ഐ.സി.സി ടി-20 ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ തങ്ങളുടെ രണ്ടാം വിജയം സ്വന്തമാക്കിയിരുന്നു. നസാവു കൗണ്ടി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19 ഓവറില്‍ 119 റണ്‍സിന് പുറത്താവുകയായിരുന്നു. എന്നാല്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.
ഇപ്പോഴിതാ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ വരാനിരിക്കുന്ന മത്സരങ്ങളില്‍ കളിപ്പിക്കണമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അമ്പാട്ടി റായുഡു. സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ പ്രതികരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.
‘എനിക്ക് തോന്നുന്നത് ശിവം ദുബെക്ക് പകരം ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ്‍ കളിക്കണമെന്നാണ്,’ അമ്പാട്ടി റായ്ഡു പറഞ്ഞു.
ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങളില്‍ സഞ്ജു സാംസണിന് പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. ലോകകപ്പിനു മുന്നോടിയായി നടന്ന ബംഗ്ലാദേശിനെതിരെയുള്ള സന്നാഹ മത്സരത്തിലായിരുന്നു സഞ്ജു കളിച്ചത്. മത്സരത്തില്‍ ഒരു റണ്‍സ് നേടി കൊണ്ടായിരുന്നു മലയാളി താരം മടങ്ങിയത്.
അതേസമയം ശിവം ദുബെ പാകിസ്ഥാനെതിരെ ഒമ്പത് പന്തില്‍ മൂന്ന് റണ്‍സ് നേടിയാണ് പുറത്തായത്. അയര്‍ലാന്‍ഡിനെതിരെയുള്ള മത്സരത്തിലും ദുബെക്ക് അവസരം ലഭിച്ചിരുന്നു.
ഇന്ത്യയുടെ അടുത്ത മത്സരം ജൂണ്‍ 12ന് യു.എസ്.എക്കെതിരെയാണ്. മോശം ഫോമിലുള്ള ദുബെക്ക് പകരം സഞ്ജു ടീമില്‍ ഇടം നേടുമോ എന്ന് കണ്ടു തന്നെ അറിയണം.
Content Highlight: Ambati Rayudu talks about Sanju Samson