| Tuesday, 14th May 2024, 2:43 pm

ധോണിയുടെ വിജയത്തിന്റെ താക്കോല്‍ അതാണ്; വെളിപ്പെടുത്തലുമായി അമ്പാട്ടി റായിഡു

സ്പോര്‍ട്സ് ഡെസ്‌ക്

2024 ഐ.പി.എല്ലില്‍ പ്ലേ ഓഫ് സാധ്യതകള്‍ ഉറപ്പിക്കാന്‍ തകര്‍പ്പന്‍ പ്രകടനമാണ് ഓരോ ഫ്രാഞ്ചൈസികളും കാഴ്ചവെക്കുന്നത്. നിലവില്‍ മലയാളികളുടെ സ്വന്തം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സും ശ്രേയസ് അയ്യര്‍ നയിക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും പ്ലേ ഓഫ് നിലനിര്‍ത്തിയിരിക്കുകയാണ്. മൂന്നാം സ്ഥാനത്ത് ഋതുരാജ് ഗെയ്ക്വാദ് നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ഉള്ളത്. നാലാം സ്ഥാനത്ത് സണ്‍ റൈസേഴ്‌സ് ഹൈദരബാദും നിലയുറപ്പിച്ചിട്ടുണ്ട്.

13 മത്സരങ്ങലില്‍ നിന്ന് ഏഴ് വിജയവും ആറ് തോല്‍വിയും അടക്കം 14 പോയിന്റ് സ്വന്തമാക്കിയാണ് ചെന്നൈ മൂന്നാം സ്ഥാനത്ത് എത്തിയത്. ചെന്നൈക്ക് വേണ്ടി മികച്ച പ്രകടനമാണ് മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണി കാഴ്ചവെക്കുന്നത്.

42ാം വയസില്‍ ധോണി മികച്ച ഫോമിലാണ്. ഡെത്ത് ഓവറുകളില്‍ സിക്സറുകള്‍ പറത്തുന്ന ധോണി ഐ.പി.എല്‍ 2024ല്‍ വിക്കറ്റ് കീപ്പറായി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇപ്പോള്‍ ഐതിഹാസികമായ ധോണിയുടെ പ്രകടനത്തിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് മുന്‍ ചെന്നൈ ബാറ്റര്‍ അമ്പാട്ടി റായിഡു. ധോണി തന്റെ ഫിറ്റ്നസിന് വളരെയധികം പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നാണ് മുന്‍ താരം പറഞ്ഞത്.

‘കഴിഞ്ഞ രണ്ട് വര്‍ഷമായി അവന്‍ ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നുണ്ട്. അവന്‍ ഒരുപാട് ഭാരം ഉയര്‍ത്തുകയും തന്റെ പുനരധിവാസത്തിന് ധാരാളം സമയം ചെലവഴിക്കുകയും ചെയ്യുന്നു. പരിക്കുകള്‍ ഒഴിവാക്കാന്‍ അവന്‍ തന്റെ ശരീരത്തെയും പേശികളെയും പരിപാലിക്കുന്നു. ഇത് കളിക്കളത്തിലും നെറ്റ്സില്‍ സിക്സറുകള്‍ അടിക്കാന്‍ അവനെ സഹായിക്കുന്നു,’ അമ്പാട്ടി റായിഡു പറഞ്ഞു.

13 മത്സരങ്ങളില്‍ നിന്ന് 226.26 സ്ട്രൈക്കില്‍ 136 റണ്‍സാണ് ധോണി അടിച്ചെടുത്തത്. 2024 ഐ.പി.എല്ലില്‍ രണ്ടുതവണ മാത്രമാണ് താരം പുറത്തായത്. 12 സിക്സറുകള്‍ അടക്കമാണ് ധോണി നിര്‍ണായക ഘട്ടങ്ങളില്‍ ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. ഫിറ്റ്നസിനോടുള്ള പ്രതിബദ്ധതയും ബിഗ് ഹിറ്റിങ്ങുമാണ് ധോണിയുടെ വിജയത്തിന്റെ താക്കോലെന്ന് റായിഡു അവകാശപ്പെട്ടു.

Content Highlight: Ambati Rayudu Talking About M.S. Dhoni

Latest Stories

We use cookies to give you the best possible experience. Learn more