ഭോപ്പാല്‍: ആമസോണ്‍ ഇന്ത്യയുടെ സീനിയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ക്കെതിരെ മധ്യപ്രദേശില്‍ മയക്കുമരുന്ന് കേസ്. ഓണ്‍ലൈന്‍ റീട്ടെയ്‌ലര്‍ വഴി അനധികൃതമായി മരിജുവാന കടത്താന്‍ ശ്രമിച്ച സംഭവത്തിലാണ് നാര്‍ക്കോട്ടിക്‌സ് നിയമത്തിലെ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.
പൊലീസുകാര്‍ക്ക് കൊടുത്ത മൊഴിയില്‍ വൈരുദ്ധ്യമുണ്ടായതിനാലാണ് ‘നാര്‍കോട്ടിക്‌സ് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട്’ പ്രകാരം കേസ് എടുത്തതെന്ന് പൊലീസ് അറിയിച്ചു.
എന്നാല്‍ എത്ര എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരെയാണ് അറസ്റ്റ് ചെയ്തതെന്ന വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല.
നവംബര്‍ 14നായിരുന്നു 20 കിലോ മരിജുവാനയുമായി രണ്ട് പേരെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. മധുര തുളസിയെന്ന വ്യാജനേ ഇവര്‍ ആമസോണ്‍ വെബ്‌സൈറ്റ് ഉപയോഗിച്ച് കഞ്ചാവ് വിതരണം ചെയ്തതായും ഓര്‍ഡര്‍ സ്വീകരിച്ചിരുന്നതായുമാണ് പൊലീസ് കണ്ടെത്തിയത്.
അതേസമയം, ഏതെങ്കിലും വില്‍പനക്കാരന്‍ നിയമലംഘനം നടത്തിയിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ച് വരികയാണെന്നായിരുന്നു ആമസോണ്‍ പ്രസ്താവനയില്‍ അറിയിച്ചിരുന്നത്. നിരോധിച്ച ഉല്‍പന്നങ്ങളുടെ ലിസ്റ്റിംഗും വില്‍പനയും ഇന്ത്യയില്‍ അനുവദിക്കില്ലെന്നും അന്വേഷണ സംഘവുമായി സഹകരിക്കുമെന്നും ആമസോണ്‍ പറഞ്ഞിരുന്നു.
അടുത്ത കാലത്തായി മധ്യപ്രദേശില്‍ നിരോധിത ലഹരിമരുന്നുകളുടെ വില്‍പന തടയാനുള്ള ശ്രമങ്ങള്‍ അധികാരികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. നിലവില്‍ പല അഭിനേതാക്കളും ടി.വി താരങ്ങളും നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്.