‘നിങ്ങള്‍ ബഹിരാകാശ യാത്രകള്‍ നടത്തിയതിന് ഒരുപാട് നന്ദി, കാരണം ആ സമയത്ത് ഞങ്ങളിവിടെ യൂണിയനില്‍ ആളുകളെ ചേര്‍ക്കുകയായിരുന്നു. ട്രേഡ് യൂണിയന്‍ രൂപീകരണത്തിനുള്ള അഭിപ്രായ വോട്ടെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ, ആമസോണ്‍ ലേബര്‍ യൂണിയന്‍ നേതാവ് ക്രിസ്റ്റിയന്‍ സ്‌മോള്‍സ് ആമസോണ്‍ ഉടമയായ ജെഫ് ബെസോസിനോട് പറഞ്ഞ വാക്കുകളാണിത്.
ഒരു ട്രേഡ് യൂണിയന്‍ രൂപീകരണമാണ് ഇന്ന് ലോകം മുഴുവന്‍ ചര്‍ച്ചയായിരിക്കുന്നത്. ട്രേഡ് യൂണിയനുകളാണ് രാജ്യത്തെ ഏറ്റവും വലിയ പ്രശ്‌നമെന്നും എല്ലാ വികസനത്തിനും ഇവരാണ് തടസമാകുന്നതെന്നുമുള്ള നരേറ്റീവുകള്‍ കൊടികുത്തി വാഴുന്ന കേരളം, അമേരിക്കയിലെ ആമസോണ്‍ വെയര്‍ ഹൗസിലെ ആദ്യ ട്രേഡ് യൂണിയനെ കുറിച്ച് അറിയേണ്ടതുണ്ട്. രാജ്യത്തെ ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ക്ക് വേണ്ടി തൊഴിലാളി യൂണിയനുകള്‍ നടത്തിയ സംയുക്ത പണിമുടക്കിനെതിരെ നിലയുറപ്പിച്ച, മുതലാളിമാര്‍ക്കൊപ്പം നിലപാടെടുത്ത മാധ്യമങ്ങളും രാഷ്ട്രീയനേതാക്കളും അരങ്ങുവാഴുന്ന ഒരു കാലഘട്ടത്തില്‍ പ്രത്യേകിച്ചും.
ആമസോണിന്റെ അമേരിക്കയിലെ വെയര്‍ഹൗസില്‍ തൊഴിലാളി യൂണിയന്‍ രൂപീകരിക്കാനുള്ള വോട്ടെടുപ്പ് വിജയിച്ചത് ഇത്ര വലിയ ചര്‍ച്ചയാകാന്‍ കാരണമെന്തായിരിക്കും ? ട്രേഡ് യൂണിയന്‍ രൂപീകരണം നടക്കാതിരിക്കാാന്‍ വേണ്ടി കോടികള്‍ ചെലവാക്കി ആമസോണ്‍ നടത്തിയ പി.ആര്‍ വര്‍ക്കുകളും ഗൂഢനീക്കങ്ങളും എന്തെല്ലാമായിരുന്നു ? മണിക്കൂറിന് 15 ഡോളര്‍ അതായത് ഏകദേശം 1125 ഇന്ത്യന്‍ രൂപയോളം വേതനം നല്‍കുന്നുവെന്ന് അവകാശപ്പെടുന്ന ആമസോണില്‍ നടക്കുന്ന കടുത്ത തൊഴിലാളി ചൂഷണങ്ങള്‍ എന്തെല്ലാമാണ്? ഈ ട്രേഡ് യൂണിയന്‍ രൂപീകരണം മാറ്റത്തിന് വഴി വെക്കുമോ ? പരിശോധിക്കാം
ഇ-കൊമേഴ്‌സ്, ഓണ്‍ലൈന്‍ രംഗത്തെ ഭീമരായ ആമസോണ്‍ കമ്പനിയുടെ അമേരിക്കയിലെ വെയര്‍ ഹൗസുകളില്‍ ആദ്യമായാണ് തൊഴിലാളി യൂണിയന്‍ രൂപീകരിക്കാന്‍ അംഗീകാരം ലഭിക്കുന്നത് എന്നത് തന്നെയാണ് ഈ വോട്ടെടുപ്പ് വിജയത്തിന്റെ പ്രത്യേകത. ന്യൂയോര്‍ക്ക് സിറ്റിയിലെ സ്റ്റാറ്റന്‍ ഐലന്‍ഡിലെ ആമസോണ്‍ വെയര്‍ ഹൗസിലെ തൊഴിലാളികളാണ് യൂണിയന്‍ രൂപീകരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ വോട്ട് ചെയ്തത്.
