|

ആമസോണ്‍ കാട്ടുതീ അണയ്ക്കാന്‍ ബ്രസീല്‍ സൈന്യത്തെ അയച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പോര്‍ട്ട് വെല്‍ഹോ: കടുത്ത അന്താരാഷ്ട്ര പ്രതിഷേധത്തിനൊടുവില്‍ ആമസോണ്‍ കാടുകളിലെ തീ അണയ്ക്കാന്‍ സൈന്യത്തെ അയക്കാന്‍ പ്രസിഡന്റ് ജൈര്‍ ബോല്‍സൊനാരോയുടെ ഉത്തരവ്. മഴക്കാടുകളുടെ സംരക്ഷണമാണ് ബ്രസീലിന്റെ സാമ്പത്തിക മുന്നേറ്റത്തിന് തടസ്സം സൃഷ്ടിക്കുന്നതെന്ന് അഭിപ്രായപ്പെട്ടയാളാണ് ബോല്‍സൊനാരോ.

തീ അണക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ബ്രസീലുമായുള്ള സാമ്പത്തിക കരാറുകളില്‍ നിന്ന് പിന്മാറുമെന്ന് ലോക രാജ്യങ്ങള്‍ ഭീഷണി മുഴക്കിയിരുന്നു. ബ്രസീലുമായുള്ള വ്യാപാരക്കരാര്‍ അവസാനിപ്പിക്കുമെന്ന് ഫ്രാന്‍സും ബ്രസീലിയന്‍ ബീഫിന്റെ ഇറക്കുമതി നിര്‍ത്തലാക്കാന്‍ യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെടുമെന്ന് ഫിന്‍ലാന്‍ഡും പറഞ്ഞിരുന്നു.

ആദ്യ ഘട്ടത്തില്‍ 700 അംഗ സൈന്യമാണ് ആമസോണിലേക്ക് പോവുകയെന്ന് ബ്രസീല്‍ പ്രതിരോധ മന്ത്രി പറഞ്ഞിരുന്നു.

ആമസോണ്‍ വനാന്തരങ്ങളുടെ 60 ശതമാനവും സ്ഥിതി ചെയ്യുന്നത് ബ്രസീലിലാണ്. നിലവില്‍ മറ്റു ആമസോണ്‍ രാജ്യങ്ങളായ ബൊളീവിയയിലും പാരഗ്വായിലും കാട്ടുതീയെ നേരിടാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ബൊളീവിയയില്‍ മാത്രം 7500 ല്‍ കൂടുതല്‍ സ്‌ക്വയര്‍ കിലോമീറ്റര്‍ പ്രദേശത്താണ് ആമസോണ്‍ കാട്ടുതീ പടര്‍ന്നിരിക്കുന്നത്. 76000 ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ കഴിയുന്ന എ.ബ് 747-400 സൂപ്പര്‍ ടാങ്കര്‍ വിമാനമുപയോഗിച്ചും ബൊളീവിയയില്‍ തീയണക്കുന്നുണ്ട്.