തെരഞ്ഞെടുപ്പ് സമയത്ത് കാണാന്‍ പറ്റിയ സീരിസ് | Panchayat Series Review
web series
തെരഞ്ഞെടുപ്പ് സമയത്ത് കാണാന്‍ പറ്റിയ സീരിസ് | Panchayat Series Review
അന്ന കീർത്തി ജോർജ്
Friday, 19th March 2021, 10:22 am

കഥയിലും സംവിധാനത്തിലും കഥാപാത്രങ്ങളിലും കോമഡിയിലും അങ്ങനെ ഒരുവിധം എല്ലാ ഘടകങ്ങളിലും പുതുമ നല്‍കുന്ന ഇന്ത്യന്‍ സീരിസാണ് ആമസോണ്‍ പ്രൈമിലെ പഞ്ചായത്ത്.

വലിയ ഒച്ചയും ബഹളവുമൊന്നുമില്ലാതെ കാര്യങ്ങള്‍ പറയുന്ന, എല്ലാം നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുന്ന സീരിസാണ് പഞ്ചായത്ത്. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളെ  വളരെ റിയലിസ്റ്റിക്കായി, ലളിതമായി അവതരിപ്പിച്ചിരിക്കുകയാണ് പഞ്ചായത്തില്‍. ഗ്രാമങ്ങളെ വളരെ കാല്‍പ്പനികമായോ അല്ലെങ്കില്‍ വളരെ മോശമായോ ചിത്രീകരിക്കാത്തത് തന്നെ സീരിസിന് പുതുമ നല്‍കുന്നുണ്ട്. കഥയെ ഏറ്റവും ലോക്കലൈസ് ചെയ്ത് അവതരിപ്പിച്ചുകൊണ്ട് യൂണിവേഴ്സല്‍ അനുഭവം സമ്മാനിക്കാനും സീരിസിന് കഴിയുന്നുണ്ട്.

നഗരവാസിയായ അഭിഷേക് ത്രിപാഠി എന്ന എഞ്ചിനീയറിംഗ് ബിരുദധാരിയായ യുവാവ് ഫുലേര എന്ന ഉത്തര്‍പ്രദേശിലെ ഉള്‍ഗ്രാമത്തിലേക്ക് പഞ്ചായത്ത് സെക്രട്ടറിയായി പോകുന്നിടത്താണ് കഥ തുടങ്ങുന്നത്. മറ്റ് ജോലികള്‍ കിട്ടാത്തത് കൊണ്ടു മാത്രമാണ്, ഒരു താല്‍പര്യവുമില്ലവുമില്ലെങ്കിലും അഭിഷേക് ഈ ജോലി ചെല്ലുന്നത്. അവിടെ വെച്ച്  CAT  തയ്യാറെടുപ്പുകള്‍ നടത്തി സമയം ഉപയോഗപ്പെടുത്താനാണ് അഭിഷേക് ആലോചിക്കുന്നത്.

കഥയുടെ തുടക്കം കാണുമ്പോള്‍, കണ്ടു പഴകിയ ചിത്രങ്ങളുടെ ഹാങ്ങോവറില്‍ അഭിഷേക് നാടിനെ മാറ്റിമറിക്കുന്നു, അയാള്‍ സ്വദേശിലെ യേ ജോ ദേശ് ഹേ മേരാ ലൈനില്‍ ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്നൊക്കെ പറഞ്ഞ് അവിടെ തന്നെ ആയുഷ്‌കാലം നില്‍ക്കാന്‍ തീരുമാനിക്കുന്നു എന്നൊക്കെ ആവുമല്ലോ നമ്മള്‍ ചിന്തിക്കുക.

എന്നാല്‍ ഇതില്‍ നിന്നും വിരുദ്ധമായി യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുകൊണ്ടാണ് പഞ്ചായത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സീരിസ് ഒരുക്കയിരിക്കുന്നത്. അഭിഷേക് പലതും അതിജീവിച്ചും മനസ്സിലാക്കിയും അവിടെ നില്‍ക്കുന്നതും പല സന്ദര്‍ഭങ്ങളെയും ഏറെ കഷ്ടപ്പെട്ടു തന്നെ നേരിടുന്നതുമാണ് ഈ സീരിസിന്റെ ഇതിവൃത്തം.

