| Wednesday, 17th November 2021, 11:28 am

ആമസോണിലൂടെ കഞ്ചാവ് കച്ചവടം; ജീവനക്കാരെ വിളിപ്പിച്ച് പൊലീസ്; ഡെലിവറി ഹബ്ബുകളിലും പരിശോധന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: ഓണ്‍ലൈന്‍ വ്യാപാരസൈറ്റായ ആമസോണ്‍ വഴി കഞ്ചാവ് കച്ചവടം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കഴിഞ്ഞ ദിവസം 20 കിലോ കഞ്ചാവുമായി രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസ് അന്വേഷിക്കുന്നതിന്റെ ഭാഗമായി ആമസോണിന്റെ പ്രാദേശിക എക്സിക്യൂട്ടിവുകളെ പൊലീസ് വിളിപ്പിച്ചിട്ടുണ്ട്.

മധുര തുളസിയെന്ന വ്യാജനേയാണ് ആമസോണിലൂടെ കഞ്ചാവ് വിതരണം ചെയ്തിരുന്നതും ഓര്‍ഡര്‍ സ്വീകരിച്ചിരുന്നതും. 1,000 കിലോ കഞ്ചാവെങ്കിലും ഇത്തരത്തില്‍ വിറ്റഴിച്ചിട്ടുണ്ടാകുമെന്നാണ് പൊലീസ് നിഗമനം.

നിരോധിത വസ്തുക്കളുടെ വില്‍പ്പനയ്ക്കായി എങ്ങനെയാണ് ആമസോണ്‍ ഉപയോഗിക്കുന്നതെന്ന് വിശദീകരിക്കാന്‍ ആമസോണ്‍ എക്സിക്യൂട്ടീവുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ മനോജ് സിംഗ് പറഞ്ഞു.

‘അന്താരാഷ്ട്ര കമ്പനികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് അധികാരമുണ്ട്, അതിനാല്‍ അവരുടെ പ്ലാറ്റ്‌ഫോമില്‍ ഇത് എങ്ങനെയാണ് നടക്കുന്നതെന്ന് വിശദമായി അന്വേഷിക്കേണ്ടതാണെന്നും,’ സിംഗ് പറഞ്ഞു.

‘മരിജുവാന ഡെലിവറിയില്‍ ലോജിസ്റ്റിക്കല്‍ പിന്തുണ നല്‍കുന്നത് മുതല്‍ ഡെലിവറി നടത്തുന്നതില്‍ വരെയുള്ള പലതലങ്ങളിലും ആമസോണിന്റെ പങ്കാളിത്തമുണ്ട്,’ സിംഗ് പറയുന്നു.

മരിജുവാന ഡെലിവറി ചരക്കുകളുടെ വിശദാംശങ്ങള്‍ ലഭിക്കുന്നതിന് ഗ്വാളിയോറിലെ ആമസോണിന്റെ ഡെലിവറി ഹബ്ബുകളിലൊന്നില്‍ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു.

അതേസമയം, ഏതെങ്കിലും വില്‍പനക്കാരന്‍ നിയമലംഘനം നടത്തിയിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ച് വരികയാണെന്ന് ആമസോണ്‍ പ്രസ്താവനയില്‍ അറിയിച്ചു.

നിയമപ്രകാരം നിരോധിച്ചിരിക്കുന്ന ഉല്‍പ്പന്നങ്ങളുടെ ലിസ്റ്റിംഗും വില്‍പ്പനയും ഇന്ത്യയില്‍ തങ്ങള്‍ അനുവദിക്കുകയില്ലെന്നും അന്വേഷണ സംഘവുമായി സഹകരിക്കുമെന്നും ആമസോണ്‍ പ്രസ്താവനയില്‍ പറഞ്ഞു.

അടുത്ത കാലത്തായി മധ്യപ്രദേശില്‍ നിരോധിത ലഹരിമരുന്നുകളുടെ വില്‍പന തടയാനുള്ള ശ്രമങ്ങള്‍ അധികാരികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. നിലവില്‍ പല ഉന്നത അഭിനേതാക്കളും ടി.വി താരങ്ങളും നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

We use cookies to give you the best possible experience. Learn more