| Thursday, 23rd May 2024, 1:30 pm

ചെന്നൈയെ തോൽപ്പിച്ചാലൊന്നും കപ്പ് കിട്ടില്ല, നന്നായി കളിക്കുകയും വേണം: ആർ.സി.ബിയെ ട്രോളി മുൻ ഇന്ത്യൻ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞദിവസം നടന്ന എലിമിനേറ്റര്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നാല് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ് രണ്ടാം ക്വാളിഫയറിലേക്ക് മുന്നേറിയിരുന്നു. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ‘

ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ 19 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

റോയല്‍ ചലഞ്ചേഴ്‌സിന്റെ പരാജയത്തില്‍ പ്രതികരണവുമായി മുന്നോട്ടു വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അമ്പാട്ടി റായ്ഡു. ആക്രമാത്മകമായ ആഘോഷങ്ങള്‍ കൊണ്ട് ബെംഗളൂരുവിനു കിരീടങ്ങള്‍ നേടാന്‍ സാധിക്കില്ലെന്നാണ് റായ്ഡു പറഞ്ഞത്. സ്റ്റാർ സ്‌പോര്‍ട്‌സിലൂടെ പ്രതികരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.

‘അഗ്രസീവായ ആഘോഷങ്ങള്‍ കൊണ്ട് ഐ.പി.എല്‍ ട്രോഫി നേടാനാവില്ലെന്ന് ആര്‍.സി.ബി മനസിലാക്കണം. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തിയതുകൊണ്ട് മാത്രം നിങ്ങള്‍ക്ക് വിജയിക്കാനാവില്ല. കിരീടം നേടണമെങ്കില്‍ കൃത്യമായ ഒരു ടീമും പ്ലേയോഫിലെ മികച്ച പ്രകടനവും ആവശ്യമാണ്. ഇന്ത്യന്‍ കളിക്കാരെയും പ്രാദേശിക പരിശീലകരെയും ചലഞ്ചേഴ്‌സ് വിശ്വസിക്കേണ്ടിവരും. ഐ.പി.എല്‍ കളിക്കുന്ന ഇന്ത്യന്‍ താരങ്ങളെ നിങ്ങള്‍ക്ക് അവഗണിക്കാനാവില്ല. ചെന്നൈ സൂപ്പര്‍ കിങ്‌സ്, മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകളെല്ലാം ഇന്ത്യന്‍ കളിക്കാരുടെ പ്രാധാന്യം മനസ്സിലാക്കിയിട്ടുണ്ട് അതുകൊണ്ടുതന്നെ അവര്‍ മികച്ച പ്രകടനം നടത്തുന്നു,’ അമ്പാട്ടി റായ്ഡു പറഞ്ഞു.

ഈ സീസണില്‍ ആദ്യ എട്ട് മത്സരങ്ങളില്‍ നിന്നും ഒരു മത്സരം മാത്രം വിജയിച്ച റോയല്‍ ചലഞ്ചേഴ്സ് പിന്നീട് നടന്ന ആറ് മത്സരങ്ങളും വിജയിച്ചുകൊണ്ട് ക്രിക്കറ്റ് ആരാധകരെ എല്ലാം ഞെട്ടിച്ചു കൊണ്ടായിരുന്നു ബെംഗളൂരു പ്ലേ ഓഫിലേക്ക് മുന്നേറിയത്. മെയ് 18 ന് നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ 27 റണ്‍സിന് പരാജയപ്പെടുത്തിയായിരുന്നു ബെംഗളൂരു പ്ലേ ഓഫിൽ കടന്നത്.

റോയല്‍ ചലഞ്ചേഴ്‌സിന്റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈയ്ക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് നേടാന്‍ സാധിച്ചുള്ളൂ.

Content Highlight: Ambati Rayudu react RCB loss against RR

We use cookies to give you the best possible experience. Learn more