| Thursday, 18th July 2024, 2:01 pm

ട്രംപിന് നേര നടന്ന വെടിവെപ്പുമായി ഞങ്ങള്‍ക്ക് ബന്ധമില്ല: ആമസോണ്‍ പ്രൈം വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സീരീസ് പ്രേമികള്‍ക്കിടയില്‍ വലിയ ആരാധകരുള്ള സീരീസുകളിലൊന്നാണ് ദി ബോയ്‌സ്. ആമസോണ്‍ പ്രൈമും സോണി നെറ്റ്‌വര്‍ക്കും ചേര്‍ന്ന് നിര്‍മിച്ച ബോയ്‌സ് 2019ലാണ് ആദ്യ സീസണ്‍ പുറത്തിറക്കിയത്. അതുവരെ നന്മയുടെ പ്രതീകമായി മാത്രം എല്ലാവരും കണ്ടിരുന്ന സൂപ്പര്‍ഹീറോകള്‍ക്ക് നെഗറ്റീവ് ഷെയ്ഡ് കൊടുത്തതാണ് സീരീസിനെ വ്യത്യസ്തമാക്കിയത്.

വയലന്‍സ്, അശ്ലീലപദപ്രയോഗങ്ങള്‍ എന്നിവയാല്‍ സമ്പന്നമായ സീരീസാണ് ബോയ്‌സ്. കാണികളെ ഡിസ്റ്റര്‍ബ് ചെയ്യുന്ന തരത്തിലുള്ള ധാരാളം സീനുകളാണ് സീരീസിലുടനീളമുള്ളത്. എല്ലാവരും തന്നെ ആരാധിക്കണമെന്ന് കരുതുന്ന ഹോംലാന്‍ഡര്‍ എന്ന സൂപ്പര്‍ഹീറോയാണ് ബോയ്‌സിലെ പ്രധാന കഥാപാത്രം. സൂപ്പര്‍ഹീറോസിന്റെ തനിനിറം ലോകത്തിന് മുന്നില്‍ കാണിച്ചുകൊടുക്കണമെന്ന ലക്ഷ്യവുമായി നടക്കുന്ന ബില്ലി ബുച്ചറാണ് കഥയിലെ നായകന്‍.

എന്നാല്‍ ഇപ്പോള്‍ സീരീസ് വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത് മറ്റൊരു കാരണത്താലാണ്. യു.എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരെ കഴിഞ്ഞ ദിവസം നടന്ന വധശ്രമം ബോയ്‌സ് സീരീസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണെന്ന് ആരോപണം വന്നിരുന്നു. ഇതില്‍ വിശദീകരണവുമായി ആമസോണ്‍ പ്രൈം നേരിട്ട് വന്നിരിക്കുകയാണ്. തങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പ്രൈം വീഡിയോ ഇക്കാര്യം അറിയിച്ചത്.

ബോയ്‌സ് സീരീസ് വയലന്‍സിന്റെ അതിപ്രസരമുള്ള സീരീസാണെന്നും പ്രേക്ഷകരില്‍ പലരും സീരീസ് കണ്ട് ഡിസ്റ്റര്‍ബ്ഡ് ആകാന്‍ സാധ്യതയുണ്ടെന്നും പ്രൈം പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ക്ക് സീരീസുമായി ബന്ധമില്ലെന്നും അതെല്ലാം വെറും യാദൃശ്ചികമാണെന്നും പ്രൈം പറഞ്ഞു.

ട്രംപിന് നേരെയുണ്ടായ വധശ്രമവും അതിനെത്തുടര്‍ന്ന് ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതില്‍ തങ്ങള്‍ക്ക് ദുഃഖമുണ്ടെന്നും പോസ്റ്റില്‍ പറഞ്ഞു. 2023ല്‍ ഷൂട്ട് തീര്‍ത്ത സീരീസാണ് ബോയ്‌സിന്റെതെന്നും ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ക്ക് തങ്ങളുമായി യാതൊരു ബന്ധമില്ലെന്നും പ്രൈം പറഞ്ഞു.

ലോകത്ത് നടക്കുന്ന വയലന്‍സിനെ ആമസോണും, സോണി പിക്‌ചേഴ്‌സും എതിര്‍ക്കുന്നുവെന്നും പ്രൈം കൂട്ടിച്ചേര്‍ത്തു. സീരീസിന്റെ നാലാം സീസണിലെ എട്ടാമത്തെ എപ്പിസോഡില്‍ പൊതുമദ്ധ്യത്തില്‍ പ്രസിഡന്റിന് നേരെ വെടിയുതിര്‍ക്കുന്ന രംഗമുള്ളതാണ് വിവാദത്തിന് കാരണം. ‘അസാസിനേഷന്‍ ആന്‍ഡ് റണ്‍’ എന്നാണ് എപ്പിസോഡിന്റെ പേര്.

Content Highlight: Amazon Prime claiming that Boys series and assasination attempt on Donald Trump has no relation

We use cookies to give you the best possible experience. Learn more