| Wednesday, 10th November 2021, 2:44 pm

സ്‌കൂള്‍ കെട്ടിടത്തിന് ഫണ്ടനുവദിച്ച സുധാകരന്‍ 'പുറത്ത്';ഉദ്ഘാടന പോസ്റ്ററില്‍ നിന്ന് ജി. സുധാകരന്റെ പേരുള്ള ചുവരെഴുത്ത് ഒഴിവാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: മുന്‍ മന്ത്രി ജി. സുധാകരന്റെ എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടന പോസ്റ്ററില്‍ അദ്ദേഹത്തിന്റെ പേരുള്ള ചുവരെഴുത്ത് ഒഴിവാക്കിയതായി ആക്ഷേപം. നവംബര്‍ 12 ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് കെട്ടിടം ഉദ്ഘാടനം ചെയ്യുന്നത്.

അമ്പലപ്പുഴ എം.എല്‍.എ ഓഫീസാണ് പോസ്റ്റര്‍ പുറത്തിറക്കിയത്.

ഇതിന്റെ പോസ്റ്ററിലെ ചിത്രത്തില്‍ സുധാകരന്റെ എം.എല്‍.എ ഫണ്ട് ഉപയോഗിച്ചത് എന്നെഴുതിയ ചുവരെഴുത്താണ് ഫോട്ടോഷോപ്പ് ഉപയോഗിച്ച് മായ്ച്ചിരിക്കുന്നത്.

അമ്പലപ്പുഴ ഗവ. ജെ.ബി സ്‌കൂളിന് കഴിഞ്ഞ ഭരണകാലത്തു രണ്ടു നില കെട്ടിടത്തിന് അന്നത്തെ എം.എല്‍.എ ജി. സുധാകരന്‍ ഫണ്ട് അനുവദിച്ചിരുന്നു.

ഇത് പ്രകാരം നിര്‍മിച്ചുതിയ കെട്ടിടത്തിന്റെ ഒന്നാം നിലയുടെ മുന്നില്‍ പതിച്ചിരിക്കുന്ന മുന്‍ എം.എല്‍.എയുടെ പേര്, ഫണ്ട് അനുവദിച്ച വര്‍ഷം എന്നിവ അടങ്ങുന്ന ചുവരെഴുത്ത് ആണ് പൂര്‍ണമായും മായ്ച്ചത്.

അതേസമയം രണ്ടാം നിലയില്‍ ചേര്‍ത്ത സ്‌കൂളിന്റെ പേര് മാറ്റങ്ങള്‍ ഒന്നും ഇല്ലാതെ പോസ്റ്ററില്‍ ഉണ്ട്.

അമ്പലപ്പുഴ എം.എല്‍.എ ഓഫീസ് ഇറക്കിയ പോസ്റ്ററില്‍ പുതിയ കെട്ടിടത്തിന്റെ മുന്‍വശം

തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിന് പിന്നാലെ സുധാകരനെതിരെ സി.പി.ഐ.എം നടപടിയെടുത്തിരുന്നു. പരസ്യശാസനയാണ് സുധാകരന് പാര്‍ട്ടി നല്‍കിയത്.

അമ്പലപ്പുഴ മണ്ഡലത്തിലെ പ്രചരണത്തില്‍ വീഴ്ചയുണ്ടായെന്ന് പാര്‍ട്ടി കണ്ടെത്തിയിരുന്നു. അമ്പലപ്പുഴയിലെ ഇടത് സ്ഥാനാര്‍ത്ഥിയായിരുന്ന എച്ച്. സലാമിന്റെ വിജയം ഉറപ്പിക്കുന്നതിനാവശ്യമായ പ്രചാരണം നടത്തുന്നതില്‍ സുധാകരന് വീഴ്ച വന്നുവെന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍.

ഒന്നാം നിലയില്‍ ജി സുധാകരന്റെ പേര് വിവരങ്ങള്‍ ചേര്‍ത്തതിന് ശേഷം രണ്ടാം നിലയില്‍ സ്‌കൂളിന്റെ പേരെഴുതാനായി അടിച്ച മഞ്ഞ പെയിന്റ്

സുധാകരന്റെ ഭാഗത്ത് നിന്നും കുറ്റകരമായ രീതിയിലുള്ള അനാസ്ഥയുണ്ടായിട്ടുണ്ടെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. അത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് പാര്‍ട്ടി നിലപാട്.

എളമരം കരീം, കെ.ജെ. തോമസ് എന്നിവരാണ് സുധാകരനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിച്ച പാര്‍ട്ടി കമ്മീഷന്‍ അംഗങ്ങള്‍.

നിര്‍മാണപ്രവര്‍ത്തികളും ചുവരെഴുത്തും പൂര്‍ത്തീകരിച്ച ശേഷം

സി.പി.ഐ.എമ്മിന്റെ അച്ചടക്ക നടപടിയില്‍ മൂന്നാം ഘട്ടമാണ് പരസ്യ ശാസന. ആദ്യഘട്ടത്തില്‍ താക്കീത്, പിന്നീട് ശാസന, ശേഷം പരസ്യശാസന എന്നിങ്ങനെയാണ് നടപടി ക്രമങ്ങള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം 

Content Highlight: Ambalappuzha School G Sudhakaran MLA Fund

Latest Stories

We use cookies to give you the best possible experience. Learn more