|

സോഷ്യല്‍ മീഡിയയില്‍ തരംഗമായി 'സുഴല്‍'; ഞെട്ടിപ്പിക്കുന്ന ത്രില്ലറെന്ന് സീരീസ് കണ്ട പ്രേക്ഷകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2017ല്‍ തമിഴിലെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു വിജയ് സേതുപതി-മാധവന്‍ ഒന്നിച്ച വിക്രം വേദ. ചിത്രത്തിന്റെ സംവിധായകരായ പുഷ്‌കര്‍-ഗായത്രി തിരക്കഥ ഒരുക്കിയ ഏറ്റവും പുതിയ തമിഴ് ത്രില്ലര്‍ സീരീസാണ് ‘സുഴല്‍’. ജൂണ്‍ 17ന് ആമസോണ്‍ പ്രൈം വിഡിയോസിലൂടെ സ്ട്രീമിങ് തുടങ്ങിയ വെബ് സീരിസ് ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ ചര്‍ച്ചയായിക്കഴിഞ്ഞു. ബ്രമ്മ, അനുചരണ്‍.എം എന്നിവരാണ് സുഴല്‍ സംവിധാനം ചെയ്തിരിക്കുന്നത്.

ആമസോണ്‍ പ്രൈം തന്നെയാണ് സുഴല്‍ നിര്‍മിച്ചിരിക്കുന്നത്. ആമസോണിന്റെ തമിഴിലെ ആദ്യത്തെ സ്വന്തം വെബ്സീരിസാണ് സുഴല്‍. ഒരേ സമയം ഒരു ഫാക്ടറി തീ പിടിക്കുന്നതും, ഒരു പെണ്‍കുട്ടി കാണാതാവുന്നതും . ഇതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവുമാണ് വെബ്സീരിസില്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഘടകങ്ങളെല്ലാം തന്നെ സീരിസിലുണ്ടെന്നും, നല്ല എന്‍ഗേജിങാണ് സീരീസ് എന്നുമാണ് സീരീസ് കണ്ടവരുടെ പ്രതികരണം.

എട്ട് എപ്പിസോഡുകളാണ് സീരീസിനുള്ളത്. ഹിന്ദി, കന്നഡ, മലയാളം, തെലുങ്ക്, എന്നിവയുള്‍പ്പെടെ ഒന്നിലധികം ഇന്ത്യന്‍ ഭാഷകളിലും ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, ഇറ്റാലിയന്‍, ജാപ്പനീസ്, പോളിഷ്, പോര്‍ച്ചുഗീസ്, കാസ്റ്റിലിയന്‍ സ്പാനിഷ്, ലാറ്റിന്‍ സ്പാനിഷ്, അറബിക്, ടര്‍ക്കിഷ് തുടങ്ങിയ വിദേശ ഭാഷകളിലും സുഴല്‍ -ദി വോര്‍ട്ടക്‌സ് സ്ട്രീമിങ് ചെയ്യുന്നുണ്ട്.

തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ ശ്രദ്ധേയ വേഷം ചെയ്ത ഗോപിക രമേഷും സുഴലില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.


കതിര്‍, ഐശ്വര്യ രാജേഷ്, ശ്രിയ റെഡ്ഡി, രാധാകൃഷ്ണന്‍, പാര്‍ത്ഥിബന്‍ തുടങ്ങിയവരാണ് സീരീസില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സാം.സി.എസാണ് സീരീസിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സിനിമാ രംഗത്തും പുറത്തുമുള്ള നിരവധി പേരാണ് സുഴലിന് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുന്നത്. ലോകേഷ് കനകരാജ് കഴിഞ്ഞ ദിവസം സുഴലിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിരുന്നു.

ലോകേഷിനെ കൂടാതെ ധനുഷ്, മാധവന്‍, രാജമൗലി, അനിരുദ്ധ് രവിചന്ദര്‍, എസ്.ജെ സൂര്യ തുടങ്ങി വെബ് സീരിസ് കണ്ട് അഭിനന്ദനങ്ങള്‍ അറിയിക്കുന്ന പ്രമുഖരുടെ നിരയും നീളുകയാണ്. ആമസോണിന്റെ ട്രെന്റിങ് ലിസ്റ്റിലും സുഴല്‍ ഇടം പിടിച്ചിട്ടുണ്ട്.

Content Highlight : Amazon prime web series Suzhal trending in social media