ആകെ വോട്ട് ചെയ്തവരില്‍ 2131 പേര്‍ യൂണിയന്‍ ആവശ്യമില്ലെന്ന് പറഞ്ഞപ്പോള്‍, 2654 പേരാണ് യൂണിയന്‍ രൂപീകരണത്തെ പിന്തുണച്ചത്. ഇതോടെ നിയമപരമായ അംഗീകാരത്തോടു കൂടി സ്റ്റാറ്റന്‍ ഐലന്‍ഡിലെ വെയര്‍ ഹൗസില്‍ തൊഴിലാളി യൂണിയന്‍ ആരംഭിക്കാന്‍ പോകുകയാണ്.
അമേരിക്കയിലെ രണ്ടാമത്തെ വലിയ സ്വകാര്യ തൊഴില്‍ദാതാവായ ആമസോണില്‍ കടുത്ത തൊഴിലാളി ചൂഷണമാണ് നടക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ വരാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. തൊഴിലാളികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നിരവധി പേരും ഈ മേഖലയിലെ അഭിഭാഷകരും സാമൂഹ്യപ്രവര്‍ത്തകരുമെല്ലാം ഇതേക്കുറിച്ച് നിരവധി തവണ സംസാരിച്ചിട്ടുണ്ട്. ആമസോണിലെ തൊഴിലാളികള്‍ തന്നെ പല മാധ്യമങ്ങളിലും പേര് വെളിപ്പെടുത്തിയും അല്ലാതെയും തങ്ങള്‍ നേരിടുന്ന ചൂഷണങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്.
മണിക്കൂറിന് 15 ഡോളര്‍, അതായത് ഏകദേശം 1125 രൂപയാണ് തങ്ങള്‍ വേതനമായി നല്‍കുന്നതെന്നും, ഇത് ഏറെ ഉയര്‍ന്ന നിരക്കാണെന്നുമാണ് ആമസോണ്‍ തങ്ങള്‍ക്കെതിരെ വരുന്ന വിമര്‍ശനങ്ങളുടെയെല്ലാം വായടപ്പിക്കാനായി പറയാറുള്ളത്. ഫുള്‍ ടൈം ജോലിയുള്ളവര്‍ക്ക് ഹെല്‍ത്ത് ബെനിഫിറ്റ്‌സുമുണ്ട്.
ഈ മണിക്കൂറിന് 15 ഡോളറും ഹെല്‍ത്ത് ബെനിഫിറ്റ്‌സും ആരെയും മോഹിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണെങ്കിലും ഇതിന് മറ്റൊരു വശമുണ്ട്. ഫുള്‍ഫില്‍മെന്റ് സെന്ററുകള്‍ എന്ന് വിളിക്കുന്ന ആമസോണ്‍ വെയര്‍ ഹൗസിലെ തൊഴിലാളികളിലെ വലിയൊരു വിഭാഗവും ഫുള്‍ ടൈം ജോലിക്കാരല്ല. അതുകൊണ്ട് തന്നെ ഇവര്‍ക്ക് ഹെല്‍ത്ത് ബെനിഫിറ്റ്‌സോ മറ്റു ആനുകൂല്യങ്ങളോ ഇല്ല. സിക്ക് ലീവോ, വെക്കേഷനോ, മറ്റു അത്തരം ഓഫറുകളോ ഒന്നും ഈ തൊഴിലാളികള്‍ക്കില്ല.
