ഐ.പി.എല്‍ 2024ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് പുറത്തായത് മുതല്‍ വിരാട് കോഹ്‌ലിക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ട് മുന്‍ ഇന്ത്യന്‍ താരവും ചെന്നൈ സൂപ്പര്‍ താരവുമായിരുന്ന അംബാട്ടി റായിഡു രംഗത്തെത്തിയിരുന്നു. റോയല്‍ ചലഞ്ചേഴ്‌സിന് കപ്പെടുക്കാന്‍ സാധിക്കാതെ പോയതിന് കാരണം വിരാട് ആണെന്ന തരത്തില്‍ പോസ്റ്റും റായിഡു പങ്കുവെച്ചിരുന്നു.
ഇപ്പോള്‍ റായിഡു വിരാടിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ വീണ്ടും ശ്രദ്ധ നേടുകയാണ്. വിരാട് ഇതിഹാസമാണെന്നും പിന്നാലെയെത്തുന്ന യുവതാരങ്ങള്‍ക്ക് വിരാടിന്റെ നിലവാരത്തിലെത്തുക പ്രയാസമാണെന്നുമായിരുന്നു റായിഡു പറഞ്ഞത്.
സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെയാണ് റായിഡു വിരാടിനെ പുകഴ്ത്തിയത്.
‘വിരാട് ടീമിലെ ഇതിഹാസവും ധീരനുമായ കളിക്കാരനാണ്. അദ്ദേഹം തന്റെ നിലവാരം ഉയര്‍ത്തിക്കൊണ്ടേയിരിക്കുകയാണ്. ഇത് വിരാടിനെ അനുകരിക്കാന്‍ ശ്രമിക്കുന്ന യുവതാരങ്ങളില്‍ വളരെ വലിയ സമ്മര്‍ദമാണ് ഉണ്ടാക്കുന്നത്.
ഇക്കാരണത്താല്‍ വിരാട് തന്റെ സ്റ്റാന്‍ഡേര്‍ഡ് അല്‍പമൊന്ന് കുറയ്ക്കണം. അങ്ങനെയെങ്കില്‍ ഡ്രസ്സിങ് റൂമില്‍ യുവതാരങ്ങള്‍ക്ക് അല്‍പം കൂടി മികച്ച മനോനിലയില്‍ തുടരാന്‍ സാധിക്കും,’ റായിഡു പറഞ്ഞു.
ഇതുവരെ പറഞ്ഞത് എന്തുകൊണ്ട് ഇപ്പോള്‍ മാറ്റിപ്പറയുന്നുവെന്ന ചോദ്യവുമായി ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ്. ലോര്‍ഡ് റായിഡുവിന് ഇപ്പോഴാണോ സ്ഥിരബുദ്ധി വന്നതെന്നും ചെന്നൈയുടെ തോല്‍വിയില്‍ നിന്ന് ഇപ്പോഴാണോ കരകയറാന്‍ സാധിച്ചതെന്നും ആരാധകര്‍ ചോദിക്കുന്നു. അത്രത്തോളം വലിയ വിമര്‍ശനങ്ങളാണ് റായിഡു കോഹ്‌ലിക്ക് നേരെ ഉയര്‍ത്തിയിരുന്നത്.
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ഒറ്റ തവണ പോലും ഐ.പി.എല്‍ കിരീടം നേടാന്‍ സാധിക്കാത്തതിന് കാരണം വിരാട് കോഹ്‌ലിയാണെന്നായിരുന്നു താരത്തിന്റെ പേരെടുത്ത് പറയാതെ അംബാട്ടി റായിഡു പറഞ്ഞത്. എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്സ് പരാജയപ്പെട്ടതിന് പിന്നാലെയാണ് റായിഡു രംഗത്തെത്തിയത്.
‘ഇക്കാലമത്രയും ആര്‍.സി.ബിയെ ചേര്‍ത്തുപിടിച്ച ആരാധകര്‍ക്കൊപ്പമാണ് എന്റെ ഹൃദയം നിലകൊള്ളുന്നത്. വ്യക്തിഗത നേട്ടങ്ങളെക്കാള്‍ ടീമിന്റെ കാര്യത്തില്‍ മാനേജ്‌മെന്റിനും ടീം ലീഡര്‍മാര്‍ക്കും താത്പര്യമുണ്ടായിരുന്നെങ്കില്‍… റോയല്‍ ചലഞ്ചേഴ്‌സ് ഇതിനോടകം തന്നെ ഒന്നിലധികം കിരീടങ്ങള്‍ നേടുമായിരുന്നു.
എത്ര മികച്ച കളിക്കാരെയാണ് ടീം പുറത്താക്കിയതെന്ന് ആലോചിക്കുക. ടീമിന് മുന്‍ഗണന നല്‍കുന്ന താരങ്ങളെ സ്വന്തമാക്കാന്‍ ഇനിയെങ്കിലും നിങ്ങളുടെ മാനേജ്‌മെന്റിനെ നിര്‍ബന്ധിക്കുക. വരാനിരിക്കുന്ന മെഗാലേലത്തില്‍ പുതിയ അധ്യായത്തിന് തുടക്കം കുറിക്കാന്‍ സാധിക്കട്ടെ,’ റായിഡു എക്‌സില്‍ കുറിച്ചു.
താരത്തിന്റെ പോസ്റ്റിന് പിന്നാലെ വിമര്‍ശനവുമായി ആരാധകരും രംഗത്തെത്തിയിരുന്നു.
Content Highlight: Ambati Rayudu Says Virat Kohli should lower his standard for youngsters