ബ്രസീലിലെ ആമസോണ്‍ മഴക്കാടുകള്‍ കത്തുന്നതിന് നമ്മളെന്തിന് പ്രതിഷേധിക്കണം?
Amazon fires
ബ്രസീലിലെ ആമസോണ്‍ മഴക്കാടുകള്‍ കത്തുന്നതിന് നമ്മളെന്തിന് പ്രതിഷേധിക്കണം?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th August 2019, 12:13 pm

ആമസോണ്‍ കാടുകളിലെ കാട്ടുതീയാണ് ഇന്ന് ലോകത്തിലെ ചര്‍ച്ചാവിഷയം. ലോകത്തിലെ ഏറ്റവും വലിയ മഴക്കാടായ ആമസോണ്‍ മഴക്കാടിലെ കാട്ടുതീയില്‍ ബ്രസീല്‍ ഭരണകൂടം നടപടി സ്വീകരിക്കാത്തതില്‍ ഞായറാഴ്ച ലോകമെമ്പാടും പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. ആമസോണ്‍ മഴക്കാടുകളിലെ ആകെയുള്ളതിന്റെ 60 ശതമാനവും ബ്രസീലിലാണെന്നിരിക്കെ ആ രാജ്യത്തിന് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കുന്നതെന്തിനാണ്. ?എന്തുകൊണ്ടാണ് ആമസോണ്‍ മഴക്കാടുകള്‍ ആഗോള പരിസ്ഥിതിയില്‍ ഇത്രയും വലിയ ചര്‍ച്ചാ വിഷയമായി ഉയരുന്നത്.?

ആമസോണ്‍ മഴക്കാടുകള്‍

തെക്കേ അമേരിക്കയിലെ ആമസോണ്‍ പ്രദേശത്തു പടര്‍ന്നു കിടക്കുന്ന ഒരു വലിയ വനപ്രദേശമാണ് ആമസോണ്‍ മഴക്കാടുകള്‍. ഈ പ്രദേശത്തിന്റെ ആകെയുള്ള വ്യാപ്തിയായ 70 ലക്ഷം ചതുരശ്രകിലോമീറ്ററില്‍ 55 ലക്ഷം ചതുരശ്രമീറ്ററും ഈ വനം വ്യാപിച്ചു കിടക്കുന്നു. അതായത് കേരളത്തിന്റെ 138 ഇരട്ടി വലിപ്പം. 60 ശതമാനവും ബ്രസീലിലും 13 ശതമാനം പെറുവിലും 10 ശതമാനം കൊളംബിയയിലും ഉള്‍പ്പെടെ ആകെ 9 രാജ്യങ്ങളിലായി ആമസോണ്‍ മഴക്കാടുകള്‍ സ്ഥിതിചെയ്യുന്നു.

മറ്റു രാജ്യങ്ങള്‍ വെനസ്വേല, ഇക്വഡോര്‍, ബൊളീവിയ, ഗയാന, സുരിനാം, ഫ്രഞ്ച് അധീനതയിലുള്ള ഫ്രഞ്ച് ഗയാന എന്നിവയാണ്. ലോകത്ത് അവശേഷിച്ചിട്ടുള്ള മഴക്കാടുകളുടെ പകുതിയും ആമസോണിലാണ്. ഉഷ്ണമേഖലാ മഴക്കാടുകളിലെ ഏറ്റവും ജൈവവൈവിധ്യമേറിയതും വലുതുമായ മഴക്കാടും ഇതുതന്നെയാണ്. 16000 സ്പീഷിസുകളിലായി 39000 കോടി മരങ്ങളാണ് ഇവിടെയുള്ളത്.

ആമസോണ്‍ കത്തിയെരിയുന്നത് എത്രത്തോളം അപകടമാണ്?

