ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ സണ്‍റൈസസ് ഹൈദരാബാദ് 31 റണ്‍സിനാണ് മുംബൈയെ പരാജയപ്പെടുത്തിയത്.
ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് ഹൈദരാബാദ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സില്‍ എത്താനെ സാധിച്ചുള്ളൂ.
ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ആറ് റണ്‍സിനും മുംബൈ പരാജയപ്പെട്ടിരുന്നു.
ഇപ്പോഴിതാ മുംബൈ ഇന്ത്യന്‍സിന്റെ തോല്‍വിയെകുറിച്ച് പ്രതികരണവുമായി മുന്നോട്ടു വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അമ്പാട്ടി റായ്ഡു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ പ്രതികരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.
തുടക്കത്തിലെ ഈ രണ്ട് തോല്‍വികള്‍ മുംബൈ ഇന്ത്യന്‍സിനെ ബാധിക്കില്ലെന്നും ഈ സീസണില്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ മുംബൈ കളിക്കുമെന്നുമാണ് റായ്ഡു പറഞ്ഞത്.
‘2024 ഐപിഎല്‍ സീസണിന്റെ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്സുമായി ഫൈനലില്‍ ഏറ്റുമുട്ടും. അതുകൊണ്ടുതന്നെ ഈ രണ്ട് തോല്‍വികള്‍ക്ക് വലിയ പ്രാധാന്യം നല്‍കേണ്ടതില്ല. മുംബൈ ശക്തമായി തന്നെ തിരിച്ചു വരും ടീമിനെ തകര്‍ച്ചയില്‍ നിന്നും കരകയറ്റാനുള്ള മികച്ച താരനിര മുംബൈക്ക് ഉണ്ട്. മുംബൈ ടീം ഒരു കളിക്കാരന് മാത്രം ആശ്രയിച്ചല്ല മുന്നോട്ടുപോകുന്നത്,’ അമ്പാട്ടി റായ്ഡു പറഞ്ഞു.
അതേസമയം മത്സരത്തില്‍ ഹൈദരാബാദിന് വേണ്ടി ഹെന്റിച്ച് ക്ലാസന്‍ 34 പന്തില്‍ പുറത്താവാതെ 80 റണ്‍സും അഭിഷേക് ശര്‍മ 23 പന്തില്‍ 63 റണ്‍സും ട്രാവിസ് ഹെഡ് 24 പന്തില്‍ 62 റണ്‍സും ഏയ്ഡന്‍ മര്‍ക്രം 28 പന്തില്‍ പുറത്താവാതെ 42 റണ്‍സും നേടി തകര്‍ത്തടിച്ചപ്പോള്‍ ഹൈദരാബാദ് കൂറ്റന്‍ സ്‌കോര്‍ നേടുകയായിരുന്നു.
അതേസമയം മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്കായി 34 പന്തില്‍ 64 റണ്‍സ് നേടി തിലക് വര്‍മയും 22 പന്തില്‍ 42 റണ്‍സ് നേടി ടിം ഡേവിഡും 13 പന്തില്‍ 34 റണ്‍സ് നേടി ഇഷാന്‍ കിഷനും മികച്ച പ്രകടനം നടത്തിയെങ്കിലും 31 റണ്‍സകലെ മുംബൈക്ക് വിജയം നഷ്ടമാവുകയായിരുന്നു.
ഏപ്രില്‍ ഒന്നിന് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് മുംബൈ ഇന്ത്യന്‍സിന്റെ അടുത്ത മത്സരം. മുംബൈയുടെ തട്ടകമായ വാങ്കഡെ സ്റ്റേഡിയമാണ് വേദി.
Content Highlight: Ambati Rayudu talks about Mumbai Indians performance