ഒരുത്തന്റെ 700 റണ്‍സല്ല, പലരും നേടുന്ന 300 റണ്‍സാണ് ഐ.പി.എല്‍ കിരീടം ജയിക്കാന്‍ കാരണം; വീണ്ടും വിരാടിനെതിരെ റായിഡു
IPL
ഒരുത്തന്റെ 700 റണ്‍സല്ല, പലരും നേടുന്ന 300 റണ്‍സാണ് ഐ.പി.എല്‍ കിരീടം ജയിക്കാന്‍ കാരണം; വീണ്ടും വിരാടിനെതിരെ റായിഡു
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 27th May 2024, 3:20 pm

കഴിഞ്ഞ ദിവസം നടന്ന ഐ.പി.എല്‍ 2024ന്റെ ഫൈനല്‍ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പിച്ച് കപ്പുയര്‍ത്തിയിരുന്നു. ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റും 57 പന്തും ശേഷിക്കവെയായിരുന്നു ഹൈദരാബാദിനെ ചിത്രത്തില്‍ പോലും ഇല്ലാതാക്കി നൈറ്റ് റൈഡേഴ്‌സ് കപ്പുയര്‍ത്തിയത്.

ഈ മത്സരത്തിന് പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ അഭിനന്ദിച്ചും ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പുറത്താക്കിയ വിരാട് കോഹ്‌ലിക്കെതിരെ പരസ്യമായും രംഗത്തുവന്നിരിക്കുകയാണ് മുന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമായ അംബാട്ടി റായിഡു. ഓറഞ്ച് ക്യാപ്പ് നിങ്ങള്‍ക്ക് ഐ.പി.എല്‍ കിരീടം നേടിത്തരില്ല എന്നാണ് റായിഡു പറഞ്ഞത്.

സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെയായിരുന്നു റായിഡുവിന്റെ പ്രതികരണം.

‘(സുനില്‍) നരെയ്ന്‍, (മിച്ചല്‍) സ്റ്റാര്‍ക്, (ആന്ദ്രേ) റസല്‍ എന്നീ താരങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് അഭിനന്ദനങ്ങള്‍. ഇവരുടെയെല്ലാവരുടെയും പങ്ക് കൊല്‍ക്കത്തയുടെ വിജയത്തില്‍ നിര്‍ണായകമായി. ഇങ്ങനെയാണ് ഒരു ടീം കിരീടം നേടുന്നത്.

വര്‍ഷങ്ങളായി ഇത് നമ്മള്‍ കാണുന്നതാണ്. ഓറഞ്ച് ക്യാപ്പല്ല നിങ്ങള്‍ക്ക് കിരീടം നേടി തരുന്നത്. മറിച്ച് പല താരങ്ങള്‍ നേടുന്ന 300 വീതം റണ്‍സുകളായിരിക്കും നിങ്ങള്‍ക്ക് കിരീടം നേടി തരുന്നത്,’ റായിഡു പറഞ്ഞു.

ഈ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് താരം വിരാട് കോഹ്‌ലിയാണ് ഓറഞ്ച് ക്യാപ് നേടിയത്. 15 മത്സരത്തില്‍ നിന്നും 61.75 എന്ന മികച്ച ശരാശരിയിലും 154.69 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലും 741 റണ്‍സാണ് വിരാട് നേടിയത്. ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയുമാണ് വിരാട് ഈ സീസണില്‍ സ്വന്തമാക്കിയത്.

ഇത് ആദ്യമായല്ല റായിഡു വിരാടിനെതിരെ രംഗത്തുവരുന്നത്. നിര്‍ണായക മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തി പ്ലേ ഓഫ് കളിക്കാന്‍ അനുവദിക്കാതെ പുറത്താക്കിയതോടെയാണ് റായിഡു വിരാട് കോഹ്‌ലിക്കെതിരായ വിമര്‍ശനങ്ങള്‍ തൊടുത്തുവിട്ടത്.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ഒറ്റ തവണ പോലും ഐ.പി.എല്‍ കിരീടം നേടാന്‍ സാധിക്കാത്തതിന് കാരണം വിരാട് കോഹ്‌ലിയാണെന്നായിരുന്നു താരത്തിന്റെ പേരെടുത്ത് പറയാതെ റായിഡു പറഞ്ഞത്. എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്‌സ് പരാജയപ്പെട്ടതിന് പിന്നാലെയാണ് റായിഡു രംഗത്തെത്തിയത്.

‘ഇക്കാലമത്രയും ആര്‍.സി.ബിയെ ചേര്‍ത്തുപിടിച്ച ആരാധകര്‍ക്കൊപ്പമാണ് എന്റെ ഹൃദയം നിലകൊള്ളുന്നത്. വ്യക്തിഗത നേട്ടങ്ങളെക്കാള്‍ ടീമിന്റെ കാര്യത്തില്‍ മാനേജ്മെന്റിനും ടീം ലീഡര്‍മാര്‍ക്കും താത്പര്യമുണ്ടായിരുന്നെങ്കില്‍… റോയല്‍ ചലഞ്ചേഴ്സ് ഇതിനോടകം തന്നെ ഒന്നിലധികം കിരീടങ്ങള്‍ നേടുമായിരുന്നു.

എത്ര മികച്ച കളിക്കാരെയാണ് ടീം പുറത്താക്കിയതെന്ന് ആലോചിക്കുക. ടീമിന് മുന്‍ഗണന നല്‍കുന്ന താരങ്ങളെ സ്വന്തമാക്കാന്‍ ഇനിയെങ്കിലും നിങ്ങളുടെ മാനേജ്മെന്റിനെ നിര്‍ബന്ധിക്കുക. വരാനിരിക്കുന്ന മെഗാലേലത്തില്‍ പുതിയ അധ്യായത്തിന് തുടക്കം കുറിക്കാന്‍ സാധിക്കട്ടെ,’ റായിഡു എക്സില്‍ കുറിച്ചു.

താരത്തിന്റെ പോസ്റ്റിന് പിന്നാലെ ആരാധകരും രംഗത്തെത്തിയിരിക്കുകയാണ്.

2019 ലോകകപ്പ് സ്‌ക്വാഡില്‍ അംബാട്ടി റായിഡുവിനെ ഉള്‍പ്പെടുത്താതിരുന്ന വിരാടിന്റെ തീരുമാനം എന്തുകൊണ്ടും ശരിയായിരുന്നുവെന്നും വെറും 61 അന്താരാഷ്ട്ര മത്സരം മാത്രം കളിച്ചവന് 80 അന്താരാഷ്ട്ര സെഞ്ച്വറിയുള്ള വിരാടിനോടുള്ള അസൂയയാണ് ഇപ്പോഴുള്ള വിമര്‍ശനങ്ങള്‍ക്ക് കാരണമെന്നും ആരാധകര്‍ കമന്റുകളില്‍ പറയുന്നു.

2019 ലോകകപ്പില്‍ റായിഡുവിന് പകരം വിജയ് ശങ്കറിനെ ടീമിലെടുത്തപ്പോള്‍ താരത്തെ പരിഹസിച്ചുകൊണ്ട് റായിഡു പങ്കുവെച്ച ട്വീറ്റും ആരാധകര്‍ ചര്‍ച്ചയാക്കുന്നുണ്ട്. അന്ന് തുടങ്ങിയ കരച്ചില്‍ ഇനിയെങ്കിലും നിര്‍ത്തിക്കൂടെയെന്നാണ് ആരാധകര്‍ ഉയര്‍ത്തുന്ന ചോദ്യം.

 

Content Highlight: Ambati Rayudu slams Virat Kohli