ഹിന്ദുദൈവങ്ങളുടെ ചിത്രം പതിച്ച ടോയ്‌ലറ്റ്സീറ്റുകളും ഷൂസുകളും, ആമസോണിനെതിരേ ബോയ്ക്കോട്ട് ക്യാമ്പയിന്
ന്യൂദല്‍ഹി:ആമസോണില്‍ വില്പനയ്ക്കു വെച്ച ഷൂവിലും ടോയ്‌ലറ്റ് സീറ്റിലും ഹിന്ദു ദൈവങ്ങളുടെ പടം ഉപയോഗിച്ചത് സോഷ്യല്‍ മീഡിയയില്‍ വിവാദമാകുന്നു. ആമസോണിനെതിരെ സോഷ്യല്‍ മീഡിയയില്‍ ബോയ്‌ക്കോട്ട് ക്യാമ്പയിനിങും തുടങ്ങി. ബോയ്‌ക്കോട്ട് ആമസോണ്‍ ഹാഷ് ടാഗോടെയാണ് വിഷയം ട്വിറ്ററില്‍ ചര്‍ച്ചയാവുന്നത്. റോയിട്ടേഴ്സ് ആണ് വാര്‍ത്ത പുറത്ത് വിട്ടത്.
ആയിരക്കണക്കിന് ട്വിറ്റര്‍ ഉപയോക്താക്കളാണ് ബോയ്ക്കോട്ട് ക്യാമ്പയിന് പങ്കെടുത്തിരിക്കുന്നത്. ചിലര്‍ വിദേശകാര്യമന്ത്രി സുഷമസ്വരാജിനെ ടാഗ് ചെയ്തും വിഷയം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ടും പ്രതിഷേധിക്കുന്നുണ്ട്.
എന്നാല്‍ ആമസോണ്‍ ഇതുവരെയും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
2017ല്‍ ഇന്ത്യന്‍ പതാകയുടെ ചിത്രം പതിച്ച ചവിട്ടി ആമസോണിന്റെ ഓണ്‍ലൈനില്‍ വില്‍പനയ്ക്കു വെച്ചത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.
അന്ന് സുഷമ സ്വരാജ് വിഷയത്തില്‍ ഇടപെടുകയായിരുന്നു. ഇത്തരം ഉല്‍പ്പന്നങ്ങള്‍ പിന്‍വലിച്ച് ആമസോണ്‍ മാപ്പ് പറയണമെന്നാവശ്യപ്പെടുകയായിരുന്നു. ആമസോണ്‍ മാപ്പ് പറഞ്ഞതിനെ തുടര്‍ന്നാണ് അന്ന് ബോയ്ക്കോട്ട് കാമ്പയിന്‍ അവസാനിച്ചത്.
ടോയ്‌ലറ്റ് സീറ്റ് , യോഗ പായകള്‍, ഷൂസ്, ഹിന്ദു ദൈവങ്ങളെ ചിത്രീകരിക്കുന്ന മറ്റ് വസ്തുക്കള്‍, തുടങ്ങിയ നിരവധി ഉല്‍പ്പന്നങ്ങള്‍ വെബ്‌സൈറ്റില്‍ ഉണ്ടെന്ന് റോയിട്ടേഴ്‌സില്‍ കണ്ടെത്തി
എന്നാല്‍ ഇതിനോടകം തന്നെ ചില ഉത്പന്നങ്ങള്‍ സൈറ്റില്‍ നിന്ന് പിന്‍വലിക്കപ്പെട്ടിട്ടുണ്ട്.