ടി-20 ലോകകപ്പിലെ സൂപ്പര്‍ 8ല്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് 50 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. സര്‍ വിവിയന്‍ റിച്ചാര്‍ഡ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് ഇന്നിങ്സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
മത്സരത്തില്‍ 27 പന്തില്‍ പുറത്താവാതെ 50 റണ്‍സ് നേടിയ ഹര്‍ദിക് പാണ്ഡ്യയുടെ ഇന്നിങ്സിന്റെ കരുത്തിലാണ് ഇന്ത്യ മികച്ച ടോട്ടലിലേക്ക് മുന്നേറിയത്. നാല് ഫോറുകളും മൂന്ന് സിക്സുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. മാത്രമല്ല ഒരു വിക്കറ്റും താരത്തിന് നേടാന്‍ സാധിച്ചു.
ഇപ്പോള്‍ താരത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരാം അമ്പാട്ടി റായിഡു. ഹര്‍ദിക് പാണ്ഡ്യ മുന്‍ പാകിസ്ഥാന്‍ ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാഖിനെപ്പോലെയാണെന്നും റസാഖിന്റ ബൗളിങ് ശൈലിയാണ് പാണ്ഡ്യയ്ക്ക് ഉള്ളതുമെന്നാണ് അമ്പാട്ടി റായിഡു പറഞ്ഞത്.
ഹര്‍ദിക് പാണ്ഡ്യ മുന്‍ പാകിസ്ഥാന്‍ ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാഖിനെപ്പോലെയാണെന്നും റസാഖിന്റ ബൗളിങ് ശൈലിയാണ് പാണ്ഡ്യയ്ക്ക് ഉള്ളതുമെന്നാണ് അമ്പാട്ടി റായിഡു പറഞ്ഞത്.
‘ഹാര്‍ദിക് പാണ്ഡ്യ അബ്ദുള്‍ റസാഖിനെപ്പോലെയാണ്. മുന്‍ പാകിസ്ഥാന്‍ ഓള്‍റൗണ്ടറെ പോലെ സമാനമായ ബൗളിങ് ശൈലിയാണ് പാണ്ഡ്യയ്ക്ക്. പലപ്പോഴും വേഗതയില്‍ മാറ്റം വരുത്തി ഹാര്‍ദിക് ബാറ്റര്‍മാരെ അത്ഭുതപ്പെടുത്തുന്നു,’ അമ്പാട്ടി റായിഡു സ്റ്റാര്‍ സ്പോര്‍ട്സില്‍ പറഞ്ഞു.
5 മത്സരങ്ങളില്‍ നിന്ന് 13.75 ശരാശരിയിലും 6.47 ഇക്കോണമിയിലും 8 വിക്കറ്റുകളാണ് ഹര്‍ദിക് നേടിയത്. 44.50 ശരാശരിയിലും 141.26 സ്ട്രൈക്ക് റേറ്റിലും 89 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ഐ.പി.എല്ലില്‍ മോശം കളിയെത്തുടര്‍ന്ന് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹര്‍ദിക്കിന് നിരവധി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.
നിലവില്‍ വമ്പന്‍ വിജയക്കുതിപ്പാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ കാഴ്ചവെക്കുന്നത്. സൂപ്പര്‍ 8ലെ ഒന്നാം ഗ്രൂപ്പില്‍ രണ്ട് മത്സരങ്ങളും വിജയിച്ച് 4 പോയിന്റ് സ്വന്തമാക്കി ഒന്നാം സ്ഥാനത്താണ് ഇന്ത്യ. +2.425 നെറ്റ് റണ്‍ റേറ്റും ഇന്ത്യയ്ക്ക് ഉണ്ട്. രണ്ടാമത് ഉള്ളത് ഓസീസ് ആണ്. രണ്ട് മത്സരത്തില്‍ ഒരു വിജയം സ്വന്തമാക്കി രണ്ട് പോയിന്റാണ് കങ്കാരുക്കള്‍ സ്വന്തമാക്കിയത്. അഫ്ഗാനിസ്ഥാനും രണ്ട് പോയിന്റ് സ്വ്‌നതമാക്കി മൂന്നാമതാണ്.
നാളെ സൂപ്പര്‍ 8ലെ അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. 2023 ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയ ഓസീസിനെ ഇന്ത്യ തകര്‍ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും. മറുഭാഗത്ത് ജൂണ്‍ 25 നടക്കുന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ബംഗ്ലാദേശിനേയും നേരിടും.
Content Highlight: Ambati Rayudu Talking About Hardik Pandya