ഏറെ നാളത്തെ കിരീട വരള്‍ച്ച അവസാനിപ്പിച്ചാണ് ഇന്ത്യ 2024 ടി-20 ലോകകപ്പ് സ്വന്തമാക്കിയത്. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐ.സി.സി കിരീടം കൂടിയാണിത്. ഈ വിജയത്തോടെ ഒന്നിലധികം തവണ ഐ.സി.സി കിരീടമണിയുന്ന മൂന്നാമത് ടീം എന്ന ചരിത്ര നേട്ടം സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചു.
ഇന്ത്യ ലോകകപ്പ് നേടുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച താരമാണ് ഹര്‍ദിക് പാണ്ഡ്യ. ലോകകപ്പിന് മുമ്പ് താരത്തിന്റെ ഫോമിനെ കുറിച്ച് ആശങ്കകള്‍ ഉയര്‍ന്നിരുന്നെങ്കിലും അതെല്ലാം കാറ്റില്‍ പറത്തിയാണ് വൈസ് ക്യാപ്റ്റന്‍ ഇന്ത്യന്‍ ജയത്തിന്റ നെടുംതൂണായത്.
സൗത്ത് ആഫ്രിക്കക്കെതിരായ ഫൈനല്‍ മത്സരത്തില്‍ ഹര്‍ദിക്കാണ് ഇന്ത്യയെ വിജയത്തിലേക്ക് കൈപിടിച്ചുനടത്തിയത്. മാരക ഫോമില്‍ തുടര്‍ന്ന ഹെന്‌റിക് ക്ലാസനെയും അവസാന ഓവറിലെ ആദ്യ പന്തില്‍ ഡേവിഡ് മില്ലറിനെയും പുറത്താക്കിയതാണ് മത്സരത്തില്‍ വഴിത്തിരിവായത്.
ഇപ്പോള്‍ ഇന്ത്യയുടെ വിജയശില്‍പിയെ അഭിനനന്ദിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം അംബാട്ടി റായിഡു. ഇപ്പോള്‍ ഹര്‍ദിക്കിനെ കൂവാന്‍ ആരെങ്കിലും ധൈര്യപ്പെടുമോ എന്നാണ് റായിഡു ചോദിച്ചത്. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ നടന്ന പരിപാടിക്കിടെ നടത്തിയ പ്രസ്താവനയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
‘എനിക്ക് തോന്നുന്നത് അവന്‍ വളരെ മികച്ച രീതിയില്‍ തന്നെ തന്റെ ഭാഗം പൂര്‍ത്തിയാക്കി എന്നാണ്. എന്തൊരു മികച്ച മെന്റല്‍ സ്‌ട്രെങ്താണ് അവനുള്ളത്. ഇപ്പോള്‍ ഇന്ത്യയിലെ ആരെങ്കിലും അവനെ കൂവി വിളിക്കുമോ, ഞാന്‍ വെല്ലുവിളിക്കുകയാണ്,’ റായിഡു ചോദിച്ചു.
ലോകകപ്പിന് തൊട്ടുമുമ്പ് നടന്ന ഐ.പി.എല്ലിലാണ് ആരാധകര്‍ താരത്തെ കൂവി വിളിച്ചത്. ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റനായിരിക്കെ മുംബൈ ഇന്ത്യന്‍സ് താരത്തെ വീണ്ടും വാംഖഡെയിലെത്തിക്കുകയും നായകസ്ഥാനമേല്‍പിക്കുകയുമായിരുന്നു.
ഇതോടെ ഒരു കൂട്ടം ആരാധകര്‍ പരസ്യമായി തന്നെ ഹര്‍ദിക് പാണ്ഡ്യക്കെതിരെ രംഗത്തുവന്നിരുന്നു. മത്സരം നടക്കുന്നതിനിടെ ഹര്‍ദിക് പാണ്ഡ്യയെ കൂവി വിളിച്ചും അസഭ്യ പരാമര്‍ശങ്ങള്‍ നടത്തിയുമാണ് അവര്‍ തങ്ങളുടെ അതൃപ്തി വ്യക്തമാക്കിയത്. ഇത് താരത്തിന് മാനസികമായി ബുദ്ധിമുട്ടുകളുണ്ടാക്കുകയും ചെയ്തിരുന്നു.
‘അവന്‍ അത്ഭുതകരമായ ഒരു വ്യക്തിയാണ്, വളരെ മികച്ച ഒരു മനുഷ്യനാണ്. ഇതുകൊണ്ടാണ് ഈ കൊടുങ്കാറ്റില്‍ നിന്നെല്ലാം തിരിച്ചുവരാന്‍ അവന് സാധിച്ചത്. ഇതില്‍ നിന്നെല്ലാം തിരിച്ചുവരാന്‍ അവന് കുറച്ച് സമയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവിശ്വസനീയം. അവനിപ്പോള്‍ ഒരു ലോക ചാമ്പ്യന്‍ കൂടിയാണെന്ന് നിങ്ങള്‍ക്കറിയാവുന്നതല്ലേ,’ റായിഡു കൂട്ടിച്ചേര്‍ത്തു.
രോഹിത് ശര്‍മ അന്താരാഷ്ട്ര ടി-20 ഫോര്‍മാറ്റില്‍ നിന്നും പടിയിറങ്ങിയതോടെ ഇന്ത്യയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഇനിയാര് എന്ന ചോദ്യത്തിന് ഹര്‍ദിക്കിന്റെ പേര് തന്നെയാണ് പറഞ്ഞുകേള്‍ക്കുന്നത്.