ആഗോള കാലാവസ്ഥയുടെ നിര്‍ണായക സ്വാധീനമായ ആമസോണ്‍ മഴക്കാടുകള്‍ അടുത്ത കാലത്ത് വലിയ തോതില്‍ ചൂഷണം നേരിടുകയാണ്. കഴിഞ്ഞ വര്‍ഷം ആമസോണ്‍ കാടുകളിലുണ്ടായ കാട്ടുതീയേക്കാള്‍ 84 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ഷം ആഗസ്റ്റ് 25 വരെ മാത്രം 80626 കാട്ടുതീകളാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവയില്‍ പകുതിയും ഉണ്ടായത് ആഗസ്റ്റ് മാസത്തിലാണ്!


റൊണ്ടോണിയയിലേയും ആമസോണാസിലേയും നിവാസികള്‍ പറയുന്നത് അവര്‍ അടുത്ത കാലത്ത് കണ്ടതില്‍വെച്ച് ഏറ്റവും വലിയ കാട്ടുതീയാണ് ഈ ദിവസങ്ങളില്‍ ഉണ്ടായിരിക്കുന്നതെന്നാണ്.

ആമസോണ്‍ മഴക്കാടുകള്‍ ഉള്‍പ്പെടുന്ന ഒമ്പത് സംസ്ഥാനങ്ങളില്‍ എട്ടിടത്തും കാട്ടുതീയുടെ അളവില്‍ വലിയ വര്‍ധനയാണുണ്ടാകുന്നത്. ഇതില്‍ ആമസോണാസില്‍ മാത്രം ഉണ്ടായത് 146 ശതമാനത്തിന്റെ വര്‍ധന!

കാട്ടുതീയ്ക്ക് എന്താണ് കാരണം?

പൊതുവെ ജൂലൈ- ആഗസ്റ്റ് മാസങ്ങളില്‍ വരണ്ട കാലാവസ്ഥയാണ് ബ്രസീലില്‍ അനുഭവപ്പെടാറുള്ളത്. കടുത്ത ചൂടും വരണ്ട കാലവസ്ഥയുമാണ് ആമസോണില്‍ തീ ഇത്തരത്തില്‍ പടര്‍ന്നുപിടിക്കാന്‍ കാരണമെന്നാണ് പരിസ്ഥിതി മന്ത്രി റിക്കാഡോ സാലസ് കഴിഞ്ഞ ദിവസം പറഞ്ഞത്. എല്‍ നിനോ പ്രതിഭാസവുമായി ബന്ധപ്പെട്ട് കടുത്ത വരള്‍ച്ചയാണ് ഈ വര്‍ഷം ആമസോണ്‍ കാടുകളടക്കമുള്ള മേഖലയില്‍ അനുഭവപ്പെട്ടത്. വരണ്ട കാലവസ്ഥ കാട്ടുതീ ഉണ്ടാവുന്നതിനും വ്യാപകമായി പടരുന്നതിനും അനുയോജ്യമായ കാലാവസ്ഥയൊരുക്കുന്നു.

അതേസമയം ബ്രസീല്‍ പ്രസിഡന്റ് ജെയ്ര് ബോള്‍സനാരോയെ ആണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തുന്നത്. പ്രസിഡന്റിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു കാടുകളില്‍ മരങ്ങള്‍ വെട്ടിമാറ്റിയ പ്രവര്‍ത്തനങ്ങള്‍ നടന്നത്. വനനശീകരണത്തിനും മേഖലയിലെ മറ്റു കയ്യേറ്റങ്ങള്‍ക്കുമുള്ള നിയന്ത്രണങ്ങള്‍ക്ക് ഇളവ് വന്നതും ആമസോണ്‍ മഴക്കാടുകളുടെ നാശത്തിന് കാരണമായി.

