ഐ.സി.സി ടി-20 ലോകകപ്പിലെ ജീവന്‍ മരണ പോരാട്ടത്തില്‍ ഇന്ന് പാകിസ്ഥാന്‍ കാനഡയെയാണ് നേരിടുന്നത്. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ യു.എസ്.എയോട് സൂപ്പര്‍ ഓവറില്‍ അഞ്ച് റണ്‍സിനും രണ്ടാം മത്സരത്തില്‍ ഇന്ത്യയോട് ആറ് റണ്‍സിനും പരാജയപ്പെട്ട പാകിസ്ഥാന് അടുത്ത റൗണ്ടിലേക്ക് മുന്നേറണമെങ്കില്‍ വിജയം അനിവാര്യമാണ്.
നസാവു ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന നിര്‍ണായക മത്സരത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അമ്പാട്ടി റായുഡു. മത്സരത്തില്‍ പാകിസ്ഥാനെ കാനഡ സിമ്പിളായി പരാജയപ്പെടുത്തുമെന്നാണ് റായുഡു പറഞ്ഞത്.
‘ടി-20 ലോകകപ്പിലെ ഇന്നത്തെ മത്സരത്തില്‍ കാനഡ പാകിസ്ഥാനെ വളരെ എളുപ്പത്തില്‍ പരാജയപ്പെടുത്തും. പാകിസ്ഥാന്‍ കളിക്കുന്ന രീതി നോക്കുകയാണെങ്കില്‍ അവരെ ഏത് ടീമിനും തോല്‍പ്പിക്കാന്‍ സാധിക്കും. ഇന്ത്യക്കെതിരെ 122 റണ്‍സ് പോലും അവര്‍ക്ക് പിന്തുടരാന്‍ സാധിച്ചിട്ടില്ല. അമേരിക്കക്കെതിരെയുള്ള മത്സരത്തില്‍ അവരുടെ ബാറ്റര്‍മാര്‍ ഒന്നും ചെയ്തില്ല. 159 റണ്‍സ് ഡിഫന്‍ഡ് ചെയ്യുന്നതില്‍ പാക് ബൗളര്‍മാര്‍ പരാജയപ്പെട്ടു,’ അമ്പാട്ടി റായുഡു സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ പറഞ്ഞു.
എന്നാല്‍ റായുഡുവിന്റെ ഈ അഭിപ്രായത്തിനെതിരെ ഇന്ത്യന്‍ വെറ്ററന്‍ സ്പിന്നര്‍ പിയൂഷ് ചൗള എതിര്‍പ്പ് രേഖപ്പെടുത്തി.
‘എനിക്ക് ഒരിക്കലും അങ്ങനെ തോന്നുന്നില്ല. കാനഡയേക്കാള്‍ കൂടുതല്‍ അനുഭവസമ്പത്തുള്ളത് പാകിസ്ഥാനാണ് ഇത് അവരെ മത്സരത്തില്‍ കൂടുതല്‍ സഹായിക്കും. പാകിസ്ഥാന്റെ ബൗളര്‍മാര്‍ വളരെ മികച്ചവരാണ്,’ പിയൂഷ് ചൗള പറഞ്ഞു.
Content Highlight: Ambati Rayudu talks about Pakistan vs Canada Match in T20 World Cup