വയനാട്: വയനാട് അമ്പലവയലില്‍ നടന്നത് സദാചാര ഗുണ്ടായിസമെന്ന് അന്വേഷണ സംഘം. ആക്രമണത്തിന് ഇരയായത് കോയമ്പത്തൂര്‍ സ്വദേശിനിയാണ്. യുവതിയുമായി അന്വേഷണസംഘം ഫോണില്‍ സംസാരിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ നാളെ യുവതിയുടെ വീട്ടിലെത്തി മൊഴിയെടുക്കും.
യുവതിയെയും സുഹൃത്തിനെയും പ്രതിയായ സജീവാനന്ദന്‍ ലോഡ്ജില്‍ ചെന്നും ശല്യപ്പെടുത്തി. ഇരുവരും എതിര്‍ത്തപ്പോള്‍ പകയോടെ പിന്തുടര്‍ന്ന് ആക്രമിച്ചെന്നും യുവതി പൊലീസിനോട് പറഞ്ഞു.
ഞായറാഴ്ച രാത്രിയാണ് ദമ്പതികള്‍ക്ക് അമ്പലവയല്‍ ടൗണില്‍വെച്ച് മര്‍ദനമേറ്റത്. യുവതിയേയും യുവാവിനേയും അമ്പലവയല്‍ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ സജീവാനന്ദന്‍ ക്രൂരമായാണ് മര്‍ദിച്ചത്. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. ഇയാള്‍ക്കായി കര്‍ണാടകയില്‍ അന്വേഷണം തുടരുകയാണെന്നാണ് പൊലീസ് അറിയിച്ചത്.
ഊട്ടി സ്വദേശിയായ യുവാവും കോയമ്പത്തൂര്‍ സ്വദേശിയായ യുവതിയും അമ്പലവയലില്‍ എത്തി ഒരു ലോഡ്ജില്‍ താമസിക്കുമ്പോള്‍ത്തന്നെ സജീവാനന്ദന്‍ ഇവരുടെ മുറിയില്‍ ഇടിച്ചു കയറി. ഇരുവരോടും അപമര്യാദയായി പെരുമാറി. ഇതിനെ അവര്‍ എതിര്‍ത്തതോടെ ബഹളമായി. ഇവര്‍ താമസിച്ച ലോഡ്ജ് ജീവനക്കാരോട് സജീവാനന്ദന്‍ രണ്ട് പേരെയും ഇറക്കി വിടണമെന്ന് ആവശ്യപ്പെട്ടു. പ്രശ്‌നമായപ്പോള്‍ ഒതുക്കാന്‍ ഇരുവരെയും ലോഡ്ജ് ജീവനക്കാരും പുറത്താക്കി. ഇതിന് ശേഷം സജീവാനന്ദന്‍ ഇവരെ പിന്തുടര്‍ന്ന് അമ്പലവയല്‍ ടൗണില്‍ വച്ച് ആക്രമിക്കുകയായിരുന്നെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.