മൊജാവ്: ഭൂമി പരന്നതാണെന്ന് വിശ്വസിക്കുന്നവര്‍ ഇപ്പോഴുമുണ്ട്. വിശ്വാസം മാത്രമല്ല, അവരുടേതായ തെളിവുകളും സ്വന്തം വിശ്വാസത്തിന് അവര്‍ മുന്നോട്ട് വെക്കുന്നുണ്ട്. എന്നാല്‍ ഒരു പടികൂടി കടന്ന് ഭൂമി പരന്നതാണെന്ന് തെളിയിക്കാന്‍ സ്വന്തമായി നിര്‍മ്മിച്ച റോക്കറ്റില്‍ പറന്നിറങ്ങിയിരിക്കുകയാണ് അമേരിക്കക്കാരനായ മൈക്ക് ഹ്യൂസ്.
മൊജാവ് മരുഭൂമിയില്‍ വച്ച് നടത്തിയ പറക്കല്‍ ദൗത്യത്തില്‍ 1875 അടി ഉയരത്തിലേക്കാണ് ഹ്യൂസ് പറന്നുയര്‍ന്നത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു പറക്കല്‍. ഹ്യൂസ് തന്നെ സ്വന്തമായി നിര്‍മ്മിച്ച ആവി റോക്കറ്റിലായിരുന്നു ദൗത്യം. മണിക്കൂറില്‍ 350 മൈല്‍ വേഗത നേടാനായെന്ന് ഹ്യൂസ് അവകാശപ്പെട്ടു.
മുകളിലേക്കുള്ള യാത്രയില്‍ പ്രശ്‌നങ്ങളൊന്നുമുണ്ടായില്ലെങ്കിലും ലാന്‍ഡിംഗിലെ ചില പ്രശ്‌നങ്ങള്‍ കാരണം നടുവിന് ചെറിയ പരിക്കേറ്റ ഹ്യൂസ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇപ്പോള്‍ കുഴപ്പമില്ലെന്നും തന്റെ കണ്ടെത്തലുകള്‍ അടങ്ങിയ ഡോക്യുമെന്ററി ആഗസ്റ്റില്‍ പുറത്ത് വിടുമെന്നും ഹ്യൂസ് അറിയിച്ചു.
ഭൂമിയുടെ ആകൃതിയെപ്പറ്റി സ്‌കൂളില്‍ പഠിച്ചതൊക്കെ ഇനി തിരുത്തിയെഴുതേണ്ടി വരുമെന്നാണ് ഹ്യൂസിന്റെ അവകാശവാദം. ഭൂമി ഉരുണ്ടതാണെന്ന വാദം നുണയാണെന്നും യഥാര്‍ത്ഥത്തില്‍ ഭൂമി പരന്നതാണെന്നുമാണ് ഹ്യൂസിന്റെ വാദം.
നാസയ്ക്ക് വേണ്ടി അഭിനയിച്ച നടന്മാര്‍ മാത്രമാണ് നീല്‍ ആംസ്‌ട്രോങും ജോണ്‍ ഗ്ലെന്നും എന്നും കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സിന്റെ മുന്നില്‍ നടത്തിയ അഭിനയമാണ് ബഹിരാകാശ യാത്രയെന്നും തെളിയിക്കാനുള്ള ശ്രമത്തിലാണ് ഹ്യൂസ്.
ഇതിന് മുമ്പ് 2012ലും 2014ലും ഹ്യൂസ് റോക്കറ്റ് ഉണ്ടാക്കി പറത്തിയിട്ടുണ്ട്. ഫ്‌ളാറ്റ് എര്‍ത്ത് കമ്മ്യൂണിറ്റിയാണ് ഹ്യൂസിന്റെ പരീക്ഷണങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത്.