| Monday, 9th September 2019, 7:50 am

സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും പിന്നാലെ ഇന്ത്യക്കാരെ ഊട്ടാന്‍ ഇനി ആമസോണും; മത്സരം കടുപ്പിക്കാനുള്ള പദ്ധതികള്‍ ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും പിന്നാലെ രാജ്യത്തു ഭക്ഷണ വിതരണ രംഗത്തേക്ക് ഇ-കൊമേഴ്‌സ് ഭീമന്മാരായ ആമസോണ്‍ ഇന്ത്യയും. എതിരാളികളില്‍ ഈടാക്കുന്നതിനേക്കാള്‍ കുറഞ്ഞ കമ്മീഷന്‍ മാത്രം ചുമത്തി വിപണിയില്‍ കുറഞ്ഞ കാലം കൊണ്ടു ശക്തമാകാനാണ് കമ്പനി ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭക്ഷണ വിതരണ രംഗത്തേക്കുള്ള ആമസോണിന്റെ കടന്നുവരവോടെ രാജ്യത്തെ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളുടെ മത്സരം കൂടുതല്‍ കടുത്തതാകുമെന്നുറപ്പാണ്.

ആദ്യപടിയായി വിവിധ തലത്തിലുള്ള റെസ്റ്റോറന്റുകളുമായി രാജ്യവ്യാപകമായി ആമസോണ്‍ കരാര്‍ ഉറപ്പിച്ചുകഴിഞ്ഞു. 5-6 ശതമാനം കമ്മീഷന്‍ നിരക്കിലാണ് കരാര്‍. സൊമാറ്റോയും സ്വിഗ്ഗിയുമൊക്കെ 20 ശതമാനം മുതല്‍ 30 ശതമാനം വരെ കമ്മീഷന്‍ നിരക്കിലാണ് പ്രവര്‍ത്തിക്കുന്നതെന്നതു ശ്രദ്ധേയമാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി ഫുഡ്പാണ്ടയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വാങ്ങുന്നതിന്റെ അവസാന ഘട്ടത്തിലാണ് ആമസോണ്‍. 40 രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ജര്‍മന്‍ ഭക്ഷണവിതരണ ഗ്രൂപ്പാണ് ഫുഡ്പാണ്ട.

ബെംഗലൂരുവിലായിരിക്കും ആമസോണ്‍ ഇന്ത്യയിലെ തങ്ങളുടെ ആദ്യ സര്‍വീസ് ആരംഭിക്കുക. പിന്നീട് മുംബൈയിലേക്കും ദല്‍ഹിയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനുമാണ് പദ്ധതി.

ആഗോളതലത്തില്‍ 2015-ലാണ് ആമസോണ്‍ റെസ്‌റ്റോറന്റ് ബിസിനസ് ആരംഭിക്കുന്നത്. ഈവര്‍ഷം ജൂണില്‍ അത് അവസാനിപ്പിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അടുത്തില്‍ ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭക്ഷണ വിതരണ സ്റ്റാര്‍ട്ടപ്പായ ഡെലിവെറൂവില്‍ ആമസോണ്‍ നിക്ഷേപം നടത്തിയിരുന്നെങ്കിലും നഷ്ടമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആമസോണിന്റെ വരവ്- ചുരുക്കത്തില്‍

  • സ്വിഗ്ഗിയും സൊമാറ്റോയും ഈടാക്കുന്നതിന്റെ നാലിലൊന്ന് ശതമാനം കമ്മീഷന്‍ മാത്രമാണ് ആമസോണ്‍ ഈടാക്കുക. ഇത് റെസ്‌റ്റോറന്റുകള്‍ക്കു കൂടുതല്‍ സ്വാധീനം നല്‍കും.
  • ആമസോണ്‍: 5-6 ശതമാനം
    സ്വിഗ്ഗി: 20-30 ശതമാനം
    സൊമാറ്റോ: 20-30 ശതമാനം
  • ഇന്ത്യയിലെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ മാര്‍ക്കറ്റ് നിലവില്‍ ഭരിക്കുന്നത് സൊമാറ്റോയും സ്വിഗ്ഗിയുമാണ്.
  • ബിസിനസിന്റെ വലിപ്പവും വ്യാപ്തിയും മറ്റു ചില ഘടകങ്ങളും പരിശോധിച്ച് കമ്മീഷനുകള്‍ മാറിമറിഞ്ഞിരിക്കും.
  • 2019-ന്റെ അവസാനത്തോടെ 500 കോടി രൂപയുടെ കച്ചവടമാണ് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ മാര്‍ക്കറ്റില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.

We use cookies to give you the best possible experience. Learn more