| Tuesday, 17th March 2020, 10:09 am

ആളുകള്‍ വീടിനുള്ളില്‍; ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ കൂടി ആമസോണ്‍, വേണ്ടത് ഒരു ലക്ഷം ജീവനക്കാരെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: കൊവിഡ്-19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഓര്‍ഡറുകള്‍ കൂടിയെന്ന് ആമസോണ്‍. കൊവിഡ്-19 നിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ വീടുകളില്‍ തന്നെ കഴിയുന്നതിനാലാണ് ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ കൂടിയിരിക്കുന്നത്.

ഇത്രയും ഓര്‍ഡറുകള്‍ വീട്ടിലെത്തിക്കാന്‍ വേണ്ടി യു.എസില്‍ തങ്ങള്‍ക്ക് ഒരു ലക്ഷം ജീവനക്കാരെ ആവശ്യമാണെന്നാണ് ആമസോണ്‍ അറിയിച്ചിരിക്കുന്നത്.

ഒപ്പം ഒരു മണിക്കൂര്‍ നേരത്തേക്ക് 2 ഡോളര്‍ ശമ്പളം കൂട്ടി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. യു.എസിനു പുറമെ യു.കെയിലെയും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലെയും ജീവനക്കാര്‍ക്കും വേതന വര്‍ധനവ് ഉണ്ടാവും. 15 ഡോളറാണ് ഒരു മണിക്കൂര്‍ ജോലിക്ക് ആമസോണ്‍ നിലവില്‍ തൊഴിലാളികള്‍ക്ക് നല്‍കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ആവശ്യക്കാരില്‍ എടുത്തു പറയത്തക്ക വര്‍ധനവ് കാണുന്നുണ്ട്. ഇതിനര്‍ത്ഥം ഞങ്ങളുടെ തൊഴിലാളി ആവശ്യം മുമ്പില്ലാത്തതരത്തില്‍ വേണമെന്നാണ്,’
ആമസോണിന്റെ ഡെലിവറി, വെയര്‍ഹൗസ് ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ഡേവ് ക്ലെര്‍ക്ക് പറഞ്ഞു.

ആവശ്യക്കാര്‍ കൂടിയ സാഹചര്യത്തില്‍ ആമസോണിന്റെ ഡെലിവറികള്‍ കൃത്യമായി എത്തുന്നതിലും ബുദ്ധിമുട്ടുണ്ട്. ഓര്‍ഡറുകള്‍ കൈയ്യിലെത്താന്‍ സാധാരണയില്‍ നിന്നും രണ്ട് ദിവസം അധികം വേണ്ടി വരുമെന്ന് ആമസോണ്‍ നേരത്തെ അറിയിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കൊവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആമസോണ്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് പ്രത്യേക ഇളവുകള്‍ നല്‍കിയിരുന്നു. കൊവിഡ്-19 സ്ഥിരീകരിച്ചതോ അല്ലെങ്കില്‍ ഐസൊലേഷനില്‍ കഴിയുന്ന ജീവനക്കാര്‍ക്ക് രണ്ടാഴ്ചത്തെ വേതനം നല്‍കുമെന്ന് ആമസോണ്‍ നേരത്തെ അറിയിച്ചിരുന്നു.

യു.എസില്‍ 4500 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആളുകളോട് കര്‍ശനമായി പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശമുണ്ട്.

 

We use cookies to give you the best possible experience. Learn more