| Friday, 4th August 2017, 10:47 am

സംവരണവിരുദ്ധ കാമ്പെയ്‌നുമായി അംബാനിമാര്‍ സോഷ്യല്‍ മീഡിയയില്‍: സംവരണം ഇന്ത്യയെ തന്നെ ഇല്ലാതാക്കുമെന്ന് പ്രചരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജാതി സംവരണം എടുത്തുമാറ്റാന്‍ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയകളിലൂടെ സംവരണ വിരുദ്ധ കാമ്പെയ്‌നുമായി കോര്‍പ്പറേറ്റുകള്‍ രംഗത്ത്. ജാതി അടിസ്ഥാനത്തിലുള്ള സംവരണം എടുത്തുമാറ്റുകയെന്ന ആര്‍.എസ്.എസ് അജണ്ട നടപ്പിലാക്കുകയാണ് ഇവര്‍ ഇതുവഴി ലക്ഷ്യമിടുന്നത്.

ആരക്ഷണ്‍ വിരുദ്ധ് പാര്‍ട്ടി (സംവരണ വിരുദ്ധ പാര്‍ട്ടി) എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ചുകൊണ്ടും റിസര്‍വേഷന്‍ ഹടാഓ ദേഷ് ബചാഓ (സംവരണം എടുത്തുമാറ്റൂ രാജ്യത്തെ രക്ഷിക്കൂ) എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ രൂപപ്പെടുത്തിക്കൊണ്ടുമാണ് കോര്‍പ്പറേറ്റുകള്‍ സംവരണ വിരുദ്ധ മനോഭാവം വളര്‍ത്തുന്നത്.


Must Read: ‘ഇത് തെമ്മാടിത്തം, മാധ്യമഗുണ്ടായിസം’: ശശി തരൂരിനെതിരായ റിപ്പബ്ലിക് ടി.വിയുടെ ആക്രമണം വീഡിയോ സഹിതം തുറന്നുകാട്ടി മാധ്യമപ്രവര്‍ത്തകന്‍ ഹര്‍ഷന്‍


റിലയന്‍സ് സ്ഥാപക മേധാവി ധീരുഭായ് അംബാനിയുടെ ഫേസ്ബുക്ക് പേജിനു മുകളിലായി പിന്‍ ചെയ്തിരിക്കുന്ന സംവരണവിരുദ്ധ പോസ്റ്റ് കോര്‍പ്പറേറ്റുകളും സംവരണ വിരുദ്ധ കാമ്പെയ്‌നും തമ്മിലുള്ള ബന്ധം തുറന്നുകാട്ടുന്നതാണ്. പോസ്റ്റിനു മുകളിലായി “റിസര്‍വേഷന്‍ ഹടാഓ ദേഷ് ബചാഓ” എന്ന മുദ്രാവാക്യമുള്‍ക്കൊള്ളുന്ന പേജിന്റെ ലിങ്ക് നല്‍കിക്കൊണ്ടാണ് സംവരണവിരുദ്ധ പോസ്റ്റര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

ഇന്ത്യയെയും അമേരിക്കയെയും താരതമ്യം ചെയ്തുള്ള പോസ്റ്ററാണ് പേജിലുള്ളത്. സംവരണം നിലനില്‍ക്കുന്ന ഇന്ത്യയിലെ വലിയൊരുവിഭാഗം വിദ്യാസമ്പന്നരും പ്രൊഫഷണലുകളും സംവരണമില്ലാത്ത അമേരിക്കയിലാണ് ജോലി ചെയ്യുന്നതെന്നും സംവരണം കാരണമാണ് ഇന്ത്യ പിന്നോട്ടുപോകുന്നതെന്നുമാണ് പോസ്റ്ററിലൂടെ പറഞ്ഞുവെയ്ക്കുന്നത്.

സംവരണം ഇല്ലാതാക്കിയില്ലെങ്കില്‍ ഇന്ത്യ തന്നെ ഇല്ലാതാകും, ഭരണഘടനയിലെ സമത്വം എന്ന വാക്ക് തെളിയിക്കപ്പെടണമെങ്കില്‍ സംവരണം ഇല്ലാതാകണം തുടങ്ങിയ കാര്യങ്ങളാണ് ഈ പോസ്റ്ററിനൊപ്പമുള്ള ലിങ്കില്‍ പറഞ്ഞുവെയ്ക്കുന്നത്. ഇതിനൊപ്പം സംവരണ വിരുദ്ധത കുത്തിനിറയ്ക്കാന്‍ ഒട്ടേറെ ചിത്രങ്ങളും പേജിലുണ്ട്.

2014ല്‍ കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയകളില്‍ വിവിധ ഘട്ടങ്ങളില്‍ സംവരണ വിരുദ്ധ കാമ്പെയ്ന്‍ ശക്തിപ്പെട്ടിരുന്നു. ഇതിനു വളമേകാനെന്നവണ്ണം പലപ്പോഴും ആര്‍.എസ്.എസ്, ബി.ജെ.പി നേതാക്കള്‍ സംവരണ വിരുദ്ധ നിലപാടുകള്‍ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

“രാജ്യതാല്‍പര്യത്തിനും സാമൂഹ്യ സമത്വത്തിനും വേണ്ടി നിലകൊള്ളുന്ന കുറച്ചാളുകളെ ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിക്കണം. അതില്‍ സമൂഹത്തില്‍ നിന്നുള്ള പ്രതിനിധികളുമുണ്ടാകണം. അവര്‍ തീരുമാനിക്കണം ഏതൊക്കെ വിഭാഗത്തിന് സംവരണം നല്‍കേണ്ടതെന്നും എത്രനാള്‍ നല്‍കണം എന്നും” സംവരണത്തെ എതിര്‍ത്ത് ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവത് നടത്തിയ പരാമര്‍ശം ഇങ്ങനെയായിരുന്നു.

ആര്‍.എസ്.എസ് നേതാവായ മന്‍മോഹന്‍ വൈദ്യയും സംവരണത്തിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. ” ജാതി അടിസ്ഥാനത്തിലുള്ള സംവരണം ഒരു ഘട്ടത്തില്‍ അവസാനിപ്പിക്കണം. എല്ലാകാലത്തേക്കുമായി കൊണ്ടുപോകുകയാണെങ്കില്‍ ഇത്തരമൊരു സംവരണ നയം ഒരു രാജ്യത്തിനും ഗുണം ചെയ്യില്ലെന്ന് അംബേദ്കര്‍ പറഞ്ഞിട്ടുണ്ട്. എല്ലാവര്‍ക്കും കൂടുതല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കുന്ന ഒരു കാലം വരികയും സംവരണം അവസാനിക്കുകയും ചെയ്യണം.” എന്നായിരുന്നു വൈദ്യയുടെ പരാമര്‍ശം.

Latest Stories

We use cookies to give you the best possible experience. Learn more