മകന് വേണ്ടി മുന്‍ ബി.സി.സി.ഐ പ്രസിഡന്റ് തന്റെ കരിയര്‍ ഇല്ലാതാക്കി; ആരോപണവുമായി ഇന്ത്യന്‍ സൂപ്പര്‍ താരം
Sports News
മകന് വേണ്ടി മുന്‍ ബി.സി.സി.ഐ പ്രസിഡന്റ് തന്റെ കരിയര്‍ ഇല്ലാതാക്കി; ആരോപണവുമായി ഇന്ത്യന്‍ സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 15th June 2023, 9:21 am

ആഭ്യന്തര തലത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമ്പോള്‍ തന്റെ മകന് വേണ്ടി മുന്‍ ബി.സി.സി.ഐ അധ്യക്ഷനും മുന്‍ ഇന്ത്യന്‍ താരവുമായ ശിവ്‌ലാല്‍ യാദവ് തന്റെ കരിയര്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമായി അംബാട്ടി റായിഡു. യുവതാരമായിരിക്കെ മികച്ച രീതിയില്‍ കളിച്ചിട്ടും തന്റെ അരങ്ങേറ്റം വൈകിപ്പിക്കാന്‍ യാദവിന്റെ ഭാഗത്ത് നിന്നും ബോധപൂര്‍വമായ ഇടപെടലുകള്‍ ഉണ്ടായെന്നും റായിഡു പറഞ്ഞു.

ആഭ്യന്തര തലത്തില്‍ ഹൈദരാബാദില്‍ കളിക്കവെ ശിവ്‌ലാല്‍ യാദവിന്റെ മകനായ അര്‍ജുന്‍ യാദവും തന്റെയൊപ്പമുണ്ടായിരുന്നുവെന്നും അര്‍ജുനേക്കാള്‍ മികച്ച പ്രകടനം പുറത്തെടുത്തത് നാഷണല്‍ ടീമിന് വേണ്ടി കളിക്കുക എന്ന തന്റെ സ്വപ്‌നത്തിന് തടസമായെന്നും അദ്ദേഹം പറഞ്ഞു.

ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്റെ ഭാഗത്ത് നിന്നും ഉണ്ടായ മോശം പെരുമാറ്റത്തെ കുറിച്ചും റായിഡു പറഞ്ഞു.

‘എന്റെ ചെറുപ്പകാലത്ത് തന്നെ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനില്‍ (എച്ച്.സി.എ) രാഷ്ട്രീയമുണ്ടായിരുന്നു. ശിവ്‌ലാല്‍ യാദവിന്റെ മകനായിരുന്ന അര്‍ജുന്‍ യാദവ് ഇന്ത്യന്‍ ടീമിന് വേണ്ടി കളിക്കുക എന്ന ഉദ്ദേശത്തോടെ എന്നെ ഉപദ്രവിക്കുകയും അധിക്ഷേപിക്കുകയും ചെയ്തിരുന്നു. ഞാന്‍ അര്‍ജുനേക്കാള്‍ മികച്ച രീതിയില്‍ കളിച്ചിരുന്നു. പക്ഷേ എന്നെ ഒഴിവാക്കാനാണ് അവര്‍ ശ്രമിച്ചത്.

അപ്പോള്‍ എനിക്ക് 17 വയസ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. ഇന്ത്യന്‍ ടീമിലേക്ക് അര്‍ജുനെ ഉടന്‍ തന്നെ സെലക്ട് ചെയ്യണമെന്നായിരുന്നു അവരാഗ്രഹിച്ചിരുന്നത്. എന്നാല്‍ ഒരിക്കലും അര്‍ജുന്റെ കഴിവുകൊണ്ടായിരുന്നില്ല അവന് ഇന്ത്യന്‍ ടീമിലേക്ക് വഴിയൊരുങ്ങിയത്. നമുക്ക് അതില്‍ എന്ത് ചെയ്യാന്‍ സാധിക്കും?

 

ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനില്‍ എന്റെ ചെറുപ്പകാലത്ത് ഒരു കാന്‍സര്‍ പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയിരുന്നു, അതിപ്പോള്‍ നാലാം സ്‌റ്റേജിലെത്തി നില്‍ക്കുകയാണ്. ബി.സി.സി.ഐ ഇടപെട്ടാല്‍ മാത്രമേ ഇതില്‍ എന്തെങ്കിലും മാറ്റം വരികയുള്ളൂ. അല്ലാത്തപക്ഷം എച്ച്.സി.എയെ ശരിയാക്കിയെടുക്കാന്‍ ആരെക്കൊണ്ടും സാധിക്കില്ല,’ ടി.വി9 ന്യൂസ് തെലുങ്കിന് നല്‍കിയ അഭിമുഖത്തില്‍ റായിഡു പറഞ്ഞു.

‘2003-04 കാലലഘട്ടത്തില്‍ ഞാന്‍ ഇന്ത്യ എക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. എന്നാല്‍ 2004ല്‍ സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ മാറുകയും ശിവ്‌ലാല്‍ യാദവിന്റെ അടുത്ത സുഹൃത്തുക്കള്‍ സെലക്ഷന്‍ പാനലില്‍ എത്തുകയും ചെയ്തു. അതുകൊണ്ട് എനിക്ക് ഒരു അവസരവും ലഭിച്ചില്ല.

എന്തുകൊണ്ട് ഞാന്‍ സെലക്ട് ആയില്ല എന്ന് ചോദിച്ചാലും അത് തെറ്റാകും. നാല് വര്‍ഷത്തേക്ക് അവന്‍ എന്നോട് ആരെയും സംസാരിക്കാന്‍ അനുവദിച്ചിരുന്നില്ല. മത്സരത്തിന്റെ തലേ ദിവസങ്ങളില്‍ ശിവ്‌ലാല്‍ യാദവിന്റെ ഇളയ സഹോദരന്‍ മദ്യപിച്ച് എന്റെ വീടിന് മുമ്പെലത്തി അസഭ്യം പറയാറുണ്ടായിരുന്നു. എന്നെ മാനസികമായി തളര്‍ത്താനായിരുന്നു ശ്രമം,’ റായിഡു പറഞ്ഞു.

2005ല്‍ റായിഡു ഹൈദരാബാദില്‍ നിന്നും ആന്ധ്രയിലേക്ക് ചുവടുമാറ്റിയിരുന്നു. ഇതോടെ 2005-06 സീസണില്‍ ആന്ധ്ര – ഹൈദരാബാദ് മത്സരങ്ങളില്‍ റായിഡു – അര്‍ജുന്‍ പോരാട്ടങ്ങളും ഉടലെടുത്തിരുന്നു.

 

1979-1987 കാലഘട്ടത്തില്‍ ഇന്ത്യക്കായി 35 ടെസ്റ്റും ഏഴ് ഏകദിനവും കളിച്ച താരമാണ് ശിവ്‌ലാല്‍ യാദവ്. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്റെ തലവനായിരുന്ന ശിവ്‌ലാല്‍ 2014ല്‍ ഇടക്കാല ബി.സി.സി.ഐ അധ്യക്ഷനായും ചുമതലയേറ്റിരുന്നു.

 

 

Content highlight:  Ambati Rayudu Accuses Former BCCI President Of Ruining His Career To Help Son