മാത്രമല്ല ആഴ്ചയില്‍ 30 മണിക്കൂര്‍ മാത്രമാണ് ഇവര്‍ക്ക് ജോലിയുണ്ടാവുക. അങ്ങനെ ലഭിക്കുന്ന തുക കൊണ്ട്, ആ നാട്ടില്‍ ജീവിച്ചു പോകുക എന്നത് ഒട്ടും പ്രായോഗികമല്ല, ഇത് ഒരു വശം.
ഇനി വെയര്‍ ഹൗസ് തൊഴിലാളികളുടെ ജോലിയിലേക്ക് വന്നാല്‍, ഏറെ നേരം നില്‍ക്കേണ്ട, കഠിന അധ്വാനം ആവശ്യമായ ജോലിയാണിത്. നടുവേദന, കാല്‍ വേദന, ശാരീരികമായി കടുത്ത ക്ഷീണം ഇവയൊക്കെ ഈ തൊഴിലാളികള്‍ക്ക് സ്ഥിരമാണ്. മാത്രമല്ല, ബാത്ത്‌റൂം ബ്രേക്കോ ആവശ്യമായ സേഫ്റ്റി റെഗുലേഷന്‍സോ പോലും പലയിടത്തുമില്ല.
ജോലിക്കും യാതൊരുവിധ സംരക്ഷണവുമില്ല. എപ്പോള്‍ വേണമെങ്കിലും പിരിച്ചുവിടാം. അതേസമയം തന്നെ ഓരോ തൊഴിലാളിക്കും കൃത്യമായ ടാര്‍ഗറ്റുകളും അത് പൂര്‍ത്തീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വലിയ നിരീക്ഷണ സംവിധാനവുമുണ്ട്. കറുത്ത വംശജരും ദളിതരും മുസ് ലിങ്ങളും കുടിയേറ്റക്കാരുമായ തൊഴിലാളികള്‍ക്ക് കടുത്ത വിവേചനമാണ് ആമസോണ്‍ തൊഴിലിടങ്ങളില്‍ അനുഭവിക്കേണ്ടി വരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇത്തരം മനുഷ്യത്വവിരുദ്ധ നടപടികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിക്കൊണ്ടാണ് ആമസോണിന്റെ വിവിധ വെയര്‍ ഹൗസുകളില്‍ തൊഴിലാളികള്‍ സംഘടിക്കുന്നതും യൂണിയന്‍ രൂപീകരണത്തിനായി ശ്രമങ്ങള്‍ തുടങ്ങുന്നതും. നിലവില്‍ ആമസോണ്‍ ലേബര്‍ യൂണിയന്റെയും റീട്ടെയ്ല്‍ ഹോള്‍സെയ്ല്‍ ആന്റ് ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍ യൂണിയന്റെയും നേതൃത്വത്തിലാണ് യൂണിയന്‍ രൂപീകരണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ക്രിസ്റ്റ്യന്‍ സ്‌മോള്‍സ് എന്ന ആമസോണിലെ മുന്‍ ജീവനക്കാരനാണ് എ.എല്‍.യുവിന്റെ പ്രസിഡന്റ്.
ഇപ്പോള്‍ യൂണിയന്‍ രൂപീകരണത്തിന് അംഗീകാരം ലഭിച്ച വെയര്‍ ഹൗസിലായിരുന്നു ക്രിസ് ജോലി ചെയ്തിരുന്നത്. കൊവിഡ് മഹാമാരി പടര്‍ന്നു പിടിച്ച സമയത്ത്, വെയര്‍ ഹൗസുകളില്‍ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളില്ലെന്ന് പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് ക്രിസ് സ്‌മോള്‍സിനെ പിരിച്ചുവിടുന്നത്. നാല് വര്‍ഷമായി ആമസോണില്‍ ജോലി ചെയ്തു വരികയായിരുന്നു ക്രിസ് അപ്പോള്‍. എന്നാല്‍ അന്നുമുതല്‍ തൊഴിലാളികളുടെ അടിസ്ഥാന അവകാശങ്ങള്‍ക്ക് വേണ്ടി ആമസോണിന് മുന്‍പില്‍ ചെറിയ സമരങ്ങളുമായി ക്രിസ് മുന്നോട്ടു വരികയായിരുന്നു.
