ഐ.പി.എല്ലില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സ് 19 റണ്‍സിന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ പരാജയപ്പെടുത്തിയിരുന്നു. ക്യാപിറ്റല്‍സിന്റെ തട്ടകമായ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ലഖ്‌നൗ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ക്യാപ്പിറ്റല്‍സ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൂപ്പര്‍ ജയന്റ്‌സിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.
മത്സരത്തില്‍ ക്യാപ്പിറ്റല്‍സിനായി അഭിഷേക് പോരലും ട്രിസ്റ്റണ്‍ സ്റ്റപ്‌സും അര്‍ധസെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. മൂന്നു പന്തില്‍ 58 റണ്‍സ് നേടിയായിരുന്നു അഭിഷേകിന്റെ തകര്‍പ്പന്‍ പ്രകടനം. അഞ്ച് ഫോറുകളും നാല് സിക്‌സും ആണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
25 പന്തില്‍ 57 റണ്‍സ് ആയിരുന്നു സ്റ്റപ്‌സ് നേടിയത്. മൂന്ന് ഫോറുകളും നാല് സിക്‌സും ആണ് താരം അടിച്ചെടുത്തത്.
ഇപ്പോഴിതാ ട്രിസ്റ്റണ്‍ സ്റ്റപ്‌സിന്റെ മികച്ച ബാറ്റിങ് പ്രകടനങ്ങളെ പ്രശംസിച്ചുകൊണ്ട് മുന്നോട്ടുവന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അമ്പാട്ടി റായ്ഡു. സൗത്ത് ആഫ്രിക്കന്‍ ഇതിഹാസ താരം എ.ബി ഡിവില്ലിയേഴ്‌സിനെ പോലെ മികച്ച കളിക്കാരന്‍ ആവാന്‍ സ്റ്റപ്‌സിന് സാധിക്കുമെന്നാണ് റായ്ഡു പറഞ്ഞത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ പ്രതികരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.
‘ട്രിസ്റ്റന്‍ സ്റ്റപ്‌സ് ഒരു സമ്പൂര്‍ണ്ണനായ താരമാണ്. ഈ സീസണില്‍ അവന്‍ എത്ര മനോഹരമായിട്ടാണ് കളിച്ചത്. കുറഞ്ഞ വേഗതയില്‍ പന്തറിയുന്ന ബൗളര്‍മാര്‍ക്ക് എതിരെ അവന്‍ നന്നായി കളിക്കുന്നു. എ. ബി ഡിവില്ലിയേഴ്‌സിനെ പോലെ സാമ്യമുള്ള ഒരു ദക്ഷിണാഫ്രിക്കന്‍ താരങ്ങളില്‍ ഒരാളാണ് സ്റ്റപ്‌സ്. എന്റെ അഭിപ്രായത്തില്‍ അവനെ ഇനിയും ഒരുപാട് ദൂരം ക്രിക്കറ്റില്‍ സഞ്ചരിക്കാന്‍ ഉണ്ട്. അവന്‍ എ.ബി ഡിവില്ലിയേഴ്‌സിനെ പോലെ വളരെ മികച്ചവനാണ്,’ അമ്പാട്ടി റായ്ഡു പറഞ്ഞു.
ഈ വര്‍ഷത്തെ ലേലത്തില്‍ 50 ലക്ഷം രൂപയ്ക്കാണ് സ്റ്റപ്‌സിന് ദല്‍ഹി സ്വന്തമാക്കിയത്. മത്സരത്തിലെ അവസാന ഓവറുകളില്‍ ഇറങ്ങി തകര്‍ത്തടിക്കാനുള്ള കരുത്താണ് താരത്തെ വ്യത്യസ്തമാക്കുന്നത്.
ഈ സീസണില്‍ ഡെത്ത് ഓവറുകളില്‍ 54 പന്തുകളില്‍ നിന്നും 17 3 റണ്‍സ് ആണ് താരം അടിച്ചെടുത്തത്. 18-20 ഓവറുകളില്‍ ഇറങ്ങി 320.40 എന്ന കൂറ്റന്‍ പ്രഹര ശേഷിയിലാണ് താരം ബാറ്റ് വീശിയത്.
ക്യാപ്പിറ്റല്‍സിനൊപ്പം ഈ സീസണില്‍ മൂന്ന് അര്‍ധസെഞ്ച്വറികള്‍ ഉള്‍പ്പെടെ 378 റണ്‍സ് ആണ് സൗത്ത് ആഫ്രിക്കന്‍ താരം അടിച്ചെടുത്തത്. 190.90 സ്‌ട്രൈക്ക് റേറ്റിലും 54 ആവറേജില്‍ ആണ് താരം ക്യാപ്പിറ്റല്‍സിനൊപ്പം നടത്തിയത്.