വാഷിംഗ്ടണ്‍: യൂണിയന്‍ രൂപീകരിക്കാന്‍ വോട്ട് ചെയ്ത് ചരിത്രം തീര്‍ത്ത് ആമസോണ്‍ തൊഴിലാളികള്‍. ന്യൂയോര്‍ക്ക് സിറ്റിയിലെ സ്റ്റാറ്റന്‍ ഐലന്‍ഡിലെ Amazon.com ഫെസിലിറ്റിയിലെ തൊഴിലാളികളാണ് യൂണിയന്‍ രൂപീകരിക്കുന്നതിന് അനുകൂലമായി വോട്ട് ചെയ്തത്. യു.എസില്‍ ആദ്യമായാണിത്.
തൊഴിലാളികള്‍ക്ക് ഭീഷണിയാകുന്ന ആമസോണിന്റെ തൊഴില്‍ രീതികളെ കാലങ്ങളായി എതിര്‍ക്കുന്ന തൊഴിലാളികളുടേയും തൊഴിലാളികള്‍ക്കുവേണ്ടി വാദിക്കുന്നവരുടേയും വിജയമായാണ് ഈ സംഭവത്തെ കാണുന്നത്.
ആമസോണിന്റെ ഫുള്‍ഫില്‍മെന്റ് കേന്ദ്രമായ ജെ.എഫ്.കെ8-ലെ ജീവനക്കാര്‍ യൂണിയന്‍ രൂപീകരണ വിജയത്തിനായി നൂറുകണക്കിന് വോട്ടുകളുടെ ഭൂരിപക്ഷം നേടി. റോയിട്ടേഴ്സ് കണക്കനുസരിച്ച് 2,131 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്‌തെങ്കില്‍ യൂണിയന്‍ രൂപീകരണത്തിന് അനുകൂലമായി 2,654 വോട്ടുകള്‍ ലഭിച്ചു.
ക്രിസ്റ്റിയന്‍ സ്‌മോള്‍സ് ആണ് ആമസോണ്‍ ലേബര്‍ യൂണിയന്റെ പ്രസിഡന്റ്. കൊവിഡ് തുടങ്ങിയ സമയത്ത്, ആമസോണിന്റെ വെയര്‍ഹൗസുകളില്‍ ആവശ്യമായ ആരോഗ്യ സുരക്ഷാ നടപടികളില്ല എന്ന് പരാതിപ്പെട്ട് സമരം സംഘടിപ്പിച്ചതിന് അദ്ദേഹത്തെ പിരിച്ചുവിട്ടിരുന്നു. തുടര്‍ന്നാണ് അദ്ദേഹം യൂണിയന്‍ രൂപീകരിക്കുന്നത്.
തൊഴിലാളികളുടെ യൂണിയന്‍ തകര്‍ക്കാന്‍ വേണ്ടി ആമസോണ്‍ വലിയ തുക ചെലവിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.