ബ്രസീലില്‍ ഉണ്ടായ കാട്ടുതീകളില്‍ 99 ശതമാനവും മനുഷ്യനിര്‍മിതമാണെന്നാണ് ഐ.എന്‍.പി.ഇയിലെ ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ടോ സെറ്റ്സര്‍ പറയുന്നത്. കൃഷിഭൂമി തയാറാക്കാന്‍ ചെറിയ വനഭാഗങ്ങള്‍ക്കു തീയിടുന്നതാണു തുടക്കം. അതുപിന്നീട് വമ്പന്‍ കാട്ടുതീയായി മാറുകയാണെന്നും ഉപഗ്രഹ ചിത്രങ്ങളെ വിശകലനം ചെയ്ത് സെറ്റ്സര്‍ പറഞ്ഞു.


കന്നുകാലി കൃഷിക്കാരും മരംവെട്ടു മാഫിയയും സ്വകാര്യ ആവശ്യങ്ങള്‍ക്കായി കാടുവെട്ടിത്തെളിക്കാന്‍ മനഃപൂര്‍വം കാടിനു തീയിടുന്നതാണെന്നാണ് ആക്ഷേപം.

ഭൂമിയുടെ സമൃദ്ധമായ വനസമ്പത്താണ് ഇപ്പോള്‍ കാട്ടുതീയില്‍ കത്തിയെരിഞ്ഞുകൊണ്ടിരിക്കുന്നത്. അപൂര്‍വമായ സസ്യങ്ങളും വൃക്ഷങ്ങളുമെല്ലാം കാട്ടുതീയ്ക്ക് ഇരയായിക്കൊണ്ടിരിക്കുന്നു. വിവിധങ്ങളായ ലക്ഷക്കണക്കിന് കാട്ടുമൃഗങ്ങളെയാണ് കാട്ടുതീ കവര്‍ന്നെടുത്തത്. നാശനഷ്ടങ്ങളുടെ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളും ചിത്രങ്ങളും ആരെയും ഞെട്ടിക്കുന്നതാണ്.

കത്തുന്നത് ലോകത്തിന്റെ ശ്വാസകോശമാണ്, പ്രതിഷേധിക്കണം

ഓരോ കാട്ടുതീയിലും ജൈവ സമ്പത്ത് നഷ്ടപ്പെടുന്നതോടൊപ്പം തന്നെ അന്തരീക്ഷതാപനിലയിലും വര്‍ധനവ് രേഖപ്പെടുത്തുന്നുണ്ട്. വനനശീകരണമാണ് ആമസോണ്‍ മഴക്കാടുകളുടെ നിലവിലെ അവസ്ഥയ്ക്ക് കാരണമെന്ന് ആഗോള പരിസ്ഥിത സംഘടനയായ ഗ്രീന്‍പീസും സാക്ഷ്യപ്പെടുത്തുന്നുണ്ട്.

കാട്ടുതീയുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളല്‍ വഴി ഭൂമിയുടെ മൊത്തത്തിലുള്ള താപനിലയും വര്‍ധിക്കും. ഇതോടെ വരള്‍ച്ച പോലുള്ള തീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങളും വര്‍ധിക്കുമെന്ന് ഗ്രീന്‍ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ലോകത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിലെ വലിയൊരളവും വലിച്ചെടുക്കുന്നത് ആമസോണ്‍ മഴക്കാടുകളാണ്. ലോകത്തുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനത്തിന് വലിയൊരുഘടകം ആമസോണ്‍ മഴക്കാടുകളാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ആഗോളതാപനത്തെ തടയാന്‍ ആമസോണിനെ സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.


ആമസോണ്‍ മഴക്കാടുകളിലുണ്ടാകുന്ന ഓരോ ചൂഷണവും ലോകമെമ്പാടുമുള്ള ജൈവസമ്പത്തിനെയാണ് ബാധിക്കുന്നതെന്നതിനാല്‍ പരിസ്ഥിതി സംരക്ഷണത്തിനായുള്ള മുദ്രാവാക്യങ്ങളാണ് ലോകമെമ്പാടും മുഴങ്ങേണ്ടത്.

 

WATCH THIS VIDEO: