അംബാനിയെ തൊട്ടപ്പോള്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും പൊള്ളി: കെജ്‌രിവാള്‍
India
അംബാനിയെ തൊട്ടപ്പോള്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും പൊള്ളി: കെജ്‌രിവാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th February 2014, 7:47 pm

[share]

[]ന്യൂദല്‍ഹി: മുകേഷ്‌ അംബാനിയെ തൊട്ടപ്പോള്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും പൊള്ളിയെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ജന്‍ലോക്പാല്‍ ബില്ലിനെതിരെ കോണ്‍ഗ്രസും ബി.ജെ.പിയും വോട്ട് ചെയ്യാന്‍ കാരണം മുകേഷ്‌ അംബാനിയുടെ സമ്മര്‍ദമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

താന്‍ മൂന്നുപ്രാവശ്യം രാജി വെക്കാന്‍ തയ്യാറാണെന്നും അഴിമതി തുടച്ചുനീക്കുകയാണ് തന്റെ ലക്ഷ്യമെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി. ജന്‍ലോക്പാല്‍ ബില്ല് ഇന്ന് ദല്‍ഹി നിയമസഭയില്‍ പാസാക്കാനാവത്തിനെ തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകായായിരുന്നു അദ്ദേഹം.

അതേസമയം, ഭാവി പരിപാടി ആലോചിക്കാന്‍ ആം ആദ്മി നേതാക്കള്‍ യോഗം ചേരുകയാണ്. കെജ്‌രിവാള്‍ രാജിവെച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ വിലയിരുത്തി.

കോണ്‍ഗ്രസും ബി.ജെ.പിയും എതിര്‍ത്ത് വോട്ട് ചെയ്തതിനെ തുടര്‍ന്ന് ജന്‍ലോക്പാല്‍ ബില്ല് ദല്‍ഹി നിയമസഭയില്‍ ഇന്ന് നടപ്പാക്കാനായില്ല. ബില്ലിനെ അനുകൂലിച്ച് 27 എം.എല്‍.എമാര്‍ വോട്ട് ചെയ്തപ്പോള്‍ 42 എം.എല്‍.എമാര്‍ എതിര്‍ത്ത് വോട്ട് ചെയ്തു.

ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതിയില്ലാതെയാണ് ദല്‍ഹി സര്‍ക്കാര്‍ ജന്‍ലോക്പാല്‍ ബില്‍ ലോക്‌സഭയില്‍ ഇന്ന് അവതരിപ്പിച്ചത്.

ബില്‍ അവതരിപ്പിക്കാന്‍ സ്പീക്കര്‍ നിയമമന്ത്രി സോമനാഥ് ഭാരതിയെ ക്ഷണിച്ചെങ്കിലും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് അദ്ദേഹത്തിന് സംസാരിക്കാന്‍ സാധിച്ചില്ല.

തുടര്‍ന്ന് ഇരപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ജന്‍ലോക്പാല്‍ ബില്‍ സ്പീക്കറുടെ മേശപ്പുറത്ത് വെച്ചു.

ബില്‍ മേശപ്പുറത്തു വയ്ക്കുന്നു, ഇത് അവതരിപ്പിച്ചതായി കണക്കാക്കണമെന്നും കെജ്‌രിവാള്‍ അറിയിച്ചു. നിയമസഭയുടെ പരിഗണനയ്ക്കായി വച്ച ബില്ലില്‍ വോട്ടെടുപ്പ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബില്ലില്‍ ചര്‍ച്ച നടത്താന്‍ നിയമമന്ത്രി സോമനാഥ് ചാറ്റര്‍ജിയെ ക്ഷണിച്ചെങ്കിലും പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങുകയും സ്പീക്കറെ വളഞ്ഞ് ബില്‍ അവതരിപ്പിക്കാന്‍ അനുവദിച്ചതിനെതിരേ പ്രതിഷേധിക്കുകയും ചെയ്തു.

തുടര്‍ന്ന്  സഭ 20 മിനുട്ട് നിര്‍ത്തിവെച്ചു. തുടര്‍ന്ന് ബില്‍ വിജയകരമായി അനുവദിക്കാന്‍ സാധിച്ചെന്ന് നിയമമന്ത്രി സോംനാഥ് ഭാരതി വ്യക്തമാക്കി.

ഇതിനിടെ ജന്‍ലോക്പാല്‍ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കരുതെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നിയമസഭാ സ്പീക്കര്‍ക്ക് അയച്ച കത്ത് സഭയില്‍ വെക്കണമെന്ന ആവശ്യം ബി.ജെ.പി അംഗങ്ങള്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ എ.എ.പി അംഗങ്ങളും സ്പീക്കറും ആദ്യം തയാറായില്ല. തുടര്‍ന്ന് പ്രതിപക്ഷം ബഹളംവെച്ചു.

ഗവര്‍ണറുടെ കത്തില്‍ വോട്ടിങ് ആവശ്യപ്പെടുന്നില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. ബില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി കത്ത് വായിക്കണമെന്ന് മാത്രമാണ് ലഫ്. ഗവര്‍ണര്‍ പറഞ്ഞത്. തുടര്‍ന്നായിരുന്നു സ്പീക്കര്‍ ബില്‍ അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടത്.