ലളിതമായ ഒരു കഥാതന്തുവിനെ മികച്ച സന്ദര്‍ഭങ്ങളിലൂടെ എങ്ങനെ ബില്‍ഡ് ചെയ്യാമെന്ന് സീരിസില്‍ നിന്ന് മനസ്സിലാകും. വളരെ ചെറിയ ചില ഡയലോഗുകളിലൂടെയും എക്സ്പ്രഷനിലൂടെയും സ്വിറ്റ്വേഷനല്‍ കോമഡികള്‍ അവതരിപ്പിച്ച് പ്രേക്ഷകരുടെ മുഖത്ത് ചിരി പടര്‍ത്താന്‍ പഞ്ചായത്തിന് കഴിയുന്നുണ്ട്.

ഒരു കുട്ടിയുടെ പേരിടുന്ന സീന്‍, ഫുലേരയില്‍ ഒരു കല്യാണം നടക്കുന്ന സമയത്ത് പഞ്ചായത്ത് കെട്ടിടത്തില്‍ താമസിക്കാനെത്തുന്ന വരനും സംഘവും, ഫൈറ്റ് സീന്‍, പ്രേതബാധയുള്ള ഒരു മരവും അതിനെ ചുറ്റുപ്പറ്റിയുള്ള കഥകളും സോളാര്‍ ലൈറ്റുമുള്ള ഒരു എപ്പിസോഡ്, ഈ ഫാമിലി പ്ലാനിംഗിന്റെ പോസ്റ്ററില്‍ പറയുന്ന വരികള്‍ പ്രശ്നമാകുന്ന സംഭവം, അങ്ങനെ നമുക്ക് പെട്ടെന്ന് റിലേറ്റ് ചെയ്യാന്‍ പറ്റുന്ന എന്നാല്‍ നമ്മള്‍ ഇതുവരെ അങ്ങനെ സ്‌ക്രീനില്‍ കാണാത്ത കുറെ സന്ദര്‍ഭങ്ങള്‍ പഞ്ചായത്തിലുണ്ട്. ഈ ഓരോ സന്ദര്‍ഭങ്ങളെയും ഒരേ സമയം സിനിമാറ്റികും റിയിലിസ്റ്റുകുമായി നിര്‍മ്മിച്ചെടുത്തിരിക്കുന്നതിലാണ് തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും കഴിവ് നമുക്ക് കാണാനാകുക.

ലോക്കല്‍ ബോഡി ഇലക്ഷനിലെ വനിതാ പ്രാതിനിധ്യം എങ്ങനെയാണ് പലപ്പോഴും നടപ്പാകുന്നത്, പല സര്‍ക്കാര്‍ പരിപാടികളും ക്യാംപെയ്നുകളും ജനങ്ങളെ മനസ്സിലാക്കാതെ ടോപ് ഡൗണ്‍ രീതിയില്‍ വരുമ്പോഴുള്ള പ്രശ്നങ്ങള്‍, ജാതീയത, ഗ്രാമങ്ങളിലെ ശക്തയായ സ്ത്രീകള്‍, അന്ധവിശ്വാസം എങ്ങനെയാണ് വളരുന്നത്, വിവാഹത്തില്‍ വരന്റെ ആളുകള്‍ക്ക് ലഭിക്കുന്ന മേധാവിത്വവും സ്ത്രീധനവും, പൊലീസിലെ പ്രശ്നങ്ങള്‍, കുടിപ്പക, ഗ്രാമങ്ങളിലേക്ക് സര്‍ക്കാര്‍ പദ്ധതികള്‍ എത്താത്തത് തുടങ്ങി നിരവധി വിഷയങ്ങള്‍ സീരിസില്‍ ചര്‍ച്ചയാക്കുന്നുണ്ട്.

പല പ്രശ്നങ്ങള്‍ക്കും ചില പരിഹാരങ്ങളൊക്കെ സീരിസ് കാണിച്ചുതരുന്നുണ്ടെങ്കിലും ചിലപ്പോഴൊക്കെ അതൊക്കെ ഒരല്‍പം സ്പൂണ്‍ ഫീഡിംഗ് ആണെന്ന് തോന്നിയാലും കഥയുടെ രീതിയില്‍ നിന്നും കൈവിട്ടുപോകാതെ ഇവ കാണിച്ചു തരുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ സ്ത്രീ പ്രാതിനിധ്യമൊക്കെ ചര്‍ച്ചയാകുന്ന ഈ സമയത്ത് ആ വീക്ഷണകോണില്‍ കൂടി പഞ്ചായത്തിനെ കാണാനാകും.