ക്രിസിനെ പിരിച്ചുവിട്ടതിനെ കുറിച്ചുള്ള കമ്പനിയുടെ ഒരു മെമോ ഇതിനിടയില്‍ ലീക്കായി. ക്രിസ് സ്മാര്‍ട്ടല്ലെന്നും കാര്യങ്ങള്‍ കൃത്യമായി പറയാനറിയാത്ത ആളാണെന്നുമായിരുന്നു അതില്‍ പറഞ്ഞിരുന്നത്. ക്രിസ് യൂണിയന്‍ രൂപീകരണത്തിന്റെ മുഖമായി വന്നാല്‍ അയാളെ താഴ്ത്തിക്കെട്ടാന്‍ ഇത് ഉപയോഗിക്കാമെന്നും അതിലുണ്ടായിരുന്നു.
ആ മെമോയില്‍ കമ്പനി തനിക്ക് നല്‍കിയ യൂണിയന്‍ നേതാവെന്ന റോള്‍ പിന്നീട് താന്‍ ഏറ്റെടുത്തുവെന്നായിരുന്നു ക്രിസ് ഇതേ കുറിച്ച് പറഞ്ഞത്. വെയര്‍ ഹൗസിന് പുറത്ത് 11 മാസത്തോളം ക്രിസും കൂട്ടാളികളും സമരപ്പന്തലുകള്‍ കെട്ടി തുടര്‍ന്നു. വെയര്‍ ഹൗസിലേക്ക് എത്തുന്ന തൊഴിലാളികളോട് യൂണിയന്‍ രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ചു.
മെച്ചപ്പെട്ട ശമ്പളവും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കടക്കമുള്ള പെയ്ഡ് ലീവുകളും വേണമെന്നും ബ്രേക്ക് ടൈം കൂട്ടണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. ഒരു യൂണിയന്‍ രൂപീകരിച്ചാല്‍ ഇത്തരം ആവശ്യങ്ങള്‍ കൂടുതല്‍ ശക്തമായി ഉയര്‍ത്താനാകുമെന്ന് സഹ തൊഴിലാളികളെ ബോധ്യപ്പെടത്താന്‍ ഇവര്‍ ശ്രമിച്ചു.
ആമസോണ്‍ ഈ പ്രവര്‍ത്തനങ്ങളെയെല്ലാം വളരെ ക്ലോസായി നിരീക്ഷിക്കുകയും, ഏതുവിധേനയും യൂണിയന്‍ രൂപീകരണം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ക്രിസ് സ്‌മോള്‍സിനെയും ഒപ്പമുള്ളവരെയും തോല്‍പ്പിക്കാന്‍ ആമസോണ്‍ സ്വീകരിച്ച നടപടികള്‍ ഞെട്ടിപ്പിക്കുന്നതാണ്.
2014 മുതല്‍ യൂണിയന്‍ ആരംഭിക്കാനുള്ള ശ്രമങ്ങള്‍ ആമസോണിന്റെ വിവിധ യൂണിറ്റുകളില്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഇത് കേസ് നല്‍കി ആമസോണ്‍ വൈകിപ്പിച്ചു. ഒടുവില്‍ നാഷണല്‍ ലേബര്‍ റിലേഷന്‍സ് ബോര്‍ഡ് വിഷയത്തില്‍ ഇടപെട്ടതിന് പിന്നാലെയാണ് വോട്ടെടുപ്പിന് ആമസോണിന് സമ്മതിക്കേണ്ടി വന്നത്. തൊഴിലാളികളെ വോട്ടെടുപ്പില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള പി.ആര്‍ വര്‍ക്കുകളും ചില ഗൂഢനീക്കങ്ങളുമായിരുന്നു ജെഫ് ബെസോസിന്റെ അടുത്ത ശ്രമം.
