അമ്പലപ്പുഴ ക്ഷേത്രത്തിലെ പാല്‍പ്പായസത്തിന്റെ പേര് മാറ്റി. ഇനി ഗോപാല കഷായം എന്ന് അറിയപ്പെടും. ആചാരപരമായി ഗോപാലകഷായം എന്നാണ് മുമ്പ് അമ്പലപ്പുഴ പാല്‍പ്പായസം അറിയപ്പെട്ടിരുന്നത്.
ഗോപാലകഷായം എന്ന ലേബല്‍ കൂടി ഉള്‍പ്പെടുത്തിയായിരിക്കും ഇനി ഈ പ്രസാദം നല്‍കുകയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ പറഞ്ഞു.
അമ്പലപ്പുഴ പാല്‍പ്പായസം, തിരുവാര്‍പ്പ് ഉഷപ്പായസം, കൊട്ടാരക്കര ഉണ്ണിയപ്പം, ശബരിമല അപ്പം, അരവണ എന്നിവയ്ക്ക് പേറ്റന്റ് എടുക്കുമെന്നും എ.പദ്മകുമാര്‍ പറഞ്ഞു.
ഈ പേര് മറ്റാരും ഉപയോഗിക്കരുതെന്നും വ്യവസ്ഥ ചെയ്യും.
നേരത്തെ അമ്പലപ്പുഴ പാല്‍പ്പായസം എന്ന പേരില്‍ പാല്‍പ്പായസം വിറ്റതിന്റെ പേരില്‍ തോംസണ്‍ ബേക്കറി ഉടമയ്‌ക്കെതിരെ ഒരു കൂട്ടമാളുകള്‍ രംഗത്തെത്തിയിരുന്നു. ഗള്‍ഫിലും സ്വദേശത്തുമായി അമ്പലപ്പുഴ പാല്‍പായസം എന്ന പേരില്‍ പഴയിടം മോഹനന്‍ നമ്പൂതിരി പായസം വില്‍ക്കുന്നുണ്ട്.
കേരളത്തിലെ 14 മഹാക്ഷേത്രങ്ങളില്‍ ഒന്നായ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലെ പ്രസിദ്ധമായ നിവേദ്യമാണ് അമ്പലപ്പുഴ പാല്‍പ്പായസം. ഇത് ഏര്‍പ്പെടുത്തിയതു ചെമ്പകശ്ശേരി രാജാവാണെന്നാണ് വിശ്വാസം.
വെള്ളവും പാലും അരിയും പഞ്ചസാരയും മാത്രമാണ് ഈ പാല്‍പായസത്തിന്റെ ചേരുവകള്‍. കഷായത്തിലെന്നപോലെ ധാരാളം വെള്ളത്തില്‍ പാല് വേവിച്ചെടുക്കുന്നതുകൊണ്ടായിരിക്കണം ഇതിനെ ‘ഗോപാല കഷായം’ എന്നു വിളിക്കുന്നത്.