസണില്‍ കാഴ്ചവെക്കുന്നത്. എന്നാല്‍ ഏതാണ് അപകടകാരിയായ ബൗളര്‍ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം അമ്പാട്ടി റായിഡു.

രാജസ്ഥാന്‍ റോയല്‍സിന്റെ യുസ്വേന്ദ്ര ചാഹലാണ് അപകടകാരിയായ ബൗളര്‍ എന്നാണ് റായിഡു പറഞ്ഞത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ബൗളറാണ് ചാഹല്‍. 149 മത്സരങ്ങളില്‍ നിന്നും 195 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. കഴിഞ്ഞ മത്സരത്തില്‍ ആര്‍.സി.ബിക്ക് എതിരെ രണ്ട് വിക്കറ്റുകള്‍ നേടിയതോടെ സീസണിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമന്‍ ആകാനും ചാഹലിന് സാധിച്ചു. നിലവില്‍ എട്ട് വിക്കറ്റുകളാണ് താരം സീസണില്‍ നിന്നും സ്വന്തമാക്കിയത്.

ഇതോടെ സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ഒരു പരിപാടിയില്‍ ചാഹലിനെ അപകടകാരിയായ ബൗളര്‍ ആണെന്ന് പറയുകയായിരുന്നു അമ്പാട്ടി.

‘നിങ്ങള്‍ ഒരു ബാറ്റര്‍ ആണെങ്കില്‍ ചാഹലിനോട് അധികം സംസാരിക്കരുത്, കാരണം നിങ്ങള്‍ അങ്ങനെ ചെയ്താല്‍ അവന്‍ നിങ്ങളെ കളിക്കിടെ കുഴപ്പത്തിലാക്കും, അവന്‍ ഒരു ചെസ് കളിക്കാരനാണ്. മത്സരത്തിനു മുമ്പ് ബാറ്റര്‍മാരുടെ മനസ് വായിക്കുകയും അവരുടെ തകര്‍ച്ച ആസൂത്രണം ചെയ്യുകയും ചെയ്യും,’അമ്പാട്ടി സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

2024 ഐ.പി.എല്ലില്‍ മൂന്നു ഗെയിമുകളില്‍ നിന്നും 8 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. അതില്‍ മുംബൈയ്‌ക്കെതിരെ മൂന്നു വിക്കറ്റുകള്‍ സ്വന്തമാക്കി അമ്പരപ്പിക്കുന്ന പ്രകടനം താരം പുറത്തെടുത്തു. എന്നിരുന്നാലും അദ്ദേഹത്തിന് ബി.സി.സി.ഐ കേന്ദ്ര കരാര്‍ കൊടുത്തിട്ടില്ല എന്നത് നിരാശാജനകമാണ്. താരത്തിന്റെ തിരിച്ചുവരവിന് പ്രതീക്ഷയര്‍പ്പിക്കുകയാണ് ആരാധകര്‍.

 

Content Highlight: Ambati Rayudu Talks About Yuzvendra Chahal