ദല്‍ഹി: ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വില്‍പനക്കാരായ ആമസോണിനു ഇന്ത്യയില്‍ വന്‍ മുന്നേറ്റം. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഒരു വര്‍ഷത്തിനിടെ 250 ശതമാനത്തിന്റെ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്.
ഇന്ത്യയില്‍ വരുമ്പോള്‍ കേവലം 100 വില്‍പനക്കാരുമായാണ് ആമസോണ്‍ ബിസിനസ് ആരംഭിക്കുന്നത്. എന്നാല്‍ മൂന്നു വര്‍ഷം പിന്നിടുമ്പോള്‍ ഏകദേശം 85,000 വില്‍പനക്കാര്‍ ആമസോണിനു കീഴിലുണ്ടെന്ന് കമ്പനി വക്താവ് പറഞ്ഞു. നിലവില്‍ 90,000 ഉല്‍പ്പന്നങ്ങള്‍ ആമസോണ്‍ ഇന്ത്യയിലുണ്ട്.
ആമസോണിനു പുറമെ ഫ്‌ളിപ്കാര്‍ട്ട്, സ്‌നാപ്ഡീല്‍ എന്നീ കമ്പനികളും ഓണ്‍ലൈന്‍ വിപണിയില്‍ സജീവമാണ്. മിക്ക കമ്പനികളുടെയും ഏറ്റവും വലിയ ഉല്‍പ്പന്നം സ്മാര്‍ട്ട്‌ഫോണ്‍ തന്നെയാണ്. മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, ടാബ്ലെറ്റുകള്‍, ഇലക്ട്രോണിക് ഡിവൈസുകള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍ എന്നിവയ്ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍.
കൂടുതല്‍ ഓഫറുകള്‍ നല്‍കിയാണ് മിക്ക കമ്പനികളും വിപണിയില്‍ പിടിച്ചുനിലക്കുന്നത്. അതേസമയം, വിതരണ ചെലവുകള്‍ കൂടിയതോടെ കമ്മീഷന്‍ തുകയും ചില കമ്പനികള്‍ ഉയര്‍ത്തി. ആമസോണ്‍ ഇന്ത്യ 3 ബില്യന്‍ ഡോളറാണ് രാജ്യത്ത് നിക്ഷേപിക്കാന്‍ പോകുന്നത്. ഇതോടെ കമ്പനിയുടെ മൊത്തം നിക്ഷേപം അഞ്ച് കോടിയാകും.