| Tuesday, 5th November 2019, 9:02 am

അമ്പലപ്പുഴ പാല്‍പായസം ഗോപാല കഷായം എന്ന് പേര് മാറ്റിയത് എ.കെ.ജിയുടെ സ്മരണയ്ക്ക്; പരിഹാസവുമായി എം.എം ഹസന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അമ്പലപ്പുഴ പാല്‍പായസത്തിന്റെ പേര് മാറ്റാനുള്ള തീരുമാനത്തിനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് എം.എം ഹസന്‍. ഗോപാല കഷായം എന്ന് പേര് മാറ്റാനുള്ള തീരുമാനം സി.പി.ഐ.എം നേതാവ് ആയിരുന്ന  എ.കെ ഗോപാലന്റെ സ്മരണയ്ക്കാണെന്ന് എം.എം ഹസന്‍ പറഞ്ഞു.

ഗോപാല കഷായം എന്ന പേരിട്ട് എ.കെ.ജിയുടെ സ്മരണ ഉണര്‍ത്തുന്ന പദ്മകുമാര്‍ പടിയിറങ്ങും മുമ്പ് എരുമേലിയിലോ പമ്പയിലോ മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരു പ്രതിമ കൂടി സ്ഥാപിക്കണമെന്നും അതിന്റെ ചുവട്ടില്‍ ശബരിമലയില്‍ ‘നവോത്ഥാനം’ നടപ്പാക്കിയ വിപ്ലവകാരി’ എന്നെഴുതി വയ്ക്കണമെന്നും ഹസന്‍ പരിഹസിച്ചു.

ഇത്തരത്തില്‍ ചെയ്താല്‍ പദ്മകുമാറിന്റെ കാലഘട്ടത്തില്‍ എ.കെ.ജിക്കും പിണറായിക്കും സ്മാരകങ്ങള്‍ ഉണ്ടാക്കിയതായി ചരിത്രത്തില്‍ രേഖപ്പെടുത്താമെന്നും എം.എം ഹസന്‍ പറഞ്ഞു.

അതേസമയം അമ്പലപ്പുഴ പാല്‍പായസത്തിന്റെ പേര് മാറ്റാനുള്ള തീരുമാനത്തിന് എതിരെ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്. ശ്രീകുമാരന്‍ തമ്പി, പ്രയാര്‍ ഗോപാലകൃഷ്ണന്‍, അമ്പലപ്പുഴ ക്ഷേത്രത്തെക്കുറിച്ച് പഠനങ്ങള്‍ നടത്തിയിട്ടുള്ള ഡോ അമ്പലപ്പുഴ ഗോപകുമാര്‍ എന്നിവരും രംഗത്ത് എത്തിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ ദിവസമാണ് അമ്പലപ്പുഴ ക്ഷേത്രത്തിലെ പാല്‍പ്പായസത്തിന്റെ പേര് ഗോപാല കഷായം എന്ന് മാറ്റിയത്. ആചാരപരമായി ഗോപാലകഷായം എന്നാണ് മുമ്പ് അമ്പലപ്പുഴ പാല്‍പ്പായസം അറിയപ്പെട്ടിരുന്നത്.

ഗോപാലകഷായം എന്ന ലേബല്‍ കൂടി ഉള്‍പ്പെടുത്തിയായിരിക്കും ഇനി ഈ പ്രസാദം നല്‍കുകയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ പറഞ്ഞിരുന്നു.അമ്പലപ്പുഴ പാല്‍പ്പായസം, തിരുവാര്‍പ്പ് ഉഷപ്പായസം, കൊട്ടാരക്കര ഉണ്ണിയപ്പം, ശബരിമല അപ്പം, അരവണ എന്നിവയ്ക്ക് പേറ്റന്റ് എടുക്കുമെന്നും എ.പദ്മകുമാര്‍ പറഞ്ഞിരുന്നു. ഈ പേര് മറ്റാരും ഉപയോഗിക്കരുതെന്നും വ്യവസ്ഥ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ അമ്പലപ്പുഴ പാല്‍പ്പായസം എന്ന പേരില്‍ പാല്‍പ്പായസം വിറ്റതിന്റെ പേരില്‍ തോംസണ്‍ ബേക്കറി ഉടമയ്ക്കെതിരെ ഒരു കൂട്ടമാളുകള്‍ രംഗത്തെത്തിയിരുന്നു. ഗള്‍ഫിലും സ്വദേശത്തുമായി അമ്പലപ്പുഴ പാല്‍പായസം എന്ന പേരില്‍ പഴയിടം മോഹനന്‍ നമ്പൂതിരി പായസം വില്‍ക്കുന്നുണ്ട്.

കേരളത്തിലെ 14 മഹാക്ഷേത്രങ്ങളില്‍ ഒന്നായ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലെ പ്രസിദ്ധമായ നിവേദ്യമാണ് അമ്പലപ്പുഴ പാല്‍പ്പായസം. ഇത് ഏര്‍പ്പെടുത്തിയതു ചെമ്പകശ്ശേരി രാജാവാണെന്നാണ് വിശ്വാസം.

DoolNews Video

We use cookies to give you the best possible experience. Learn more