ന്യൂദല്‍ഹി: വ്യക്തിവിവര സംരക്ഷണ ബില്‍ പരിശോധിക്കുന്ന ജോയിന്റ് പാര്‍ലമെന്റ് സമിതിയ്ക്ക് മുന്നില്‍ ഹാജരാകാനാവില്ലെന്ന് ആഗോള ഓണ്‍ലൈന്‍ വിപണന കമ്പനിയായ ആമസോണ്‍.
കൊവിഡ് വ്യാപന സമയമാണിതെന്നും ഈ സമയത്ത് യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലെന്നും കമ്പനി പറഞ്ഞു. വെള്ളിയാഴ്ച രാത്രി പുറത്തിറക്കിയ കമ്പനി പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം ഒക്ടോബര്‍ 28നു ചേരുന്ന യോഗത്തില്‍ ഹാജരായില്ലെങ്കില്‍ അവകാശലംഘനത്തിന് കമ്പനിക്കെതിരെ നടപടിയെടുക്കുമെന്ന് സമിതി അധ്യക്ഷ മീനാക്ഷി ലേഖി എം.പി പറഞ്ഞു.
ഫേസ്ബുക്ക്, ഗൂഗിള്‍, ആമസോണ്‍ തുടങ്ങിയ കമ്പനികളില്‍ നിന്ന് ആവശ്യമെങ്കില്‍ ഉപയോക്താക്കളുടെ വ്യക്തിവിവരം ശേഖരിക്കാന്‍ കേന്ദ്രത്തിന് അധികാരം നല്‍കുന്നതാണു വ്യക്തിവിവര സംരക്ഷണ ബില്‍.
ഇതിനിടെ ഫേസ്ബുക്ക് ഇന്ത്യ പോളിസി ഹെഡ് അങ്കി ദാസ് കഴിഞ്ഞ ദിവസം സമിതിയുടെ മുന്നില്‍ ഹാജരായിരുന്നു. വിദ്വേഷ പ്രസംഗങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പക്ഷാപാതങ്ങളെ ചൊല്ലിയുള്ള വിവാദത്തില്‍ അങ്കി ദാസിനെതിരെ ഗുരുതരാരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടത്. അതേസമയം ഒക്ടോബര്‍ 28 ന് നടക്കുന്ന പരിശോധനയില്‍ സമിതിയ്ക്ക് മുമ്പാകെ ഹാജരാകുമെന്ന് ട്വിറ്റര്‍ അറിയിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക