| Tuesday, 23rd May 2023, 9:54 pm

അമ്പട റായിഡു! സഞ്ജുവിനും മുമ്പേ തകര്‍പ്പന്‍ റെക്കോഡ്; കരിയറിലെ നാഴികക്കല്ല് താണ്ടി സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ ആദ്യ ക്വാളിഫയര്‍ മത്സരം പുരോഗമിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് നിശ്ചിത ഓവറില്‍ എഴ് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് നേടിയത്. 44 പന്തില്‍ നിന്നും 60 റണ്‍സ് നേടിയ ഓപ്പണര്‍ ഋതുരാജ് ഗെയ്ക്വാദിന്റെ ഇന്നിങ്‌സാണ് ചെന്നൈക്ക് തുണയായത്.

ഗെയ്ക്വാദിന് പുറമെ ഡെവോണ്‍ കോണ്‍വേ, രവീന്ദ്ര ജഡേജ, അംബാട്ടി റായിഡു എന്നിവരും മോശമല്ലാത്ത രീതിയില്‍ ബാറ്റ് വീശി. കോണ്‍വേ 40 റണ്‍സ് നേടിയപ്പോള്‍ ജഡേജ 22ഉം റായിഡു 17ഉം റണ്‍സ് നേടി.

ഒമ്പത് പന്തില്‍ നിന്നും ഒരു സിക്‌സറിന്റെയും ഒരു ബൗണ്ടറിയുടെയും അകമ്പടിയോടെയാണ് റായിഡു റണ്‍സ് നേടിയത്. ടീം സ്‌കോര്‍ 148ല്‍ നില്‍ക്കവെ റാഷിദ് ഖാന്റെ പന്തില്‍ ദാസുന്‍ ഷണകക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

വെടിക്കെട്ട് പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ലെങ്കിലും ടൈറ്റന്‍സിനെതിരായ മത്സരത്തിന് പിന്നാലെ കരിയറിലെ ഏറ്റവും മികച്ച നേട്ടങ്ങളിലൊന്ന് റായിഡുവിനെ തേടിയെത്തിയിരുന്നു. ടി-20 ഫോര്‍മാറ്റില്‍ 6,000 റണ്‍സ് മാര്‍ക് പിന്നിട്ടാണ് റായിഡു ചരിത്രത്തിന്റെ ഭാഗമായത്.

ടി-20യില്‍ 6000 റണ്‍സ് തികയ്ക്കുന്ന 12ാമത് മാത്രം ബാറ്ററാണ് റായിഡു.

വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, സുരേഷ് റെയ്ന, റോബിന്‍ ഉത്തപ്പ, എം.എസ്. ധോണി, ദിനേഷ് കാര്‍ത്തിക്, കെ.എല്‍. രാഹുല്‍, മനീഷ് പാണ്ഡേ, ഗൗതം ഗംഭീര്‍, സൂര്യകുമാര്‍ യാദവ് എന്നിവരാണ് ടി-20യില്‍ ഇതിനോടകം 6,000 റണ്‍സ് മാര്‍ക് പിന്നിട്ട ഇന്ത്യന്‍ താരങ്ങള്‍. ഇവര്‍ക്കൊപ്പമാണ് റായിഡു തന്റെ പേരും എഴുതിച്ചേര്‍ത്തത്.

290 മത്സരത്തിലെ 269 ഇന്നിങ്‌സില്‍ നിന്നും 6009 റണ്‍സാണ് റായിഡുവിന്റെ സമ്പാദ്യം. 26.47 എന്ന ആവറേജിലും 124.57 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് റായിഡു റണ്ണടിച്ചുകൂട്ടിയത്. ഒരു സെഞ്ച്വറിയും 31 അര്‍ധ സെഞ്ച്വറിയുമുള്ള റായിഡുവിന്റെ ഉയര്‍ന്ന സ്‌കോര്‍ 100* ആണ്.

റായിഡുവിന് മുമ്പേ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ഈ നേട്ടം സ്വന്തമാക്കുമെന്നാണ് ആരാധകര്‍ കരുതിയിരുന്നത്. ധര്‍മശാലയില്‍ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ 23 റണ്‍സ് നേടിയാല്‍ ഈ നേട്ടം മറികടക്കാമെന്നിരിക്കെ താരം രണ്ട് റണ്‍സിന് പുറത്താവുകയായിരുന്നു.

Content highlight: Ambati Rayudu completed 6000 runs in T20

We use cookies to give you the best possible experience. Learn more