4.3 മില്യണ്‍ ഡോളറാണ്, യൂണിയനെ തകര്‍ക്കാന്‍ ആമസോണ്‍ ചെലവഴിച്ചത്. യു.എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലേബറിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഇത്രയും തുകയാണ് യൂണിയന്‍ രൂപീകരിക്കുന്നത് തടയാന്‍ കണ്‍സള്‍ട്ടന്റ് ഏജന്‍സികള്‍ വഴി ആമസോണ്‍ ചെലവഴിച്ചത്.
കമ്പനിക്കുള്ളില്‍ തന്നെ യൂണിയനെതിരായി വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന പോസ്റ്ററുകള്‍, യൂണിയനെതിരെ മീറ്റിങ്ങുകള്‍, ഫോണ്‍ കോളുകളും സോഷ്യല്‍ മീഡിയ മെസേജുകളും വഴി യൂണിയനെതിരെ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെടല്‍, ഇതെല്ലാം നടന്നു.
കൂടാതെ മറ്റു ചില ഗൂഢനീക്കങ്ങളും ആമസോണ്‍ നടത്തി. യൂണിയന്‍ വന്നാല്‍, അവര്‍ അനാവശ്യമായി മീറ്റിങ്ങുകളും സമരങ്ങളും നടത്തി, ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ ഇല്ലാതാകുമെന്ന് ആമസോണ്‍ തൊഴിലാളികളെ ഭീഷണിപ്പെടുത്തി. യൂണിയന്‍ വിരുദ്ധത വളര്‍ത്തുന്നതിന് വേണ്ടി മാത്രം തങ്ങളുടെയാളുകളെ, പുതിയ തൊഴിലാളികളെ അപ്പോയ്ന്റ് ചെയ്യുകയും ഇവര്‍ മറ്റു തൊഴിലാളികള്‍ക്കിടയില്‍ തെറ്റായ പല വിവരങ്ങളും പ്രചരിപ്പിക്കുകയും ചെയ്തു.
അവകാശങ്ങള്‍ക്കായി സമരം ചെയ്തവരെ ജയിലിലടച്ചു. ഓരോ പ്രതിഷേധ പ്രകടനങ്ങളെയും പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. പലരെയും ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. അങ്ങനെ പണവും അധികാരവും സ്വാധീനവും ഉപയോഗിച്ച് യൂണിയനെതിരെ ആമസോണ്‍ നിലയുറപ്പിച്ചു.
പക്ഷെ ഇതുകൊണ്ടൊന്നും തൊഴിലാളികളെ തളര്‍ത്താനായില്ല. ആമസോണ്‍ ‘Vote No’ എന്ന് എല്ലായിടത്തും പ്രചരിപ്പിച്ചപ്പോള്‍, അതേ കമ്പനിക്ക് മുന്‍പില്‍ ഒരു പ്രൊജക്ടര്‍ വെച്ച് ‘Vote Yes’ എന്ന് തൊഴിലാളികള്‍ എഴുതിക്കാണിച്ചു. ആമസോണ്‍ തൊഴിലാളികള്‍ക്കെതിരെ സ്വീകരിക്കുന്ന ഓരോ നടപടിയും ആ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചു.
അങ്ങനെ നീണ്ട നാളത്തെ ശ്രമങ്ങള്‍ക്കൊടുവില്‍, അയ്യായ്യിരത്തിലേറെ പേര്‍ ജോലിയെടുക്കുന്ന വെയര്‍ ഹൗസില്‍, അവരെ റെപ്രസെന്റ് ചെയ്യാന്‍ ഒരു യൂണിയന്‍ ഉണ്ടായിരിക്കുകയാണ്. യൂറോപ്പിലെ ആമസോണ്‍ വെയര്‍ഹൗസുകളില്‍ യൂണിയന്‍ ആരംഭിക്കാനും വ്യാപകമാകാനും തുടങ്ങിയിട്ട് കുറച്ച് വര്‍ഷങ്ങളായില്ലെങ്കിലും അമേരിക്കയില്‍ ഇത് അസംഭവ്യം എന്ന നിലയില്‍ തന്നെ തുടരുകയായിരുന്നു. അതിനാണ് ഇപ്പോള്‍ മാറ്റമുണ്ടായിരിക്കുന്നത്.
