ക്രിക്കറ്റ് ആരാധകര്‍ക്ക് പുതുവത്സര സമ്മാനം നല്‍കാനൊരുങ്ങുയാണ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈം. 2022 ജനുവരി ഒന്ന് മുതല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ ലൈവായി സംപ്രേക്ഷണം ചെയ്യാനാണ് ആമസോണ്‍ പ്രൈം ഒരുങ്ങുന്നത്.
ന്യൂസിലാന്റും ബംഗ്ലാദേശും തമ്മിലുള്ള ടെസ്റ്റ് മത്സരം ലൈവായി സംപ്രേക്ഷണം ചെയ്തുകൊണ്ടായിരിക്കും ആമസോണ്‍ ക്രിക്കറ്റിലേക്കും ചുവടുറപ്പിക്കുന്നത്.
2020 നവംബറില്‍ തന്നെ ആമസോണ്‍ ലൈവ് ക്രിക്കറ്റ് സ്ട്രീം ചെയ്യാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ലോകത്തിലെ തന്ന പ്രമുഖ ക്രിക്കറ്റ് ബോര്‍ഡായ ന്യൂസിലാന്റ് ക്രിക്കറ്റ് ബോര്‍ഡിന്റെ അംഗീകാരം നേടുന്ന ആദ്യത്തെ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം എന്ന ഖ്യാതിയും ഇനി ആമസോണിന് സ്വന്തം.
ഇതിന്റെ ഭാഗമായി ന്യൂസിലാന്റില്‍ വെച്ച് നടക്കുന്ന അന്താരാഷ്ട്ര പുരുഷ-വനിതാ ക്രിക്കറ്റ് മത്സരങ്ങള്‍ – ഏകദിനം, ടി20, ടെസ്റ്റ് തുടങ്ങിയ എല്ലാ ഫോര്‍മാറ്റിലേയും മത്സരങ്ങള്‍ ആമസോണിയൂടെ ലഭ്യമാവും.
ഇതിന് പുറമെ ന്യൂസിലാന്റില്‍ വെച്ച് നടക്കുന്ന അന്താരാഷ്ട്ര വനിതാ ലോകകപ്പും ആമസോണിലൂടെ പ്രൈം മെമ്പേഴ്‌സിന് കാണാന്‍ സാധിക്കും.
ഭാവിയില്‍ സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ എല്ലാവരും കാണുന്നത് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെയായിരിക്കുമെന്നും ഇന്ത്യയില്‍ ആളുകള്‍ക്ക് ക്രിക്കറ്റ് ഇഷ്ടപ്പെടുന്നതിനാല്‍ തങ്ങളുടെ പ്രധാന ലക്ഷ്യമാണെന്നുമാണ് ന്യൂസിലാന്റ് ക്രിക്കറ്റ് മേധാവിയായ ഡേവിഡ് വൈറ്റ് പറഞ്ഞു.
‘ക്രിക്കറ്റ് തന്നെയാണ് ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട ഗെയിം. ന്യൂസിലാന്റ് ക്രിക്കറ്റുമായി കൈകോര്‍ക്കുമ്പോള്‍ ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കാന്‍ ഞങ്ങള്‍ക്ക് സാധിക്കും.
വരാനിരിക്കുന്ന പരമ്പര ക്രിക്കറ്റിലേക്കുള്ള പ്രൈം വീഡിയോയുടെ ആദ്യ ചുവടുവെപ്പായിരിക്കും,’ ആമസോണ്‍ പ്രൈമിന്റെ ഇന്ത്യന്‍ തലവനായ ഗൗരവ് ഗാന്ധി വ്യക്തമാക്കി.
2022 മുതല്‍ ലൈവ് ക്രിക്കറ്റ് സ്ട്രീമിംഗ് നടത്തുന്നതില്‍ തങ്ങള്‍ ഏറെ ആവേശഭരിതരാണെന്നും, തങ്ങളുടെ ‘സ്‌പോര്‍സ് ഡേയുടെ തുടക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.