| Saturday, 11th July 2020, 11:34 am

ടിക് ടോക്ക് തല്‍ക്കാലം നീക്കം ചെയ്യേണ്ട, സന്ദേശമയച്ചത് അബദ്ധവശാല്‍; തീരുമാനം മാറ്റി ആമസോണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: ജീവനക്കാരോട് ഫോണില്‍ നിന്ന് ചൈനീസ് ആപ്പായ ടിക് ടോക് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് അയച്ച ഇ-മെയില്‍ അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് വിശദീകരിച്ച് ആമസോണ്‍.

ടിക് ടോക് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അയച്ച സന്ദേശം അബദ്ധവശാല്‍ സംഭവിച്ചതാണെന്നും നില്‍വില്‍ ടിക് ടോക് സംബന്ധിച്ച് ആമസോണിന്റെ പോളിസിയില്‍ മാറ്റങ്ങളൊന്നും ഇല്ലെന്നും കമ്പനി വ്യക്തമാക്കി.

ടിക് ടോക്ക് എത്രയും പെട്ടെന്ന് ഫോണില്‍ നിന്ന് നീക്കം ചെയ്യണമെന്ന് അമേരിക്കയിലെ ജീവനക്കാരോട് ആമസോണ്‍ ആവശ്യപ്പെട്ടിരുന്നു. സുരക്ഷാ പ്രശ്‌നങ്ങല്‍ ചൂണ്ടിക്കാട്ടിയായിരുന്നു നിര്‍ദ്ദേശം.

ആമസോണിന്റെ മെയിലുകള്‍ വരുന്ന ഫോണില്‍ നിന്നും ആപ്പ് നീക്കം ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരുന്നത്. അതേ സമയം ജീവനക്കാര്‍ക്ക് ലാപ്ടോപ്പില്‍ നിന്നും ടിക് ടോക്ക് ഉപയോഗിക്കാം എന്നും ഇവര്‍ക്കയച്ച മെയിലില്‍ പറഞ്ഞിരുന്നു. യൂറോപ്പിലെ ആമസോണ്‍ ജീവനക്കാര്‍ക്ക് ഇത്തരമൊരു മെയില്‍ കമ്പനിയില്‍ നിന്നും അയച്ചിരുന്നില്ല.

അമേരിക്കയില്‍ ടിക് ടോക്ക് നിരോധിക്കാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നലെയായിരുന്നു ആമസോണിന്റെ നീക്കം.

അതേസമയം, ഒന്നിന് പിറകെ ഒന്നായുള്ള തിരിച്ചടികള്‍ക്ക് പിന്നാലെ ടിക് ടോക്ക് സമഗ്രമായ മാറ്റത്തിന് ഒരുങ്ങുകയാണെന്ന വാര്‍ത്തകല്‍ ഉണ്ടായിരുന്നു.

ടിക് ടോക്കിന്റെ മാതൃ സ്ഥാപനമായ ബൈറ്റ് ഡാന്‍സ് ടിക് ടോക് ബിസിനസ്സിന്റെ കോര്‍പ്പറേറ്റ് ഘടനയില്‍ സമഗ്രമായ മാറ്റത്തിന് ആലോചന നടത്തുന്നതായുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം വന്നിരുന്നു.

ടിക് ടോകിന് പുതിയ മാനേജ്മെന്റ് ബോര്‍ഡ് ഉണ്ടാക്കുന്നതായും ബീജിങില്‍ നിന്നുള്ള നിയന്ത്രണം കുറയ്ക്കുന്നതിനായി മറ്റ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ടിക് ടോക്ക് സ്ഥാപനങ്ങള്‍ക്ക് അതത് രാജ്യത്ത് തന്നെ പ്രത്യേക ആസ്ഥാനങ്ങള്‍ ഉണ്ടാക്കാന്‍ പദ്ധതിയിടുന്നതായും വാര്‍ത്തകള്‍ ഉണ്ട്.

നിലവില്‍ ബൈറ്റ്ഡാന്‍സില്‍ നിന്ന് വേര്‍പെട്ട് ടിക് ടോക്കിന് മാത്രമായി ഒരു ആസ്ഥാനമില്ല. ബൈറ്റ് ഡാന്‍സിന്റെ ആസ്ഥാനം ചൈനയിലാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more