സഞ്ജു നിങ്ങള്‍ സങ്കടപ്പെടരുത്, ഒരു ക്യാപ്റ്റനില്‍ നിന്ന് ലഭിക്കേണ്ടത് നിങ്ങള്‍ നല്‍കി; പിന്തുണയുമായി മുന്‍ ചെന്നൈ താരം
Sports News
സഞ്ജു നിങ്ങള്‍ സങ്കടപ്പെടരുത്, ഒരു ക്യാപ്റ്റനില്‍ നിന്ന് ലഭിക്കേണ്ടത് നിങ്ങള്‍ നല്‍കി; പിന്തുണയുമായി മുന്‍ ചെന്നൈ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 25th May 2024, 3:34 pm

ഐ.പി.എല്ലിലെ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാനെ 36 റണ്‍സിനാണ് സണ്‍ റൈസേഴ്സ് ഹൈദരാബാദ് പരാജയപ്പെടുത്തിയത്. ടോസ് നേടിയ രാജസ്ഥാന്‍ ഹൈദരാബാദിനെ ആദ്യം ബാറ്റിങ്ങിന് അയച്ചപ്പോള്‍ നിശ്ചിത ഓവറില്‍ 175 റണ്‍സ് ആണ് ടീം നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

നിര്‍ണായക മത്സരത്തിലെ തോല്‍വിക്ക് ശേഷം രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജുവിനെ ഗവാസ്‌കര്‍ അടക്കമുള്ള നിരവധി പേര്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ സഞ്ജുവിനെ വിമര്‍ശിക്കാന്‍ അമ്പാട്ടി റായിഡു വിസമ്മതിക്കുകയും താരത്തെ പ്രചോദിപ്പിക്കുകയും ചെയ്തു.

‘സഞ്ജു സാംസണ്‍ സങ്കടപ്പെടരുത്. നിങ്ങള്‍ ഒരു ദിവസം മികച്ച ക്യാപ്റ്റനാകും. ഈ ഐ.പി.എല്ലില്‍ നിങ്ങളുടെ പ്രകടനത്തിലും ടീം കളിച്ച രീതിയിലും നിങ്ങള്‍ അഭിമാനിക്കണം. നിങ്ങള്‍ മുന്നില്‍ നിന്ന് നയിച്ചു, ഇതാണ് ഒരു ക്യാപ്റ്റനില്‍ നിന്ന് ഒരാള്‍ പ്രതീക്ഷിക്കുന്നത്. നിങ്ങള്‍ നിങ്ങളുടെ ഏറ്റവും മികച്ചത് നല്‍കി, പ്ലേഓഫുകള്‍ എല്ലായ്‌പ്പോഴും തന്ത്രപരമാണ്.

‘നിങ്ങള്‍ തുടങ്ങിവെച്ചത് പൂര്‍ത്തിയാക്കാന്‍ എപ്പോള്‍ വേണമെങ്കിലും തിരികെ വരാം. 2024ലെ ഐ.സി.സി ടി-20 ലോകകപ്പില്‍ നിങ്ങള്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ അമ്പാട്ടി റായിഡു സ്റ്റാര്‍ സ്പോര്‍ട്സില്‍ പറഞ്ഞു.

മത്സരത്തില്‍ ധ്രുവ് ജുറേല്‍ നേടിയ അര്‍ധ സെഞ്ച്വറിയും മികവ് മാത്രമായിരുന്നു രാജസ്ഥാന് തുണയായി ഉണ്ടായത്. 35 പന്തില്‍ നിന്ന് 7 ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 56 റണ്‍സാണ് താരം അടിച്ചത്. ക്യാപ്റ്റന്‍ സഞ്ജുവിന് കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല എന്നതും ടീമിന്റെ തോല്‍വിയെ ബാധിച്ചു. 11 പന്തില്‍ നിന്ന് 10 റണ്‍സാണ് താരത്തിന് നേടാന്‍ സാധിച്ചത്. ടീമിന്റെ നിര്‍ണായക മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച റിയാന്‍ പരാഗിന് 10 പന്തില്‍ വെറും ആറ് റണ്‍സാണ് എടുക്കാന്‍ സാധിച്ചത്.

ഇനി നടക്കാനിരിക്കുന്നത് ഐ.പി.എല്‍ ഫൈനല്‍ മത്സരമാണ്. മെയ് 26ന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കുക. ആരാണ് ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിടുന്നതെന്ന് കാണേണം.

 

Content Highlight: Ambati Rayudu Talking About Sanju Samson