രാജസ്ഥാന്‍ റോയല്‍സ് യുവതാരം റിയാന്‍ പരാജിനെ പ്രശംസിച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അമ്പാട്ടി റായ്ഡു. പരാഗ് ഇന്ത്യന്‍ ടീമിന്റെ മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നുവെന്നാണ് റായ്ഡു പറഞ്ഞത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ പ്രതികരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.
‘പരാഗ് ഇപ്പോള്‍ നന്നായി കളിക്കുന്നു. ഇതുപോലെത്തന്നെ മുന്നോട്ട് പോവുക. ഇന്ത്യക്കായി എല്ലാ ഫോര്‍മാറ്റുകളിലും അവന്‍ കളിക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പരാഗിന് അത് ചെയ്യാനുള്ള കഴിവുണ്ട്. ഈ സീസണില്‍ അവന്റെ ബാറ്റില്‍ നിന്നും മികച്ച ഇന്നിങ്‌സ് നേടാന്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടോ?; മുന്‍ ഇന്ത്യന്‍ താരം പറഞ്ഞു.
ഈ സീസണില്‍ മിന്നും ഫോമിലാണ് പരാഗ് കളിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുള്ള മത്സരത്തില്‍ 14 പന്തില്‍ 34 റണ്‍സാണ് പരാഗ് നേടിയത്. നാല് ഫോറുകളും രണ്ട് സിക്‌സുകളുമാണ് താരം നേടിയത്.
ഈ സീസണില്‍ ഏഴ് മത്സരങ്ങളില്‍ നിന്നും 63 ആവറേജില്‍ 318 റണ്‍സാണ് രാജസ്ഥാന്‍ യുവതാരം അടിച്ചെടുത്തത്. വരും മത്സരങ്ങളിലും ഈ മിന്നും പ്രകടനം ആവര്‍ത്തിക്കാന്‍ പരാഗിന് സാധിച്ചാല്‍ ജൂണില്‍ നടക്കുന്ന ടി-20 ലോകകപ്പില്‍ സ്വന്തം രാജ്യത്തെ പ്രധിനിധീകരിക്കാനും പരാഗിന് സാധിച്ചേക്കും.
ഇതിനുമുമ്പ് രാജസ്ഥാന്‍ റോയല്‍സില്‍ നടത്തിയ മോശം പ്രകടനങ്ങള്‍ക്ക് പിന്നാലെ പരാഗിനെതിരെ ധാരാളം ആളുകള്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ക്രിക്കറ്റ് ആരാധകര്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലും ധാരാളം ട്രോളുകളുടെയും കളിയാക്കലുകളിലൂടെയും പരിഹാസങ്ങള്‍ നേരിട്ട താരമാണ് റിയാന്‍ പരാഗ്. ഈ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ഇതിനെല്ലാം മറുപടി നല്‍കിയിരിക്കുകയാണ് രാജസ്ഥാന്‍ സൂപ്പര്‍ താരം.
അതേസമയം നിലവില്‍ ഏഴ് മത്സരങ്ങളില്‍ നിന്നും ആറു വിജയവും ഒരു തോല്‍വിയും അടക്കം 12 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് സഞ്ജുവും കൂട്ടരും. ഏപ്രില്‍ 22ന് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. റോയല്‍സിന്റെ തട്ടകമായ സവായ് മാന്‍സിങ് സ്റ്റേഡിയമാണ് വേദി.
Content Highlight: Ambati Rayudu praises Riyan Parag