പൊതുവിഷയങ്ങള്‍ കൂടാതെ വ്യക്തിപരമായി നമുക്കുണ്ടാകുന്ന അസൂയ, അഹംഭാവം, അധികാരത്തോടുള്ള അടങ്ങാത്ത താല്‍പര്യം, നിരാശ, സൂപ്പിരോയിരിറ്റ് കോംപ്ലെക്സ് തുടങ്ങിയവയും സീരിസിലുണ്ട്. പക്ഷെ ഒരു സമയം വന്നാല്‍ നമ്മള്‍ ഇഷ്ടപ്പെട്ടവര്‍ക്ക് വേണ്ടിയും നീതിക്ക് വേണ്ടിയും നമ്മള്‍ നിലകൊള്ളുന്നതും സീരിസിലുണ്ട്. വളരെ ഓര്‍ഗാനികായ രീതിയില്‍ ജീവിതവുമായി ബന്ധപ്പെടുത്താന്‍ സാധിക്കുന്ന രീതിയിലാണ് ഓരോ വിഷയങ്ങളെയും പഞ്ചായത്ത് സമീപിക്കുന്നത്.

സെക്രട്ടറിയായ അഭിഷേക് ചെയര്‍ വാങ്ങുന്നതും അത് അതിലെ പ്രധാന്‍ ജി എന്നു വിളിക്കുന്ന തികച്ചും സൗമ്യനായ കഥാപാത്രത്തിന് ഒരു കല്ലുകടി ആവുന്നതൊക്കെ ഇതിന്റെ മികച്ച ഉദാഹരണമാണ്.

പഞ്ചായത്തിന്റെ അടുത്ത നട്ടെല്ല് അതിലെ കഥാപാത്രങ്ങളാണ്. ഫുലേരയിലെ ഒഫീഷ്യല്‍ പഞ്ചായത്ത് പ്രസിഡന്റും പിന്നെ ഈ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവായ ശരിക്കും അവിടെ കാര്യങ്ങളൊക്കെ ചെയ്യുന്ന പ്രധാന്‍ ജി, വൈസ് പ്രസിഡന്റ് പ്രഹ്ളാദ്, ഓഫീസ് സ്റ്റാഫായ വികാസ് പിന്നെ പ്രധാന കഥാപാത്രമായ അഭിഷേക് എന്നിവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങള്‍. ഇതു കൂടാതെ ചില എപ്പിസോഡുകളില്‍ മാത്രം വന്നുപോകുന്ന ചെറിയ കഥാപാത്രങ്ങളുമുണ്ട്. ഇവരും തങ്ങളുടെ വേഷങ്ങള്‍ മനോഹരമായി കൈകാര്യം ചെയ്യുന്നുണ്ട്.

ഇതില്‍ ഒരു കഥാപാത്രത്തെ പോലും നല്ലത് ചീത്ത എന്നീ രണ്ട് ബോക്സിലാക്കി വെച്ചിട്ടില്ല, ഓരോരുത്തര്‍ക്കും അവരുവരുടേതായ കുറ്റങ്ങളും കുറവും അവനവന്റെ സ്വാര്‍ത്ഥതയും ഉണ്ട്. അവനവന്റെ കാര്യം നോക്കി എന്നാല്‍ ബാക്കിയുള്ളവരെ പറ്റുന്ന പോലെ ശ്രദ്ധിച്ചുമാണ് ഇവര്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്.

പ്രധാന കഥാപാത്രങ്ങളായെത്തിയ ജിതേന്ദ്ര കുമാര്‍, നീന ഗുപ്ത, രഗുബീര്‍ യാദവ്, ചന്ദന്‍ റോയ്, ഫൈസല്‍ മാലിക് തുടങ്ങിയവരുടെ കരിയറിലെ മികച്ച വേഷങ്ങളാണ് പഞ്ചായത്തിലേത്.

ചന്ദന്‍ കുമാര്‍ എഴുതി ദീപക് കുമാര്‍ മിശ്രയാണ് പഞ്ചായത്ത് സംവിധാനം ചെയ്തിരിക്കുന്നത്. 2020ല്‍ വന്ന സീരിസില്‍ 30-40 മിനിറ്റ് ദൈര്‍ഘ്യമുള്ള എട്ട് എപ്പിസോഡാണ് സീരിസിലുള്ളത്. റിലാക്സ് ചെയ്ത് കാണാന്‍ പറ്റുന്ന എന്നാല്‍ സമയം നഷ്ടമായി എന്ന് തോന്നാത്ത ഒരു സീരിസാണ് പഞ്ചായത്ത് എന്ന് ഉറപ്പിച്ച് പറയാം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Amazon Prime series Panchayat  Review

 

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.