വില്‍പ്പന നയങ്ങളില്‍ മാറ്റംവരുത്തി ആമസോണ്‍
Big Buy
വില്‍പ്പന നയങ്ങളില്‍ മാറ്റംവരുത്തി ആമസോണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th May 2016, 4:32 pm

amazon01

രാജ്യത്തെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് സര്‍വീസ് ആമസോണ്‍ തങ്ങളുടെ വില്‍പന നയങ്ങളില്‍ വലിയ മാറ്റം വരുത്തുന്നു. ടാബ്ലറ്റ്, ലാപ്‌ടോപ്, ഡെസ്‌ക്ടോപ് പിസി, മോണിറ്റര്‍, ക്യാമറ, ക്യാമറ ലെന്‍സ് തുടങ്ങി ഉല്‍പന്നങ്ങള്‍ ആമസോണില്‍ നിന്നു വാങ്ങുകയാണെങ്കില്‍ പണം തിരിച്ചു നല്‍കില്ല. പകരം സാധനങ്ങള്‍ മാറ്റിയെടുക്കാം.

മേയ് 11 നു വില്‍പന നടത്തിയ ഉല്‍പന്നങ്ങള്‍ക്ക് പുതിയ നിയമം ബാധകമായിരിക്കും. ആമസോണിന്റെ വെബ്‌സൈറ്റില്‍ ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രവര്‍ത്തിക്കാത്തതോ ചെറിയ കേടുപാടുകള്‍ വന്നതോ ആയ ഉല്‍പന്നങ്ങള്‍ തുടര്‍ന്നും മാറ്റിനല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.

എന്നാല്‍ മറ്റുവിഭാഗങ്ങളിലുള്ള ഉല്‍പന്നങ്ങള്‍ തുടര്‍ന്നും നിശ്ചിത സമയത്തിനുള്ളില്‍ തിരിച്ചെടുക്കും. എല്ലാം രേഖകളും ഭാഗങ്ങളും കേടുപാടില്ലാതെ നല്‍കിയാല്‍ പണം തിരിച്ചുനല്‍കും. കേടുവന്ന ഉല്‍പന്നങ്ങളെല്ലാം വാങ്ങി 10 ദിവസത്തിനകം മടക്കിനല്‍കണം.

രാജ്യത്തെ മറ്റു ഇ-കൊമേഴ്‌സ് കമ്പനികളായ സ്‌നാപ്ഡീലും ഫ്‌ളിപ്കാര്‍ട്ടും ഉല്‍പന്നങ്ങള്‍ തിരിച്ചെടുക്കുന്ന കാര്യത്തില്‍ കര്‍ക്കശക്കാരാണ്. കേടുവന്ന ഉല്‍പന്നങ്ങള്‍ തിരിച്ചെടുക്കും. എന്നാല്‍ ഭൂരിഭാഗം കാറ്റഗറികളിലെയും ഉല്‍പന്നങ്ങള്‍ക്ക് പണം തിരിച്ചു നല്‍കില്ല. സാധനം വാങ്ങി ഇഷ്ടപ്പെട്ടില്ലെങ്കില്‍ തിരിച്ചുക്കൊടുക്കല്‍ നടക്കില്ല. സാധനം കേടുവന്നതാണെന്ന് വ്യക്തമായി ബോധ്യപ്പെടുത്തി കൊടുത്താലും ബ്രാന്റോ, പ്രൊഡക്ട് മോഡലോ മാറ്റാന്‍ സ്‌നാപ്ഡീലും ഫ്‌ളിപ്കാര്‍ട്ടും നേരത്തെയും സമ്മതിക്കാറില്ല.

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ ഗണ്യമായി തിരിച്ചുവരാന്‍ തുടങ്ങിയതോടെയാണ് നയങ്ങളില്‍ മാറ്റം വരുത്താന്‍ ആമസോണ്‍ ഒരുങ്ങുന്നത്.