| Friday, 20th May 2022, 7:45 pm

സണ്ണി വെയ്ന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് കൂട്ടുകെട്ടിലെത്തുന്ന ത്രയം; ആമ്പലേ നീലാമ്പലേ ലിറിക്കല്‍ വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സണ്ണി വെയ്ന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സഞ്ജിത്ത് ചന്ദ്രസേനന്‍ സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ത്രയം’. ചിത്രത്തിലെ ആദ്യഗാനം പുറത്ത് വന്നിരിക്കുകയാണ്.

‘ആമ്പലേ നീലാംബലേ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ സരിഗമ മലയാളം എന്ന ചാനലിലൂടെയാണ് പുറത്ത് വന്നിരിക്കുന്നത്. അരുണ്‍ മുരളീധരന്‍ ആണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. കെ.എസ്. ഹരിശങ്കര്‍ ആലപിച്ച ഈ മനോഹരമായ റൊമാന്റിക് ഗാനത്തിന് മനു മഞ്ജിത് ആണ് വരികള്‍ രചിച്ചിരിക്കുന്നത്.

അനുഗ്രഹീതന്‍ ആന്റണി എന്ന ചിത്രത്തിനായി അരുണ്‍ മുരളീധരന്‍ ഒരുക്കി കേരളക്കരയാകെ വന്‍ തരംഗം തന്നെ സൃഷ്ടിച്ച് യൂട്യൂബില്‍ മൂന്നര കോടിയിലധികം ജനങ്ങള്‍ ഇതിനോടകം കണ്ടുകഴിഞ്ഞ ‘മുല്ലെ മുല്ലെ’ എന്ന ജനപ്രിയ ഗാനത്തിന് ശേഷം വീണ്ടും അരുണ്‍ മുരളീധരന്‍-ഹരിശങ്കര്‍ കൂട്ടുകെട്ട് ഒന്നിക്കുന്ന മറ്റൊരു മെലഡി ഗാനം എന്ന പ്രത്യേകതയും ഈ ഗാനത്തിന് ഉണ്ട്.

യുവതാരങ്ങളുടെ ഒരു വല്യ നിര തന്നെ ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. സണ്ണി വെയിന്‍, ധ്യാന്‍ ശ്രീനിവാസ്, നിരഞ്ച് മണിയന്‍പിള്ള രാജു, അജു വര്‍ഗീസ്, നിരഞ്ജന അനൂപ് എന്നിവര്‍ ചിത്രത്തില്‍ കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. തിരക്കേറിയ നഗരത്തില്‍ ഒരു ദിവസത്തിനുള്ളില്‍ ഒരു കൂട്ടം യുവാക്കളുടെ ജീവിതങ്ങളിലൂടെ ബന്ധിക്കപ്പെട്ടുകിടക്കുന്ന സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങള്‍ ആണ് ചിത്രത്തിന്റെ ഇതിവൃത്തം.

വര്‍ത്തമാനകാലത്തെ യുവാക്കളുടെ ഇടയില്‍ നടക്കുന്ന പ്രശ്‌നങ്ങളുടെയും പ്രണയത്തിന്റെയും സംഘര്‍ഷങ്ങളുടെയും കഥകള്‍ ചര്‍ച്ചചെയ്യുന്ന ഈ സിനിമയില്‍ ഡെയ്ന്‍ ഡെവിസ്, രാഹുല്‍ മാധവ്, ചന്ദുനാഥ്, കാര്‍ത്തിക് രാമകൃഷ്ണന്‍, ഷാലു റഹീം, ഗോപി കൃഷ്ണ കെ. വര്‍മ (തിരികെ ഫെയിം), പ്രീതി, ശ്രീജിത്ത് രവി, സുരഭി സന്തോഷ്, അനാര്‍ക്കലി മരയ്ക്കാര്‍, ഡയാന ഹമീദ്, സരയൂ മോഹന്‍, വിവേക് അനിരുദ്ധ്, ഷാമില്‍ കെ.എസ്. തുടങ്ങിയ താരങ്ങളും പ്രധാനപെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ‘ഗോഡ്‌സ് ഓണ്‍ കണ്‍ട്രി’ എന്ന ചിത്രത്തിനു ശേഷം അരുണ്‍ കെ. ഗോപിനാഥ് തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രം പൂര്‍ണമായും രാത്രിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം ജിജു സണ്ണി നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍-രതീഷ് രാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സജീവ് ചന്തിരുര്‍, കല: സൂരജ് കുറവിലങ്ങാട്, വസ്ത്രാലങ്കാരം: സുനില്‍ ജോര്‍ജ്ജ്, ബുസി ബേബി ജോണ്‍, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഷിബു രവീന്ദ്രന്‍, അസിസ്റ്റന്റ് ഡയറക്ടര്‍: വിവേക്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ്: സഫി ആയൂര്‍, സ്റ്റില്‍സ്: നവീന്‍ മുരളി, പരസ്യക്കല: ആന്റണി സ്റ്റീഫന്‍, വാര്‍ത്ത പ്രചരണം: പി.ശിവപ്രസാദ്. എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.

Content Highlight: ambale neelambale lyrucal video from thrayam movie starring dhyan sreenivasan

Latest Stories

We use cookies to give you the best possible experience. Learn more