ന്യൂദല്‍ഹി: കേരളത്തിലേക്ക് ദുരിതാശ്വാസ സഹായങ്ങളെത്തിച്ച് അംബാനിയും അദാനിയും. റിലയന്‍സ് ഫൗണ്ടേഷനും അദാനി ഫൗണ്ടേഷനുമാണ് പ്രളയബാധിതര്‍ക്കായുള്ള ധനസഹായം നല്‍കുമെന്നും മറ്റു സാമഗ്രികള്‍ എത്തിക്കുമെന്നും പ്രഖ്യാപിച്ചിരിക്കുന്നത്.
അന്‍പതു കോടി രൂപയുടെ സഹായമാണ് അദാനി ഗ്രൂപ്പിന്റെ വാഗ്ദാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടിയുടെ സംഭാവന നല്‍കുന്നതോടൊപ്പം, അതേ തുകയ്ക്കുള്ള സാമഗ്രികളും ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിക്കും. “ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനെ സഹായിക്കാന്‍ ഘട്ടം ഘട്ടമായി ധനസഹായമെത്തിക്കും.” അദാനി ഫൗണ്ടേഷന്റെ പ്രസ്താവനയില്‍ പറയുന്നു.
രാഷ്ട്രത്തിന്റെ പുനര്‍നിര്‍മാണത്തിലും പൗരന്മാരുടെ ക്ഷേമത്തിലും ബദ്ധശ്രദ്ധരാണ് ഫൗണ്ടേഷനെന്നും അദാനി വിഴിഞ്ഞം തുറമുഖവുമായി ചേര്‍ന്ന് വലിയ തോതിലുള്ള പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.
ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് അരിയും വസ്ത്രങ്ങളുമടങ്ങുന്ന കിറ്റുകള്‍ എത്തിക്കാനായി സ്റ്റാഫും വളണ്ടിയര്‍മാരുമടങ്ങുന്ന സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഫൗണ്ടേഷന്റെ അധികൃതര്‍ പറയുന്നു. അരി, അവല്‍, ബിസ്‌കറ്റുകള്‍, സോപ്പ് എന്നിവ തുടങ്ങി വസ്ത്രങ്ങളും തുണി സഞ്ചികളും വരെയടങ്ങുന്നതാണ് ഓരോ കിറ്റും.
ഒരു വീടു കെട്ടിപ്പടുക്കാന്‍ ഒരു ജീവിതകാലം തന്നെ വേണമെങ്കില്‍, അത് പുനര്‍നിര്‍മിക്കാന്‍ അതിലധികം സമയം ആവശ്യമാണെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി പറയുന്നു. “എത്ര സഹായം എത്തിച്ചാലും കേരളത്തിന്റെ നഷ്ടം നികത്താനാകില്ലെങ്കിലും, ഞങ്ങളാല്‍ കഴിയുന്നത് ചെയ്യാന്‍ ഞങ്ങളും ബാധ്യസ്ഥരാണ്. ഓരോ അദാനിയനും നടത്തുന്ന സേവനവും സംഭാവനയും ഞങ്ങളുടെ മൂല്യങ്ങളെ ഉയര്‍ത്തിക്കാട്ടുകയാണ്.” ഗൗതം അദാനി പറയുന്നു. മൊബൈല്‍ ഹെല്‍ത്ത് കെയര്‍ വാനും അദാനിയുടെ സേവനങ്ങളില്‍പ്പെടുന്നു.
Also Read: നിങ്ങളുടെ പോരാട്ടത്തില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു; കേരളത്തിന് പിന്തുണയുമായി ആഴ്‌സനല്‍, വീഡിയോ
നേരത്തേ, റിലയന്‍സ് ഫൗണ്ടേഷനും മുഖ്യമന്ത്രിയുടെ സഹായനിധിയിലേക്ക് 21 കോടി രൂപ നല്‍കിയിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട സഹായമെല്ലാം എത്തിക്കുമെന്നാണ് റിലയന്‍സിന്റെ വാഗ്ദാനം. കേരളത്തിലെ സഹോദരങ്ങള്‍ ദുരന്തബാധിതരായിരിക്കുമ്പോള്‍, സഹായമെത്തിക്കേണ്ടത് സഹജീവികളെന്ന നിലയ്ക്കും ഉത്തരവാദിത്തബോധമുള്ള ഒരു കോര്‍പ്പറേറ്റ് എന്ന നിലയ്ക്കും റിലയന്‍സിന്റെ കടമയാണെന്ന് നിത അംബാനി പറഞ്ഞിരുന്നു. റിലയന്‍സ് ഫൗണ്ടേഷന്റെ ചെയര്‍പേഴ്‌സണ്‍ ആണ് നിത.
ദുരിത ബാധിതരായ 15,000 കുടുംബങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ അടങ്ങുന്ന കിറ്റ് എത്തിച്ചു കൊടുക്കുമെന്നും നിത അറിയിച്ചിരുന്നു. ഇതിനു പുറമേ ഭക്ഷണം, ഗ്ലൂക്കോസ്, സാനിറ്ററി നാപ്കിനുകള്‍ എന്നിവയടക്കമുള്ള വസ്തുക്കള്‍ റിലയന്‍സ് റീട്ടെയില്‍ വഴി 160 ദുരിതാശ്വാസ ക്യാമ്പുളില്‍ എത്തിക്കാനും നീക്കമുണ്ട്.