പക്ഷെ ഇതുകൊണ്ട് ആമസോണില്‍ തൊഴിലാളികളുടെ ജീവിതം സുഗമമാകുമെന്ന് പൂര്‍ണ്ണമായും വിശ്വസിക്കാനായിട്ടില്ല. യൂണിയനെ അംഗീകരിക്കാന്‍ ആമസോണ്‍ ഇപ്പോഴും തയ്യാറായിട്ടില്ല. വോട്ടെടുപ്പ് ഫലത്തില്‍ തങ്ങള്‍ ഡിസപ്പോയ്ന്റഡ് ആണെന്നും കമ്പനിയും തൊഴിലാളികളും തമ്മില്‍ നേരിട്ടുള്ള ബന്ധമുണ്ടാകുന്നതാണ് നല്ലതെന്നുമാണ് ആമസോണ്‍ പ്രതികരിച്ചത്.
യൂണിയന് വേണ്ടി സമരങ്ങള്‍ നടക്കുന്ന ബെസമേര്‍, അലബാമ എന്നിവിടങ്ങളുടെ കാര്യത്തില്‍ ഇനിയും തീരുമാനം ആയിട്ടില്ല. യൂണിയന്‍ തുടങ്ങാതിരിക്കാന്‍ വേണ്ടി ഏതറ്റം വരെയും പോയ ആമസോണ്‍, തൊഴിലാളി യൂണിയനെ അത്ര വേഗം അംഗീകരിക്കാന്‍ സാധ്യതയില്ലെന്ന് തന്നെയാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. പക്ഷെ അതേസമയം തൊഴിലാളികള്‍ക്ക് ഈ വിജയം വലിയ പ്രതീക്ഷയാണ് സമ്മാനിച്ചിരിക്കുന്നത്. തൊഴിലാളികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ എം.എല്‍.കെ ലേബറിന്റെ സെക്രട്ടറിയായ കാറ്റി ഗാരോ ഇതേ കുറിച്ച് പറയുന്നുണ്ട്,
ആമസോണിലെ തൊഴിലാളികളുടെ വിജയം അമേരിക്കയിലെമ്പാടും നടക്കുന്ന ഗ്രാസ് റൂട്ട് ലെവലില്‍ തൊഴിലാളികള്‍ സംഘടിക്കുന്നതിന്റെയും യൂണിയന്‍ രൂപീകരിക്കുന്നതിന്റെയും ഏറ്റവും പുതിയ ഉദാഹരണമാണ്. ദിവസം മുഴുവന്‍ പണിയെടുത്തിട്ടും തൊഴിലാളികള്‍ക്ക് ജീവിതച്ചെലവിനുള്ളത് കിട്ടുന്നില്ല. തങ്ങള്‍ പണിയെടുത്ത് മരിച്ചു വീണാലും തിരിഞ്ഞുനോക്കാത്ത ഒരു കമ്പനിയുടെ ലാഭത്തിന് വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത് എന്നതു കൂടി മനസിലാകുമ്പോള്‍ ഈ ചൂഷണം ഇനിയും വെച്ചുപൊറുപ്പിക്കാനാകില്ലെന്ന് തൊഴിലാളികള്‍ തിരിച്ചറിയുകയാണെന്ന് കാറ്റി പറയുന്നു.
ആമസോണിന്റെ തുടര്‍നീക്കങ്ങളെ കുറിച്ചും തൊഴിലാളി യൂണിയന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും വരും ദിവസങ്ങളിലേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയുള്ളു. അത് എന്തൊക്കെ തന്നെയായാലും തൊഴിലാളി യൂണിയന്റെ ആവശ്യകതയെ കുറിച്ചും തൊഴിലാളിയുടെ അവകാശങ്ങളെ കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്താന്‍ കഠിനമായ സമരങ്ങളിലൂടെ നേടിയ ഈ വോട്ടെടുപ്പ് വിജയത്തിന് തീര്‍ച്ചയായും സാധിച്ചിട്ടുണ്ട്.
Content Highlight: First Trade Union in Amazon’s ware houses in USA | Explained