|

അമ്പലത്തിൻകാല അശോകൻ വധക്കേസ്; എട്ട് ആർ.എസ്.എസ് പ്രവർത്തകർക്കും ജീവപര്യന്തം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സി.പി.ഐ.എം പ്രവർത്തകൻ അമ്പലത്തിൻകാൽ അശോകൻ വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ എട്ട് ആർ.എസ്.എസ് പ്രവർത്തകർക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. കൊലപാതകം നടന്ന് പതിനൊന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് വിധി വരുന്നത്.

ജീവപര്യന്തം ശിക്ഷയ്ക്ക് പുറമേ ഇവർ അമ്പതിനായിരം രൂപ പിഴയുമൊടുക്കണം. ആദ്യ അഞ്ച് പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും, മറ്റ് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷയുമാണ് വിധിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ രണ്ടുമാസം അധിക തടവും അനുഭവിക്കണം.

ഒന്നാംപ്രതി ആമച്ചൽ തലക്കോണം തെക്കേകുഞ്ചുവീട്ടിൽ ശംഭുകുമാർ, രണ്ടാംപ്രതി കുരുതംകോട് എസ്. എം. സദനത്തിൽ ശ്രീജിത്‌, മൂന്നാംപ്രതി കുരുതംകോട് മേലേ കുളത്തിൻകര വീട്ടിൽ ഹരികുമാർ, നാലാംപ്രതി കുരുതംകോട് താരാഭവനിൽ ചന്ദ്രമോഹൻ, അഞ്ചാം പ്രതി തലക്കോണം തെക്കേകുഞ്ചുവീട്ടിൽ സന്തോഷ്‌ എന്നിവർക്കാണ് ഇരട്ട ജിവപര്യന്തം വിധിച്ചത്.

ഏഴാം പ്രതി അമ്പലത്തിൻകാല രോഹിണിനിവാസിൽ അഭിഷേക്, പത്താംപ്രതി അമ്പലത്തിൻകാല പ്രശാന്ത്‌ ഭവനിൽ പ്രശാന്ത്‌, പന്ത്രണ്ടാം പ്രതി കിഴമച്ചൽ ചന്ദ്രവിലാസം വീട്ടിൽ സജീവ് എന്നിവർക്ക് ജീവപര്യന്തം തടവാണ് വിധിച്ചത്.

ജനുവരി പത്തിനാണ് സി.പി.ഐ.എം പ്രവര്‍ത്തകനായ അശോകന്‍ കൊലപാതകക്കേസില്‍ എട്ട് ആർ.എസ്.എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തിയത്. കേസില്‍ എട്ട് പേരെ കോടതി വെറുതെ വിട്ടിരുന്നു.

2013 മെയ് അഞ്ചിനാണ് സി.പി.ഐ.എം പ്രാദേശിക പ്രവര്‍ത്തകനായ അശോകനെ ഒരു സംഘം ആളുകൾ കൊലപ്പെടുത്തിയത്. ഒരു സംഘം ആളുകള്‍ അശോകനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബ്ലേഡ് മാഫിയ സംഘം, സുഹൃത്തിനെ ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തതാണ് കൊലപാതക കാരണം.

Content Highlight: Ambalathinkala Asokan murder case: Life imprisonment for eight RSS activists

Video Stories